നാടൊന്നാകെ ഒരു വിപത്തിനെ നേരിടുമ്പോൾ നമുക്ക് ജാഗ്രത നഷ്ടപ്പെടുന്നോ?

കോവിഡ് 19 എന്നല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലാത്ത മറ്റൊരു ദിവസമാണ് കടന്നുപോകുന്നത്. കേരളത്തില്‍ രോഗംബാധിച്ചവരുടെ എണ്ണത്തില്‍ മാറ്റമില്ല. 19 തന്നെ. പക്ഷെ നിരീക്ഷണത്തില്‍ എത്രപേര്‍ വരും എന്നതില്‍ കൃത്യമായ ചിത്രമില്ല എന്നതാണ് ഈ ദിവസത്തെ ആശങ്കയിലാക്കുന്ന ഒന്ന്. തിരുവനന്തപുരത്ത് രോഗം ബാധിച്ച ഒരാള്‍ എവിടെയൊക്കെ പോയി എന്ന റൂട്ട് മാപ്പ് പൂര്‍ണമാക്കാനായില്ല. അതിനൊപ്പമാണ് നമ്മുടെ ഭാഗത്തുനിന്നുതന്നെയുള്ള ഗുരുതരമായ അനാസ്ഥ. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മടക്കി അയച്ച പലരും പിന്നെ അന്വേഷിക്കുമ്പോള്‍ വീട്ടിലില്ല. ഉല്‍സവത്തിനുവരെ പോയെന്ന് ആരോഗ്യവകുപ്പിന് ഫോണില്‍ മറുപടി കിട്ടുന്നു. അങ്ങനെ തിരുവനന്തപുരത്ത് ഇന്ന് അല്‍പം ആശങ്കപ്പെടുത്തുന്ന മൈക് അനൗണ്‍സ്മെന്റുവരെ ജനത്തിനായി നല്‍കേണ്ടിവന്നു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് എന്ന്. എന്താണത് വ്യക്തമാക്കുന്നത്. നാടൊന്നാകെ എല്ലാം നിയന്ത്രിച്ച് ഒരു വിപത്തിനെ നേരിടുമ്പോള്‍ നമുക്ക് തന്നെ ജാഗ്രത നഷ്ടപ്പെട്ടുപോകുന്നുണ്ടോ?