സ്റ്റാര്‍ട്ട് അപ്പ് സ്വപ്നത്തിലൂടെ ശ്രീരാമന്‍ കീഴടക്കിയത് റിലയന്‍സിനെയും ഗൂഗിളിനെയും

സ്റ്റാര്‍ട്ട് അപ്പ് എന്ന സ്വന്തം സ്വപ്നത്തിലൂടെ ശ്രീരാമന്‍ എന്ന തിരുവനന്തപുരം സ്വദേശി കീഴടക്കിയത് ചില്ലറക്കാരെയല്ല. റിലയന്‍സിനെയും ഗൂഗിളിനെയും പോലെയുള്ള വമ്പന്‍ കമ്പനികളെയാണ്. ഫൈന്‍ഡ് എന്ന ഇ കോമേഴ്സ് സ്റ്റാര്‍ട്ടപ്പിന്റെ 87.6 ശതമാനം ഓഹരിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങി.

എന്‍ജിനീയറിങ് പഠനത്തിന് ശേഷം ഐഐടി ബോംബെയില്‍ പഠിക്കവെയാണ് തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ ശ്രീരാമന്റെ മനസില്‍ സ്വന്തമായി ഒരു സ്റ്റാര്‍ട് അപ്പ് എന്ന ആശയം പൂവിടുന്നത്. പഠനമുപേക്ഷിച്ച് തന്റെ സ്വപ്നങ്ങളുമായി യാത്ര തുടര്‍ന്നു. അന്ന് അച്ഛനും, അമ്മയും, കൂട്ടുകാരും ആ തീരുമാനത്തോട് നൂറ് ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ശ്രീരാമന്റെ കൈയിലുണ്ട്. അന്നെടുത്ത വിചിത്ര തീരുമാനത്തിന്റെ മൂല്യം ഇന്ന് 395 കോടി രൂപയാണ്. 

ശ്രീരാമന്റെ മുംബൈ ആസ്ഥാനമായ ഫൈന്‍ഡ് എന്ന ഇ കോമേഴ്സ് സ്റ്റാര്‍ട്ടപ്്പിന്റെ 87.6 ശതമാനം ഓഹരിയും മുകേഷ്  അമ്പാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങി. ഗൂഗിളും കഴിഞ്ഞ വര്‍ഷം ഫൈന്‍ഡില്‍ 50 കോടി നിക്ഷേപം നടത്തിയിരുന്നു. ഗൂഗിള്‍ നിക്ഷേപം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ് എന്ന സവിശേഷതയും ശ്രീരാമന്റെ ഫൈന്‍ഡിനാണ്. ആശയങ്ങളുടെ അനന്ദമായ ലോകത്ത് അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി യാത്ര തുടരുകയാണ് ശ്രീരാമന്‍.