വെനസ്വേല: ലോകം രണ്ടുതട്ടില്‍

venezuela
SHARE

ആരാണ് വെനസ്വേലയുടെ പ്രസിഡന്‍റ് ? വാൻ ഗ്വീഡോയെന്ന് അമേരിക്കയടക്കമുള്ള ഭൂരിഭാഗം ലോകരാജ്യങ്ങളും പറയുന്നു. പക്ഷേ നിക്കോളസ് മഡൂറോ മാത്രം അംഗീകരിക്കില്ല. റഷ്യയും ചൈനയും മെക്സിക്കോയുമുള്‍പ്പെടെയുള്ളവരുടെ പിന്തുണയാണ് മഡൂറോയുടെ ബലം.   ഇനിയും ഗ്വീഡോയെ അംഗീകരിച്ചില്ലെങ്കില്‍ മഡൂറോയെ എങ്ങനെ വരുതിക്ക് വരുത്തണമെന്നറിയാമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. വെനസ്വേലന്‍ വിഷയം ലോകരാഷ്ട്രങ്ങളെയാകെ ഭിന്നിപ്പിന്‍റെ വക്കിലെത്തിത്തിരിക്കുകയാണ്

ആറു വര്‍ഷം നീണ്ട നിക്കോളസ് മഡുറോ ഭരണം ഇനി വേണ്ടെന്ന് പ്രഖ്യാപിച്ചാണ് വാന്‍ ഗ്വീഡോയെന്ന പ്രതിപക്ഷ നേതാവ് സ്വയം പ്രസിഡന്‍റ് പദവി ഏറ്റെടുത്തത്. ഒരുദിവസം പോലും മഡൂറോയെ സഹിക്കാനുള്ള ശേഷി വെനസ്വേലന്‍ ജനതയ്ക്കില്ലെന്ന് ഗ്വീഡോ പറഞ്ഞത് കയ്യടികളോടെയാണ് ജനക്കൂട്ടം ഏറ്റെടുത്തത്. രണ്ടാഴ്ചമുമ്പാണ് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട നിക്കോളാസ് മഡൂറോ വീണ്ടും ഭരണത്തി്ലേറിയത്. എന്നാല്‍ വ്യാപക ക്രമക്കടുകള്‍ അരങ്ങേറിയ തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന ഉറച്ചനിലപാടിലായിരുന്നു പ്രതിപക്ഷം. പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.  പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍  പ്രതിപക്ഷം മേൽക്കൈ  നേടിയതോടെ രാഷ്ട്രീയ പോരാട്ടം രൂക്ഷമായി. പാർലമെന്റ് ചെയർമാനായി വാൻ ഗ്വീഡോ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ല.  

പ്രസിഡന്‍റായി ചുമതലയേറ്റെങ്കിലും    നിക്കോളസ് മഡൂറോയുടെ     തിരഞ്ഞെടുപ്പിന്   നിയമസാധുതയില്ലെന്ന് പാർലമെന്റ് പ്രഖ്യാപിച്ചു. മഡുറോ വീണ്ടും അധികാരത്തിലെത്തുന്നത് തികഞ്ഞ ഏകാധിപത്യവും അധികാരം പിടിച്ചെടുക്കലുമാണെന്ന് മുപ്പത്തിയഞ്ചുകാരന്‍  ഗ്വീഡോ പ്രഖ്യാപിച്ചു. ഒരു പടികൂടി കടന്ന്, ജനാധിപത്യം വീണ്ടെടുക്കാൻ സൈന്യത്തിന്റെ സഹായവും അദ്ദേഹം അഭ്യർഥിച്ചു. ഇതിനു പിന്നാലെയായിരുനന്ു സ്വയ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്.  തിരഞ്ഞെടുപ്പ് അട്ടിമറിയുണ്ടായാല്‍ വെനസ്വേലന്‍ ഭരണഘടനയനുസരിച്ച് പാര്‍ലമെന്‍റ് അധ്യക്ഷന് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാം. സമാധാനപരമായി അധികാരം കൈമാറുകയാണ് മഡൂറോയ്ക്ക് നല്ലെതെന്ന് ഗ്വീഡോ ഓര്‍മിപ്പിച്ചു

പക്ഷേ ഏതുതരം അട്ടിമറിയയെും ചെറുക്കാനുള്ള കെല്‍പ് തനിക്കുണ്ടെന്ന് മഡൂറോ തിരിച്ചടിച്ചു. പാവസര്‍ക്കാരിനെ അവരോധിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് പ്രതിപക്ഷ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് സൈന്യത്തിന്‍റെ പിന്തുണയാണ് മഡൂറോയുടെ കരുത്ത്. ഗ്വീഡോയുടെ അധികാരമേല്‍ക്കലിന് തൊട്ടുപിന്നാലെ സൈനിക നേതൃത്വം മഡൂറോയോട് വിധേയത്വം പ്രഖ്യാപിച്ചു.  പ്രതിപക്ഷത്തിന് മുന്നറിയിപ്പായി സൈനിക ശക്തിപ്രകടനവും അരങ്ങേറി. അതേ സമയം, മഡൂറോയുടെ മുഖ്യശത്രുവായ അമേരിക്ക വാന്‍ ഗ്വീഡോയ്ക്ക പിന്തുണ പ്രഖ്യാപിച്ചത് വളരെപ്പെട്ടന്നായിരുന്നു

