പലരുടേയും കുടിവെള്ളം മുട്ടിച്ച് ആ പ്രഖ്യാപനം

അങ്ങനെ വെള്ളപ്പൊക്ക സമയത്ത് വെള്ളമുണ്ടാക്കാന്‍ കൊടുത്ത അനുമതി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ റദ്ദാക്കി. 

കോളറക്കാലത്തെ പ്രണയം എന്നൊക്കെ കേട്ടും വായിച്ചും പരിചയിച്ചവര്‍ക്കുമുന്നില്‍ കലാപരമായി ഇടതുസര്‍ക്കാര്‍ ഒരുക്കിയ കാവ്യമായിരുന്നു പ്രളയകാലത്തെ ബ്രൂവറി.  പ്രകടനപത്രിക ഉണ്ടാക്കിയ കാലത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും സംസ്ഥാനത്തു തുടങ്ങണം എന്ന് എല്‍ഡിഎഫിന് തോന്നിയിരുന്നില്ല. അല്ലങ്കില്‍ അന്ന് അതിനുള്ള സാഹചര്യമായിരുന്നില്ല. ബാര്‍ ബാര്‍ ദേഖോ മാണിബാര്‍ ദേഖോ എന്നതായിരുന്നല്ലോ ആ സമയത്ത് എല്‍ഡിഎഫ് തൊണ്ടപൊട്ടി പാടിയ പ്രചാരണ ഗാനം. അപ്പോ പിന്നെ എങ്ങനെ ഈ നുരയുന്ന ആശയം പ്രാവര്‍ത്തികമാക്കും. ഉപദേശിയായി ഒരു ജയരാജനും വ്യവസായം കച്ചവടം എന്നീ വകുപ്പുകള്‍ക്ക് മറ്റൊരു ജയരാജനുമുള്ളപ്പോള്‍ സിംപിളാണ് കാര്യങ്ങള്‍. മൂന്ന് ബ്രീവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചുകൊണ്ട് ഒരു ടീസര്‍ പുറത്തിറക്കി. പാവം ചെന്നിത്തല, ആ ചൂണ്ടയില്‍ ആത്മാര്‍ത്ഥമായി ചാടി കൊത്തി. സംഗതി വിവാദമായി. കോലിയക്കോടന്‍റെ എസ്എസ്എല്‍സി ബുക്കിന്‍റെ കഥവരെ നാട്ടാരറിയുകയും ചെയ്തു.

പറഞ്ഞുവന്നത് ആ ‍ടീസറിനെപ്പറ്റിയാണ്. 1999 ല്‍ നിര്‍ത്തിവച്ച ഇടപാടായിരുന്നു. വലിയൊരു ഗ്യാപ്പ്. ആ ഗ്യാപ്പാണ് ചെന്നിത്തല ആയുധമാക്കിയതും. ഇപ്പോള്‍ ഇതാ ആ വിടവ് നികത്തപ്പെട്ടു. ചട്ടങ്ങള്‍ പാലിച്ച് അപേക്ഷനല്‍കുന്നവരിലെ അര്‍ഹരായവര്‍ക്ക് ഡിസ്റ്റ്ലറികളും ബിയര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നൈസായി അങ്ങ് പ്രഖ്യാപിച്ചു. എന്നുവച്ചാല്‍ പ്രകടനപത്രികയില്‍ പറയാത്ത ഒരു മദ്യനയം സര്‍ക്കാര്‍ വെറൈറ്റിയായി അങ്ങ് അവതരിപ്പിച്ചു. നാലെണ്ണത്തിന് അനുമതി കൊടുത്ത നടപടി റദ്ദാക്കിയെന്ന പരസ്യപ്രഖ്യാപനവും ഇനി അസംഖ്യം എണ്ണങ്ങള്‍ തുടങ്ങുമെന്ന രഹസ്യ പ്രഖ്യാപനവും. രമേശ് ചെന്നിത്തലക്ക് തല്‍ക്കാലം തുള്ളിച്ചാടാം. പക്ഷേ ചാടുമ്പോള്‍ ആ കത്തിന്‍റെ കാര്യം മറക്കരുത്. നാട്ടില്‍ ആവശ്യമുള്ള മദ്യം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കണം എന്നുകാട്ടി മുഖ്യന് നല്‍കിയില്ലേ. അത്. കത്ത് ഏതുസമയവും തിരിച്ചു കുത്താം

