ഈ ജഡ്ജിയെ അമേരിക്കയ്ക്ക് വേണ്ട; ട്രംപിന് വേണം: ജനരോഷം

തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ പലവേദികളിലും റിപ്പബ്ലിക്കന്‍–ഡെമോക്രാറ്റ് പോര് ശക്തമായി. യുഎസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോയെ ഇരുത്തിപ്പൊരിച്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍. ഗർഭച്ഛിദ്രം, സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തുടങ്ങിയ വിവാദവിഷയങ്ങളിൽ ചോദ്യശരങ്ങളുമായാണ് കവനോയെ പ്രതിപക്ഷം നേരിട്ടത്.     

അമേരിക്കന്‍ പ്രസിഡന്‍റിനോട് കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ നിര്‍ദേശിക്കാനാവുമോ ? സെനറ്റര്‍ ഡയന്‍ ഫീന്‍സ്റ്റീ ന്‍റെ ചോദ്യം ബ്രെറ്റ് കവനോയെ കുടുക്കാന്‍ ഉദ്ദേശിച്ചു തന്നെയായിരുന്നു.  പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ സുപ്രീംകോടതി ജഡ്ജിയാവാന്‍ പോവുന്നയാള്‍ ഈ ചോദ്യത്തെ സാങ്കല്‍പ്പികമെന്ന് വിശേഷിപ്പിച്ചത് പലരുടെയും നെറ്റി ചുളിപ്പിച്ചു. പ്രസിഡന്‍റിനെക്കുറിച്ചുള്ളത് മാത്രമല്ല സെനറ്റര്‍മാരുടെ പല ചോദ്യങ്ങളും സാങ്കല്‍പികമെന്ന് വിശേഷിപ്പിച്ചു ബ്രെറ്റ് കവനോ. 

യുഎസ് അപ്പീൽ കോടതിയിൽ 12 വർഷം ജഡ്ജിയായിരുന്നു കവനോയെ ജസ്റ്റിസ് ആന്റണി കെന്നഡി വിരമിക്കുന്ന ഒഴിവിലേക്കാണ് പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്തത്. അമേരിക്കന്‍ രീതിയനുസരിച്ച്   അധികാരമേല്‍ക്കുന്നതിന് മുമ്പ് ജഡ്ജി സെനറ്റ് കമ്മിറ്റിക്കു മുമ്പില്‍ വിവിധവിഷയങ്ങളിലുള്ള തന്‍റെ നിലപാടുകള്‍ വിശദീകരിക്കണം. യാഥാസ്ഥിതിക നിലപാടുകാരനായ കവനോയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയത് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ്. യുഎസിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേലുള്ള അവകാശം അംഗീകരിക്കുന്ന, ഗർഭഛിദ്രം നിയമവിധേയമാക്കിയ റോയും വേഡും തമ്മിലുള്ള കേസിലെ വിധി ഇന്നു ജനജീവിതത്തിന്റെ സുപ്രധാനഭാഗമാണ്. ഇക്കാര്യത്തില്‍‌ വ്യത്യസ്ത നിലപാട് പുലര്‍ത്തുന്നയാളാണ്  ബ്രെറ്റ് കവനോ എന്നതാണ് പ്രധാന വിമര്‍ശനം.  റോ വേഡ് വിധി പുനപരിശോധിക്കില്ല എന്ന് ഉറപ്പു നല്‍കാന്‍ ബ്രെറ്റ് കവനോ തയാറായില്ല.

കവനോ വിരുദ്ധ പ്രകടനങ്ങള്‍ സെനറ്റ് കമ്മിറ്റിക്ക് മുമ്പിലുമെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമായി. എഴുപതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി., സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വില കല്‍പിക്കാത്തയാളാണ് കവനോയെന്ന് വിമര്‍ശനമുയര്‍ന്നു. ഗര്‍ഭനിരോധനമാര്‍ഗങ്ങളെ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളെന്ന് വിശേഷിപ്പിച്ചയാളാണ് ജഡ്ജ്. 2015ല്‍ അപ്പീല്‍ കോടതിയിലെത്തിയ സുപ്രധാന കേസില്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങളെയും ഉള്‍പ്പെടുത്തുന്നതിന് എതിരെ നിലപാടെടുത്തയാളാണ കവെനോ. മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ നിലപാട്. SOT സ്വവര്‍ഗ വിവാഹമടക്കം വിവാഹത്തിലെ തുല്യത സംബന്ധിച്ച ചോദ്യം സെനറ്റര്‍ കമലാ ഹാരിസിന്‍റേതായിരുന്നു. 

