ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്; സേഫ് കുത്തിത്തുറന്നു പരിശോധന; പ്രതിഷേധം

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു പാം ബീച്ചിലെ മാർ അലാഗോയിയിൽ പ്രവേശിച്ച എഫ്ബിഐ സംഘം സേഫ് കുത്തിത്തുറന്നു പരിശോധിച്ചത്. റെയ്ഡിൽ ശക്തമായി പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു.

2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ 15 പെട്ടി ഔദ്യോഗിക രേഖകൾ ട്രംപ് മാർ അലാഗോയിലേക്കു കൊണ്ടുപോയെന്നാണ് ആരോപണം. ഈ രേഖകളിൽ മുദ്രവച്ച രഹസ്യരേഖകളും ഉൾപ്പെടുന്നുവെന്നു റിപ്പോർട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല. 2020 ജനുവരി 6നു യുഎസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന കേസിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.