Untitled design - 1

TOPICS COVERED

2025ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ റാവത്ഭട്ട സ്വദേശിയായ അനുജ് അഗ്നിഹോത്രിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ആദ്യ 150 റാങ്കിൽ ആറ് മലയാളികൾ ഇടംപിടിച്ചു. അൻപത്തിയേഴാം റാങ്ക് നേടിയ ജെ.എസ്.ശ്രീജയാണ് മലയാളികളിൽ ഒന്നാമത് എത്തിയത്. 

ജോധ്പൂർ എയിംസിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് അനുജ് അഗ്നിഹോത്രി സിവിൽ സർവീസിൽ ടോപ് റാങ്ക് നേടിയത്. പട്ടികയിൽ രാജേശ്വരി സുവേ എം. രണ്ടാം റാങ്കും ആകാൻഷ് ധുൾ മൂന്നാം റാങ്കും നേടി. ആദ്യ പത്ത് റാങ്കുകളിൽ രാഘവ് ജുൻജുൻവാല, ഈശാൻ ഭട്നാഗർ, സിന്നിയ അറോറ  എന്നിവരും ഉൾപ്പെടുന്നു. മലയാളികളിൽ ജെ.എസ്.ശ്രീജ 57 ാം റാങ്കും ആദിത്യ നാരായണൻ 68ാം റാങ്കും നേടി. ബി.ഗോപികയ്ക്കാണ് 105ാം റാങ്ക്. 109 ാം റാങ്ക് അജയ് രാജും 129ാം റാങ്ക് വിനീത് ലോഹിതാക്ഷനും നേടി. വി.സി.ശ്രീലക്ഷ്മിക്കാണ് 133ാം റാങ്ക്. 

നിതിൻ പ്രദീപ് 172, എസ്.പാർവതി 218, ബി.അഞ്ജന 222, സിദ്ധാർഥ് എം.ജോയ് 271 ാം റാങ്കും നേടി. എ.എസ്.അനുഷ. അമൽ കംപിയിൽ, പത്മജ സുരേഷ്, ആര്യ വാമനൻ, അബ്ദുൽ സൂഫിയാൻ, അജിന ജോസ്, കാവ്യകൃഷ്ണ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള സർവീസുകളിലേക്ക് ആകെ 958 പേരെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ജനറൽ വിഭാഗത്തിൽനിന്ന് 317 പേരും ഒബിസി വിഭാഗത്തിൽനിന്ന് 306 പേരും പട്ടികയിലുണ്ട്. 

ഇല്ലായ്മകളുടെ നടുവിലും പഠനത്തിന് കുറവുകൾ വരുത്താതെ മാതാപിതാക്കൾ നൽകിയ പിന്തുണയും പ്രചോദനവും ആണ് സിവിൽ സർവീസസ് പരീക്ഷയിലെ 57 റാങ്കിലേക്ക് അടുപ്പിച്ചതെന്ന് ജെ.എസ് ശ്രീജ മനോരമ ന്യൂസിനോട് പറഞ്ഞു. കൂലിപ്പണിക്കാരനായ ജയകുമാറിന്റേയും എം എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ശ്രീജ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം എ പാസായ ശ്രീജ ആദ്യ അവസരത്തിൽ തന്നെയാണ് സുവർണ്ണ നേട്ടം കൊയ്തത്. വെല്ലുവിളികള്‍ മറികടന്നാണ് കോഴിക്കോട് സ്വദേശി അജയ് രാജിന്റെ 109ാം റാങ്ക് നേട്ടം

പൂരത്തിന്റെ നാട്ടിലും ഇത്തവണ സിവിൽ സർവീസിൽ വിജയതിളക്കം . 149 റാങ്കുകാരിയായ വിഷ്ണു പ്രിയ തൃശൂർ ആറാട്ടുപുഴ സ്വദേശിയാണ്. കലക്ടർമാരെയൊക്കെ സ്നേഹിക്കുന്ന നാട്ടിൽ നിന്ന് വിജയം കൊയ്യാനായതിന്റെ സന്തോഷത്തിലാണ് വിഷ്ണുപ്രിയ

ENGLISH SUMMARY:

Civil services exam result 2025 has been released with Anuj Agnihotri from Rajasthan securing the first rank. Six Malayali candidates have secured positions within the top 150 ranks, showcasing strong performance from Kerala.