സര്‍ക്കാര്‍ നടപടി കടുപ്പിച്ചേ പറ്റൂ; നമുക്ക് തിരിച്ചറിവ് ഉണ്ടായേ പറ്റൂ

ഒരു സമൂഹത്തിന് എത്ര നിരുത്തരവാദപരമായി ഒരു പൊതുപ്രശ്നത്തോട് പ്രതികരിക്കാം എന്നതിന്‍റെ ഉദാഹരണം കേരളം ഇന്ന് കണ്ടു. കോവിഡ് 19 രോഗം സ്ഥിരീകരിച്ച വിദേശപൗരന്‍ മൂന്നാറില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വിമാനം കയറി. അവസാന നിമിഷം കണ്ടെത്തി ആശുപ്ത്രിയിലാക്കി. പത്താം തിയതി തന്നെ രോഗലക്ഷണങ്ങള്‍ കണ്ട ഇയാള്‍ ഇതിനോടകം  പലയിടങ്ങളിലും സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. 

കോവിഡ് 19 നെ നേരിടാന്‍ ആഗോളതലത്തില്‍ തന്നെ വ്യക്തമായ മാര്‍നിര്‍ദേശങ്ങള്‍ ഉള്ളപ്പോഴാണ് ചില ആളുകള്‍ ഒരു സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത്.  15 ദിവസം നിരീക്ഷണത്തില്‍ കഴിയാനും യാത്രകള്‍ ഒഴിവാക്കാനുമുള്ള നിര്‍ദേശത്തെ ഗൗരവമായി എടുക്കാന്‍ ഇക്കൂട്ടര്‍ തയാറാവുന്നില്ല എന്നതാണ് ഖേദകരം. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികള്‍ കടുപ്പിച്ചേ പറ്റൂ എന്നാണ് എത് സൂചിപ്പിക്കുന്നത്.വിദേശികള്‍ മാത്രമല്ല  നാട്ടുകാരിലും ഈ നിലപാടുള്ളവര്‍ കുറവല്ല. നമ്മുടെ അസഹിഷ്ണുത ഒരു ജനതയെയാകെ മഹാമാരിക്ക് എറിഞ്ഞുകൊടുക്കും എന്ന തിരിച്ചറിവ് ഉണ്ടായേ പറ്റൂ.  സാഹസികത വേണ്ട, സഹകരണമാവാം.