കേരളത്തിലും മരണം; കോവിഡ് 19ന് മുന്നില്‍ ഇപ്പോള്‍ നമ്മളെവിടെയാണ്?

രാജ്യം മുഴുവന്‍ അടച്ചിട്ട് ജനം മുഴുവന്‍ എന്തിന് വീട്ടിലിരിക്കുന്നു എന്ന് ഇനിയും മനസിലാകാത്തവര്‍ കേള്‍ക്കുക. ഇന്നലെവരെ കോവിഡെന്നാല്‍ കുറേപ്പേര്‍ക്ക് ബാധിച്ച ഒരു വൈറസ് ബാധ മാത്രമായിരുന്നു. മുഖ്യമന്ത്രി എല്ലാ ദിവസവും വിശദീകരിച്ചത് രോഗം സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും പട്ടിക മാത്രമായിരുന്നു. ഇന്ന് അങ്ങനെയല്ല.  ആ പട്ടികയിലേക്ക് ഒരു പുതിയ കോളം കടന്നുവന്നു. മരണം. കേരളത്തിലും കോവിഡ് ബാധിച്ച് മരണം ഉണ്ടായിരിക്കുന്നു.

ദുബായില്‍നിന്ന് വന്ന കൊച്ചി സ്വദേശിയാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഭാര്യയ്ക്കും നെടുമ്പാശേരിയില്‍നിന്ന് യാത്ര ചെയ്ത കാറിന്റെ ഡ്രൈവറും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. വിമാനത്തില്‍ ഒപ്പം വന്നവരും ഫ്ലാറ്റിലെ താമസക്കാരായ 46 കുടുംബങ്ങളും നിരീക്ഷണത്തില്‍. 

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ധന കണ്ട ദിവസമാണ്. ലോകത്തേക്ക് നോക്കിയാല്‍ മരണസംഖ്യ കുതിച്ചുയര്‍ന്ന് 28000 പിന്നിട്ടു. 24 മണിക്കൂറിനിടെയുണ്ടായത് അമ്പരപ്പിക്കുന്ന തോതിലെ മരണസംഖ്യ. അപ്പോള്‍ കോവിഡ് 19 ന് മുന്നില്‍ ഇപ്പോള്‍ നമ്മളെവിടെയാണ്?