ഒരു സിനിമാക്കാരൻ

ഇനി രാഷ്ട്രീയക്കാരുടെ പ്രകടനം അല്‍പം കുറയും. സ്കൂള്‍ കലോല്‍‍സവം വരുമ്പോള്‍ മലയാളി സന്തോഷിക്കാന്‍ ഇതും ഒരു കാരണമാണ്. എങ്കിലും തങ്ങളുടെ കലാപരമായ സകലകഴിവുകളും പുറത്തെടുത്ത് ഓര്‍മകളൊക്കെ പങ്കുവച്ച് ചിലരെങ്കിലും ഈ സമയത്തും സജീവമാകും. തൃശൂരില്‍ കലോ‍ല്‍സവം നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്താണ്. ആദ്യദിനം ആദ്യഷോ കാണുന്ന സിനിമാപ്രേമിയായി മാറി പെട്ടെന്ന് പിണറായി. സിനിമയുടെ പേരില്‍ വല്ല സഖാവെന്നോ മറ്റൊ കണ്ടാല്‍ മതി. ഇല്ലെങ്കില്‍ പോസ്റ്ററില്‍ വല്ല ചുവപ്പുനിറമോ മറ്റോ കണ്ടാല്‍ പിണറായി ഓടി നേരെ തിയറ്ററില്‍ കയറിക്കളയും. 

പിണറായി പിണറായി എന്ന് കുത്തിനിറച്ച ഡയലോഗുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. മുഖ്യമന്ത്രിയെ പുകഴ്ത്തി മംഗലാപുരം മോഡല്‍ പ്രസംഗം തന്നെയുണ്ട് ചില രംഗങ്ങളില്‍. കോരിത്തരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒന്നുരണ്ടുകല്ലുകടി അനുഭവപ്പെട്ടത്. അതില്‍ പ്രധാനം പി.ജയരാജന്റെ മുഖം സിനിമയില്‍ കാണിച്ചതാണ്. അല്ലെങ്കില്‍തന്നെ ഓവര്‍ ആക്ടിങ്ങിന്റെ പേരില്‍ പാര്‍ട്ടി ജയരാജനെ ചീത്തപറഞ്ഞിട്ട് അധികനാളായിട്ടില്ല. അപ്പോഴാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. അതുകണ്ടതോടെ സിനിമ ക്ലീഷേയാണെന്ന് പിണറായി നിരൂപണവും എഴുതി. 

പക്ഷെ, ഉമ്മന്‍ ചാണ്ടിക്ക് സിനിമയോടല്ല പാട്ടോടാണ് ഇഷ്ടം. അതും തന്നെ കുറിച്ച് പുകഴ്ത്തിപ്പാടുന്നതാണെങ്കില്‍ കൂടുതല്‍ ഇഷ്ടം തോന്നും. കഴി​ഞ്ഞ അ​ഞ്ചുവര്‍ഷക്കാലം ഉല്‍സവമാക്കിയ ആളാണ് ഉമ്മന്‍ചാണ്ടി. എങ്കിലും ഇത്തവണത്തെ കലോല്‍സത്തിന് ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാലും പങ്കെടുക്കേണ്ട എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. വിധികര്‍ത്താവായിട്ട് വിളിച്ചാല്‍ റെഡി. അതൊരു ജനസമ്പര്‍ക്കപരിപാടിയായിട്ടാണ് അദ്ദേഹത്തിന് തോന്നിയിട്ടുള്ളത്.