കൂത്താമ്പുള്ളിയുടെ കൈത്തറിപ്പെരുമയിലൂടെ..

ഭാരതപ്പുഴയുടെ കരയിലാണ് കുത്താമ്പുള്ളി നെയ്ത്തുഗ്രാമം. തൃശൂര്‍ ... പാലക്കാട് അതിര്‍ത്തിയിലാണ് ഈ ഗ്രാമം. തറികളുടെ താളമാണ് ഈ നാടിന്റെ ഈണം. കർണാടകയിലെ പ്രത്യേക നെയ്‌ത്തു കുലമാണ് ഇവരുടേത്. 400 വർഷം മുൻപ് കൊച്ചി രാജകുടുംബത്തിനു വസ്‌ത്രം നെയ്യാൻ ക്ഷണിച്ചുകൊണ്ടുവന്നതാണ് ഇവരെ. ഇഷ്‌ടമുള്ള സ്‌ഥലം തിരഞ്ഞെടുക്കാന്‍ രാജാവ് പറഞ്ഞു. അങ്ങനെ സുലഭമായി ജലം കിട്ടുന്ന ഭാരതപ്പുഴയുടെ തീരംതന്നെ തിരഞ്ഞെടുത്തു.

തൃശൂർ തിരുവില്വാമലയ്‌ക്കു സമീപമുള്ള കുത്താമ്പുള്ളിയിൽ താമസമാക്കി.  1,200 ദേവാംഗ കുടുംബങ്ങൾ വരെ ഒരുക്കാലത്ത് ഇവിടെയുണ്ടായിരുന്നു. പക്ഷേ, അഞ്ഞൂറോളം കുടുംബങ്ങളേ നെയ്‌ത്തുവേല ചെയ്യുന്നുള്ളൂ. മറ്റുള്ളവർ സാരി വ്യവസായത്തിലാണ്. കന്നടയും തമിഴും മലയാളവും ചേർന്ന ഭാഷയാണ് സംസാരിക്കുന്നത്. നെയ്‌ത്തിന്റെ പ്രതാപകാലത്ത് തമിഴ് കുടുംബങ്ങളും കുത്താമ്പുള്ളിയിൽ ചേക്കേറിയിരുന്നു. ജോലിക്കു തക്ക പ്രതിഫലം ഇല്ലാതായതോടെ ബഹുഭൂരിപക്ഷവും മടങ്ങിപ്പോയി. 

ഇരുപതിനായിരവും നാൽപതിനായിരവുമൊക്കെ വില വരുന്ന കസവുസാരികൾ അയ്യായിരത്തിനും എണ്ണായിരത്തിനുമൊക്കെ വാങ്ങാന്‍ ആളുകള്‍ ഇവിടെയെത്തും. ഓരോ വസ്‌ത്രത്തിനും ഓരോ ഗുണനിലവാരമുള്ള നൂലാണു വേണ്ടത്. 25 മുതൽ 60 വരെ മടങ്ങായി ഇവിടെ നൂലിന്റെ നീളം കൂടുന്നു.

ഡിസൈൻ സാരികളിലാണു കുത്താമ്പുള്ളിക്കു പണ്ടേ പെരുമ. മയിൽ, പൂവ്, കൃഷ്‌ണൻ, ആന, കഥകളി, ഗോപുരം, വീട്... അങ്ങനെ ഏതു ഡിസൈനും അനായാസം കുത്താമ്പുള്ളിക്കു വഴങ്ങും. ഇവയിൽ സർവകാല ഹിറ്റ് ഡിസൈൻ മയിൽ ആണ്. വിദേശത്തുനിന്ന് ഏറ്റവും ഓർഡർ ലഭിക്കുന്നതും ഇതിനുതന്നെ. 