പിണറായിയുടെ ശരീരഭാഷകാണാന്‍ നല്ല രസമായിരുന്നു. തോല്‍വി സമ്മതിക്കുമ്പോളും രമേശിന് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ല താന്‍ എന്ന് വെളിവാക്കുന്ന വളരെ അപൂര്‍വമായ ഒരു ആകാരഭംഗി. ഡാവിഞ്ചിയുടെ മൊണോലിസ കേട്ടിട്ടില്ലേ. ഭാവം എന്തെന്ന് പിടിതരാത്ത ആ സൃഷ്ടിപോലെ പിണറായിയും വേറിട്ടുനിന്നു. പക്ഷേ മുഖ്യന്‍ ഇറക്കിയ കാര്‍ഡ് തുറുപ്പുഗുലാന്‍തന്നെ. നിലവിലെ സാഹചര്യത്തില്‍ പ്രളയം പ്രളയ ദുരിതാശ്വാസം സമത്വം സാഹോദര്യം എന്നിവക്ക് കളത്തില്‍ നല്ല മാര്‍ക്കറ്റാണെന്ന് പരസ്യ കമ്പനികള്‍ വരെ തിരിച്ചറിഞ്ഞ് പയറ്റിത്തുടങ്ങിയിട്ടുണ്ട്. പിന്നല്ലേ ഉപദേശകരുടെ എണ്ണത്തില്‍ റക്കോഡുകള്‍ തീര്‍ത്ത നമ്മുടെ മുഖ്യന്‍. 

രമേശന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. എന്തായാലും ചൂണ്ടയില്‍ ചെറിയ കൊത്ത് കിട്ടി. തന്‍റെ വലയിലും ഇരവീഴും എന്നറിഞ്ഞാല്‍ പിന്നെ വീശാന്‍ ഒരു ആവേശമാണ്. പ്രത്യേകിച്ച് ആലപ്പുഴ ജില്ലക്കാര്‍ക്ക്. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതാവ് വീണ്ടും വഞ്ചിയിറക്കുകയാണ്. സംഹതി വെള്ളമാണല്ലോ വിഷയം. വഞ്ചിയാകുമ്പോ ഇങ്ങനെ പൊങ്ങിക്കിടക്കും. ഓളത്തിനനുസരിച്ച്

ബ്രൂവറി ഡിസ്റ്റിലറി അനുമതികളില്‍ തെല്ലും കുറ്റങ്ങളോ കുറവുകളോ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യന്‍റെ പറച്ചില്‍. അടുത്ത വര്‍ഷത്തെ സത്യസന്ധതക്കുള്ള നോബേല്‍ പ്രൈസിന് തന്‍റെ പേരാണോ ടിപി രാമകൃഷ്ണന്‍റെ പേരാണോ അയക്കേണ്ടത് എന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കംവരെ ഉണ്ടായെന്നാണ് മുഖ്യന്‍ കാച്ചുന്നത്. എങ്കിലും പിഴവുകളില്ലാത്ത ആ ഉത്തരവ് റദ്ദാക്കി. അതാണ് അല്‍ഭുതം. പക്ഷേ വ്യാജ രേഖകള്‍ ചമച്ച് ജോലിക്കുകയറിയ കോലിയക്കോടിന്‍റെ മകന്‍റെ കാര്യം എന്താകുമെന്ന് മുഖ്യന്‍ പറഞ്ഞില്ല. തത്വത്തില്‍ അനുമതി കിട്ടിയ കമ്പനികള്‍ ഇനി നിയമ പോരാട്ടം നടത്തുമോ, നടത്താന്‍ സാധ്യതയുണ്ട്. കോടതി വിധി അപ്പാടെ അനുസരിക്കുന്നവരാണ് തങ്ങളെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ച്

