പേപ്പര്‍ കീറി 'ക്ലോസറ്റി'ലിട്ടു; ട്രംപ് ശുചിമുറിയിലെ പൈപ്പുകള്‍ ബ്ലോക്കാക്കി; ആരോപണം

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയിട്ടും ട്രംപ് ഉണ്ടാക്കിയ തലവേദനകള്‍ വൈറ്റ്ഹൗസില്‍ ഇതുവരെ കഴിഞ്ഞ മട്ടില്ല. പ്രസിഡന്‍റായിരുന്ന കാലത്ത് പ്രിന്‍റ് ചെയ്ത പേപ്പറുകള്‍ കീറി ശുചിമുറിയിലെ ക്ലോസറ്റില്‍ നിക്ഷേപിച്ച് പൈപ്പുകള്‍ ബ്ലോക്കാക്കിയെന്നാണ് പുതിയ ആരോപണം. വൈറ്റ് ഹൗസിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തക മാഗി ഹേബര്‍മാന്‍റേതാണ് വെളിപ്പെടുത്തല്‍. മാഗിയുടെ 'കോണ്‍ഫിഡന്‍സ് മാനി'ലാണ് ഇക്കാര്യം എഴുതിയിട്ടുള്ളത്.

വൈറ്റ് ഹൗസിലെ കത്തിടപാടുകളും രേഖകളുമെല്ലാം ആര്‍ക്കൈവ്സില്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ രേഖകള്‍ കീറിയെറിയുന്ന ദുശ്ശീലം ട്രംപിനുണ്ടായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ട്രംപ് കടലാസുകൾ  കീറുന്നതിനാൽ വൈറ്റ് ഹൗസ് അധികൃതർക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചു. കീറിയ ഭാഗങ്ങൾ കൂട്ടിയൊട്ടിച്ചാണു പലപ്പോഴും ആർക്കൈവ് ചെയ്തത്. പല രേഖകളും ക്ലോസറ്റില്‍ കീറിയിട്ടും ട്രംപ് ജീവനക്കാരെ വലച്ചിട്ടുണ്ടെന്നും പുസ്തകം പറയുന്നു.