കുത്താമ്പുള്ളിയിലെ കലാകാരന്മാർ ഡിസൈനുകൾ ഗ്രാഫ് പേപ്പറിൽ വരയ്‌ക്കും. ഇത് പഞ്ചിങ് കാർഡായി മാറ്റുന്നു. തറിയിലെ ജക്കാർഡിൽ ഈ കാർഡ് പിടിപ്പിച്ച് അതിന് അനുസൃതമായ നാടകളിലൂടെ കസവു നൂലുകൾ കടത്തിവിട്ടാണ് സാരിയിൽ ഡിസൈൻ നെയ്യുന്നത്. കൂലിക്കുറവും വ്യാജന്മാരുടെ തള്ളിക്കയറ്റവുമാണു കുത്താമ്പുള്ളിയുടെ പ്രതിസന്ധിയെന്നു നെയ്‌ത്തുകാരുടെ സഹകരണ സംഘം പറയും. ഇടനിലക്കാരുടെ ചുഷണത്തിൽനിന്നു രക്ഷപ്പെടാനായി 1972ൽ 90 നെയ്‌ത്തുകാർ ചേർന്നു രൂപീകരിച്ചതാണു സംഘം. സംഘാംഗങ്ങൾക്കു 2,500 തറിവരെ ഉണ്ടായിരുന്ന പ്രതാപകാലം ഓർമയായി. 2002നുശേഷം മറ്റ് മേഖലകളിൽ കൂലി വല്ലാതെ കൂടിയതോടെയാണു പ്രതിസന്ധി തുടങ്ങിയത്. ഇന്ന് വെറും 200 രൂപയേ നെയ്‌ത്തുകാരന് ദിവസക്കൂലി ലഭിക്കുന്നുള്ളൂ. അതും രാവിലെ അഞ്ചു മുതൽ രാത്രി എട്ടുവരെ ജോലി. തറികളുടെ എണ്ണം 150ആയി കുറഞ്ഞു.

ബോണസ് നൽകിയും നൂലും കസവും മുൻകൂർ നൽകിയുമൊക്കെ സംഘം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു. ഏതു വിഷമഘട്ടത്തിലും കളഞ്ഞുപോവാത്ത വിശ്വാസ്യതയാണു സംഘത്തിന്റെ കൈമുതൽ. കുത്താമ്പുള്ളിയുടെ പ്രധാന ഉത്‌പന്നങ്ങളായ കസവു സാരി, സെറ്റ് മുണ്ട്, കസവു മുണ്ട് എന്നിവയാണു സംഘം വിപണനം ചെയ്യുന്നത്. കുത്താമ്പുള്ളിയിലെ മറ്റു കടകളിൽ കാൽ ലക്ഷം വില വരുന്ന ഇനങ്ങളുണ്ട്. ഇവ നഗരങ്ങളിലെ ശീതീകരിച്ച ഷോറൂമുകളിൽനിന്നു വാങ്ങുമ്പോൾ വില കൂടും. കസവു സാരി ഒരു ദിവസംകൊണ്ടു നെയ്യും. ഡിസൈൻ സാരിക്കു മൂന്നു ദിവസം. മുണ്ട് ദിവസം രണ്ടെണ്ണം. എതു നെയ്‌താലും നെയ്‌ത്തുകാരന് 200 രൂപയിൽ കൂടുതൽ കൊടുത്താൽ മുതലാവില്ല. 

കസവുള്ള ഒരു സെറ്റ് മുണ്ട് കൊടുത്താൽ 780 രൂപ കടക്കാർ നൽകും. ചെലവും കൂലിയും കഴിഞ്ഞു ലാഭം നൂറു രൂപ. എന്നാൽ ഇതു കടക്കാർ വിൽക്കുന്നത് രണ്ടായിരത്തിനും മൂവായിരത്തിനും. കുത്താമ്പുള്ളിയിൽ മുപ്പതോളം സ്‌ത്രീനെയ്‌ത്തുകാരുണ്ട്. തുച്‌ഛമായ വേതനവും ജോലിയുടെ ക്ലേശവും മൂലം ചെറുപ്പക്കാർ ഉൽപാദന മേഖലയിലേക്കു തിരിഞ്ഞുനോക്കുന്നില്ല. അവരൊക്കെ വിൽപനക്കാരാവുന്നു. അല്ലെങ്കിൽ പാലക്കാട്ടേക്കോ തൃശൂരിലേക്കോ പോകുന്നു. 

തറി സ്‌ഥാപിക്കാനുള്ള ചെലവ് അയ്യായിരത്തിൽനിന്ന് ഏതാനും വർഷംകൊണ്ട് 40,000ലേക്ക് ഉയർന്നു. നാലു വർഷത്തിനിടെ ഒരു തറി പോലും പുതിയതായി ഉണ്ടായില്ല. നെയ്‌ത വസ്‌ത്രങ്ങളുടെ അഴകൊന്നും നെയ്‌ത്തുകാരന്റെ ജീവിതത്തിനില്ല. എന്നിരുന്നാലും, കൈത്തറി വസ്ത്രങ്ങളുടെ പെരുമ ഇനിയും ബാക്കി.