അടച്ചിട്ട കേരളത്തിലെ അതിക്രൂരതകള്‍‍; പൂട്ടിയിടേണ്ടത് ആരെ?

ലോക്ഡൗണില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. സത്യമായിരുന്നു ഒരിക്കല്‍. സമ്പൂര്‍ണമായി അടച്ചിടപ്പെട്ട ആദ്യനാളുകളില്‍ ക്രൈം റെക്കോര്‍ഡ്സ് അങ്ങനെ പറഞ്ഞു. പക്ഷെ അതേ ലോക്ഡൗണിലാണ് ഒരാള്‍ ഭാര്യയെ കൊല്ലാന്‍ വിഷപ്പാമ്പിനെ പണംകൊടുത്ത് വാങ്ങിയത്. ഉത്ര എന്ന ഞെട്ടല്‍ തീരുംമുമ്പ് കോട്ടയം താഴത്തങ്ങാടി വന്നു. മദ്യലഹരിയിലെ പല കൊലപാതകങ്ങള്‍ വന്നു. ഇന്ന് കേരളം ഉണരുന്നത് തിരുവനന്തപുരത്ത് നടന്ന അതിക്രൂരമായ ഒന്ന് കേട്ടാണ്. യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളുംചേര്‍ന്ന് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു. അതും അ‍ഞ്ചുവയസുകാരന്‍ മകന് മുന്നില്‍വച്ച്.

ക്രിമിനുകളില്‍നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയെ അതുവഴിവന്ന ബൈക്ക്, കാര്‍ യാത്രികരാണ് വീട്ടിലെത്തിച്ചത്, പിന്നീട് പൊലീസില്‍ അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന് യുവതി രാവിലെ നമ്മളോട് പറഞ്ഞു. ഏറ്റവുമൊടുവില്‍ മനസിലാക്കുന്നത് പീഡിപ്പിച്ചവരില്‍ ഒരാളില്‍നിന്ന് യുവതിയുടെ ഭര്‍ത്താവ് പണം വാങ്ങിയിരുന്നു എന്നുകൂടിയാണ്. ഉത്ര മുതല്‍ ഈ യുവതിയില്‍വരെ എത്തിനില്‍ക്കുന്ന സമീപകാല സംഭവങ്ങള്‍ ഈ നാടിനോട് പറയുന്നതെന്താണ്?