സാലറി ചലഞ്ചിൽ 'കരണ്ട്' തിന്നാൻ നോക്കിയ കെഎസ്ഇബിയും ഷോക്കടിച്ച ജീവനക്കാരും

സ്വന്തം ജീവനക്കാര്‍ക്ക് കെഎസ്ഇബി വക ഷോക് ട്രീറ്റ്മെന്‍റ്. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ സാലറി ചലഞ്ച് ഇനത്തില്‍ പിരിച്ച തുക  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതെ കെഎസ്ഇബി മാതൃകയായി. രണ്ടാംവട്ട സാലറി ചലഞ്ച് ആലോചിച്ചിരുന്ന സര്‍ക്കാരിന് ഇലവണ്‍ കെവി ലൈനില്‍നിന്ന് ഷോക്കേറ്റ അവസ്ഥയാണ് വന്നു ചേര്‍ന്നത്. സ്വിച്ചിട്ടാല്‍ ലൈറ്റുകത്തുന്ന അത്ര സിംപിളായി കോടികളുടെ തുക കൈമാറാനാകില്ല എന്നതാണ് കെഎസ്ഇബി അനുഭവിച്ചറിഞ്ഞ വെല്ലുവിളി. തിരിമറി പുറത്തറിഞ്ഞതോടെ ലോഡ്ഷെഡിങ് സമയത്തെ വീടുപോലെ ദുഖിതരാണ് വൈദ്യുതി വകുപ്പ്

ബില്ലടച്ചില്ലെങ്കില്‍ കൃത്യമായി ഫ്യൂസൂരാന്‍ കാണിക്കുന്ന വ്യഗ്രത എല്ലായിപ്പോളും കാണിക്കാന്‍ കഴിയാത്തത് കെഎസ്ഇബിയുടെ പോരായ്മയായി കാണരുത്. ഇടക്കൊക്കെ വോള്‍ട്ടേജ് കുറയുന്നതും ലൈന്‍ തകരാറാകുന്നതുംമൂലം പരിപാടിയില്‍ തടസം നേരിട്ടതാണെന്ന് കരുതിയാല്‍ മതി. 

ശരിക്കുള്ള കേരള മാണി കോണ്‍ഗ്രസിനെ എങ്ങനെ തിരിച്ചറിയാം എന്ന ആശങ്കയിലാണ് പാലാ കടുത്തുരുത്തി കാഞ്ഞിരപ്പള്ളി  നിവാസികള്‍. അവരവരുടെ സൗകര്യത്തിന് തിരുത്താവുന്ന ഭരണഘടനയും പേറി ജോസ് കെ മാണിയും പിജെ ജോസഫും പരസ്പരം പോരടിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വളരും തോറും പിളരുമെന്ന പഴയ തത്വം ഇനി കേരള കോണ്‍ഗ്രസില്‍ പ്രാവര്‍ത്തികമാകാനുള്ള സാധ്യതയും മങ്ങുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പരസ്പരം പടവെട്ടി ഒടുങ്ങാന്‍ മല്‍സരിക്കുകയാണ് ജോസ്- ജോസഫ് പക്ഷങ്ങള്‍. കസേരയില്‍നിന്ന എഴുന്നേറ്റാല്‍ മറുപക്ഷം ചാടിവീണ് ഇരിപ്പടം തട്ടിയെടുക്കുന്ന സീനാണ് നടക്കുന്നത്. അണികള്‍ അധികമില്ല എന്നതാണ് ആശ്വാസം.   കണ്‍ഫ്യൂഷന്‍ കുറവുണ്ട്.