സെനറ്റ് കമ്മിറ്റി തുടരുന്നതിനിടെയാണ് കവനോയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന രഹസ്യരേഖകള്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം പുറത്തുവിട്ടത്. പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ കാലത്ത്  വൈറ്റ് ഹൗസില്‍ പ്രധാനപദവി വഹിച്ചിരുന്ന കവനോ, റോയും വേഡും കേസിലെ ഉത്തരവ് അന്തിമമാണോയെന്ന് സംശയിക്കുന്നതായി  പറയുന്ന ഇ മെയ്ലാണ് പുറത്തായത്. ഉത്തരവ്  സുപ്രീംകോടതിക്ക്   പുനപരിശോധിക്കാവുന്നതാണെന്നും കവനോ അഭിപ്രായപ്പെടുന്നു. കവനോയുടെ നിലപാടുകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവിടുമെന്ന് ഡമെക്രാറ്റ് സെനറ്റര്‍മാര്‍ വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്. രഹസ്യരേഖകള്‍ പുറത്തുവിട്ട ഡെമോക്രാറ്റുകള്‍ സെനറ്റിന്‍റെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയാണെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. 

മൗലികവാദിയാണ് ബ്രെറ്റ് കവനോ എന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവരും സമ്മതിക്കും. മൗലികവാദി  പരമോന്നത നീതിപീഠത്തിന്‍റെ ഭാഗമാവുക എന്നാല്‍ ഭരണഘടനയുടെ വ്യാഖ്യാനങ്ങളില്‍ തികച്ചും യാഥാസ്തിതിക നിലപാടുകള്‍ കടന്നുവരുമെന്നര്‍ഥം. മൗലികവാദികളായ ന്യായാധിപന്‍മാര്‍ ഇക്കാര്യത്തില്‍ പലതവണ വിജയിച്ചിട്ടുമുണ്ട് അമേരിക്കയില്‍. ന്യൂനപക്ഷങ്ങളുടെ, വ്യത്യസ്ത രാഷ്ട്രീയസമീപനുമുള്ളവരുടെ, എല്ലാം അവകാശങ്ങളെ ഹനിക്കുന്നതിന് ഇത് കാരണമായിട്ടുമുണ്ട്. താന്‍ നിയമസംഹിതയെ വാച്യാര്‍ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുന്നയാളാണെന്ന് ജഡ്ജ് കവനോ പറയുന്നു. 

തങ്ങളുടെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കാന്‍ യാഥാസ്ഥിതിക ന്യായാധിപന്‍മാര്‍ പതിവായി പറയാറുള്ള ന്യായമാണ് അച്ചടിച്ച നിയമപുസ്തകങ്ങളിലെ വരികള്‍. നിയമപുസ്തകങ്ങളിലെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നുള്ള വ്യാഖ്യാനങ്ങള്‍ യാഥാസ്ഥിതിക നിലപാടുകള്‍ വെള്ളപൂശാനുള്ള മറയും. നിലവിലുള്ള മൂന്ന് സുപ്രീംകോടതി ജഡ്ജിമാരും ഇതേനിലപാടുള്ളവരാണ്. കവനോ കൂടി ചേരുമ്പോള്‍ ഇത് നാലാകും. 

ക്ലാരന്‍സ് തോമസ് മാത്രമാവും സ്വതന്ത്ര ചിന്താഗതിക്കാരന്‍. കുടിയേറ്റ വിരോധവും ഇസ്ലാംവിരോധവും വര്‍ണവെറിയുമായി ട്രംപും അനുയായികളും കളം നിറയുമ്പോള്‍ പരമ്പരാഗത അമേരിക്കന്‍ മൂല്യങ്ങളുടെ സംരക്ഷകരാകുവാന്‍ നീതിപീഠത്തിന് കഴിയാതെ പോകും എന്ന ആശങ്കയാണ് രാജ്യത്തെ മിതവാദികള്‍ക്കുള്ളത്. ജഡ്ജ് കവനോ വെറും മൗലികവാദിയല്ല കറകളഞ്ഞ റിപ്പബ്ലിക്കന്‍ ആണെന്നും വിമര്‍ശനമുണ്ട്.  പ്രസിഡന്‍റിന്റെയും പാര്‍ട്ടിക്കാരുടെയും താല്‍പര്യസംരക്ഷണത്തിനായുള്ള ജഡ്ജ് നിയമനം നീതീപീഠത്തിന്‍റെ നിഷ്പക്ഷത കളഞ്ഞുകുളിക്കുമെന്നും ആക്ഷേപമുണ്ട്.