രണ്ടുപ്രതിപക്ഷ സ്വരങ്ങള്‍ ഒന്നിച്ച് ഉയരേണ്ട എന്നുകരുതിയാണെന്നു തോന്നുന്നു കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ വലിയ പെര്‍ഫോമന്‍സ് പുറത്തെടുത്തിരുന്നില്ല. ഉത്തരവ് റദ്ദാക്കിയ മുഖ്യന്‍റെ വിശദീകരണം വെള്ളം തൊടാതെ വിഴുങ്ങിയ കേരളത്തിലെ ഏക വ്യക്തി എന്ന നേട്ടവും ഇന്ന് കാനം രാജേന്ദ്രന്‍ സ്വന്തമാക്കി.

കല്ലും മുള്ളും കാലുക്ക് മെത്തൈ എന്നൊക്കെ കാലങ്ങളായി പാടുന്നവരാണ് മലയാളികള്‍. പക്ഷേ ഇപ്പോളാണ് ആ വരികളുടെ അര്‍ഥം ശരിക്കും പലരും മനസിലാക്കി തുടങ്ങിയത്. ശബരിമല വിധി ആരാണ് പുറപ്പെടുവിച്ചത് എന്ന സത്യം തല്‍ക്കാലം മറക്കാം എന്നാണ് ബിജെപി പറയുന്നത്. മലകയറുകയല്ല മറിച്ച് പിണറായിയെ ഇറക്കുകയാണ് അജണ്ടയെന്ന് പ്രഖ്യാപിച്ചുള്ള ഘോഷയാത്രകള്‍ക്ക് സംഖപരിവാരങ്ങള്‍ നേതൃത്വം നല്‍കി. കോടതി വിധിക്കെതിര നിലപാടെടുത്തവരെക്കൂടി വെറുപ്പിക്കുന്ന പ്രകടനമാണ് ബിജെപി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ലേറ്റായി വന്താലും ലേറ്റസ്റ്റാ വരും എന്ന് തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന‍്‍ കളത്തിലിറങ്ങിയിട്ടുണ്ട്. അതുകൊണ്ട് വരും ദിവസങ്ങളില്‍ പല ഡയലോഗുകളും നമുക്ക് കേള്‍ക്കേണ്ടി വന്നേക്കാം. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളില്‍ ലോ പോയിന്‍റെ് അറിയുന്നവര്‍ കുറവാണ്. കോടതി വ്യവഹാരങ്ങളില്‍ ജീവിക്കുന്ന പിഎസ് ശ്രീധരന്‍ പിള്ള മാത്രമാണ് ഇതിനൊരു അപവാദം. പക്ഷേ ശബരിമല സംബന്ധിച്ച് വന്ന വിധി തെല്ലും മനസിലായിട്ടില്ലാത്തതും ഈ വക്കീലിനുതന്നെ എന്നതാണ് രസകരമായ കാര്യം.

കോടതി വിധി നടപ്പാക്കുന്നതില്‍ ചര്‍ച്ച വേണമെന്ന് വിവിധ സംഘടനകളും രാജകുടുംബവും നിലപാടെടുത്തു. അപ്പോ സര്‍ക്കാര്‍ വിധി നടത്തിപ്പിന്‍റെ രീതികള്‍ വിശദീകരിച്ചു. പിന്നെ ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍ വന്നപ്പോ അതാ രാജകുടുംബവും സംഘടനകളും പുറകോട്ട്. ശബരിമല കയറ്റം അല്ലെങ്കിലും  കഠിനം തന്നെയെന്ന് ആര്‍ക്കാണ് അറിയാത്തത്.

‌‌