ഓര്‍മയുണ്ടോ ഈ മകളെ?; തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെ തേടി ഫ്രാന്‍സില്‍ നിന്നെത്തി റെജീന

Ragina
SHARE

വര്‍ഷങ്ങള്‍ക്കുശേഷം കടല്‍ കടന്ന് കേരളത്തില്‍ എത്തിയിരിക്കുകയാണ് ഫ്രാന്‍സില്‍ നിന്ന് ഒരു അധ്യാപിക. എന്തിനാണെന്നല്ലേ? കൈക്കുഞ്ഞായിരിക്കെ അനാഥാലയത്തില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ തേടിയാണ് മകളുടെ വരവ്. ഫ്രഞ്ച് ദമ്പതികള്‍ എടുത്തുവളര്‍ത്തിയ റെജീന ജോണ്‍സിയാണ് തന്‍റെ വേരുകള്‍ തേടി തിരുവല്ല കുന്നന്താനം സെന്‍റ് ജോസഫ് കോണ്‍വെന്‍റിലെത്തിയത്. 

1976ലെ ശീതകാലത്തിന്‍റെ തുടക്കം, മൂന്ന് മാസം പോലും പ്രായം തികയാത്ത ആ പൊടിക്കുഞ്ഞിനെ ആരൊക്കെയോ ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞാണ് കുന്നന്താനം പാലയ്ക്കാത്തകിടിയിലെ സെന്‍റ് ജോസഫ് കോണ്‍വെന്‍റിലെത്തിച്ചത്. അമ്മയുടെ ചൂടും മുലപ്പാലിന്‍റെ രുചിയുമില്ലാത്ത ആ അപരിചിത ലോകം ക്രമേണ അവള്‍ക്ക് എല്ലാമായി. 1980ല്‍ വിദേശത്ത് നിന്നെത്തിയ കാമില്‍ – ജനീവീവ് ദമ്പതികള്‍ ആ നാലുവയസ്സുകാരിയെ ദത്തെടുത്തു. അനാഥാലയ മുറ്റത്തെ പാദസരകിലുക്കം പിന്നെ കിലുങ്ങിയത് അങ്ങ് ഫ്രാന്‍സിലാണ്, റെജീന ജോണ്‍സി വീണ്ടും സനാഥയായി. പക്ഷേ ജന്മനാട്ടിലെ ഓര്‍മകള്‍ റെജീന എന്നും നെഞ്ചോടുചേര്‍ത്തുപിടിച്ചു.

പിഞ്ചുമനസ്സിലെ ഓര്‍മകള്‍ തേടി 2010ലാണ് റെജീന ആദ്യം പാലയ്ക്കാത്തകിടിയിലെത്തിയത്. മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം തു‌‌ടങ്ങി. 2015ല്‍ വീണ്ടുമെത്തി. ഒരു സൂചന പോലും ലഭിച്ചില്ല. ഇതിനിടെ വളര്‍ത്തമ്മയും വളര്‍ത്തച്ഛനും വിട പറഞ്ഞു. ജീവിതപങ്കാളിയയോടൊപ്പമാണ് ഇത്തവണ അന്വേഷണത്തിനെത്തിയത്. പഴിക്കാനല്ല, പരിഭവം പറയാനുമല്ല, ഒന്നു കാണണം, കെട്ടിപ്പിടിക്കണം, മാതൃസ്നേഹത്തിന്‍റെ ചൂട് ഒന്നു കൂടി അറിയണം, റെജീനയു‌ടെ മനസ്സില്‍ അത്രമാത്രം. മാതാപിതാക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ഇനിയും കേരളത്തിലെത്തുമെന്ന ഉറപ്പ് നല്‍കിയാണ് റെജീന മടങ്ങുന്നത്.

Regina came from France in search of her parents

MORE IN SPOTLIGHT
SHOW MORE