തൊട്ടുപിന്നാലെ ഇരുപതോളം രാജ്യങ്ങള്‍ വാൻ ഗ്വീഡോയുടെ നേതൃത്വം അംഗീകരിച്ചു. അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ തയാറാകണമെന്ന് നിക്കോളസ് മഡൂറോയോട് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപേടെണ്ടതില്ലെന്നായിരുന്നു മറുപടി. റഷ്യയും ചൈനയും മഡൂറോയ്ക്ക് പിന്തുണയുമായെത്തിയതോടെ വെനസ്വേലന്‍ വിഷയത്തില്‍ ലോകരാഷ്ട്രീയം രണ്ടായി. ലോകസാമ്പത്തിക ഫോറം വേദിയിലും ഈ ഭിന്നിപ്പ് പരസ്യമായി

യുഎസുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി മഡുറോ പ്രഖ്യാപിച്ചു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ 'മുൻ പ്രസിഡന്റ്' ആയ മഡുറോയ്ക്ക് ഇക്കാര്യം തീരുമാനിക്കാൻ അവകാശമില്ലെന്നു യുഎസ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുമായും ബന്ധം തുടരുമെന്നു വാൻ ഗ്വീഡോ പ്രഖ്യാപിച്ചു. നിലപാടുകളില്‍ മഡൂറോ ഉറച്ചുനിന്നതോടെ ഉപരോധമെന്ന വടിയുമെടുത്ത് ഡോണള്‍ഡ് ട്രംപ് രംഗത്തിറങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി പിഡിവിഎസ്എ ആണ് യുഎസ് ഉപരോധത്തിന്‍റെ ആദ്യ ഇര. 

രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന എണ്ണ കയറ്റുമതിക്ക് തുരങ്കം വച്ച അമേരിക്കന്‍ നടപടി  വെനസ്വേലയെ കൂടുതല്‍ ഞെരുക്കത്തിലാക്കി.വെനസ്വേലയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ നിക്കോളാസ് മഡൂറോയെയും കൂട്ടരെയും ഇനിയും അനുവദിക്കാനാവില്ലെന്ന് വാഷിങ്ടണ്‍ വിശദീകരിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് നടപടിയെന്നും ശക്തമായി തിരിച്ചടിക്കുമെന്നും നിക്കോളസ് മഡൂറോ മറുപടി നല്‍കി. വെനസ്വേലയിലുണ്ടാകുന്ന ഏതുതരം രക്തച്ചൊരിച്ചിലിനും ഉത്തരവാദി  ഡോണള്‍ഡ് ട്രംപ് ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ഹ്യൂഗോ ഷാവേസിന്‍റെ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ് വെനസ്വേലയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കെത്തിച്ചത്. നിക്കോളസ് മഡൂറോയും കുടുംബക്കാരും ചേര്‍ന്ന് ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം കൈപ്പിടിയിലൊതുക്കിയപ്പോള്‍ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് വീര്‍പ്പുമുട്ടിയ ജനങ്ങളാണ് പ്രതിപക്ഷത്തിന് പിന്തുണയുമായി നിരത്തിലിറങ്ങിയത്. 

തെക്കേ അമേരിക്കയിലെ ഏറ്റവും എണ്ണ സമ്പന്നമായ രാജ്യമായിട്ടുകൂടി പട്ടിണിമൂലം ലക്ഷങ്ങളാണ് വെനസ്വേലയില്‍ നിന്ന് പലായനം ചെയ്തത്. യൂഗോ ഷാവേസ് പ്രസിഡന്റായിരുന്നപ്പോൾ   യുഎസിനെതിരായ ചെറുത്തുനിൽപിന്റെ പ്രതീകം എന്ന നിലയിൽ രാഷ്ട്രീയരംഗത്തും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രമുഖ അംഗം എന്ന നിലയിൽ സാമ്പത്തികരംഗത്തും വെനസ്വേല തലയുയർത്തി നിന്നു. എന്നാൽ,  2013ൽ  നിക്കോളാസ്   മഡുറോ  അധികാരമേറ്റശേഷം പിന്നോട്ടു നടക്കുകയായിരുന്നു ഈ കരീബിയന്‍ ദ്വീപുരാജ്യം. 

ജനക്ഷേമ പദ്ധതികളുടെ പേരില്‍ ഹ്യൂഗോ ഷാവേസ് വാരിക്കോരി ചിലവിട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധിയുടെ വക്കിലെത്തി നില്‍ക്കുമ്പോളായിരുന്നു മഡൂറോയുടെ സ്ഥാനാരോഹണം. എണ്ണവിലയിടിഞ്ഞതോടെയുണ്ടായ പ്രതിസന്ദി അതിജീവിക്കാന്‍ കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചു സര്‍ക്കാര്‍. ഇതോടെ വാർഷിക നാണ്യപ്പെരുപ്പം 10 ലക്ഷം ശതമാനമായി.  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന ഷാവേസ് മുദ്രാവാക്യത്തെ ഏകാധിപത്യമെന്നും സ്വജനപക്ഷപാതമെന്നുമാണ് നിക്കോളാസ് മഡൂറോ എന്ന മുന്‍ ബസ് ഡ്രൈവര്‍ വ്യാഖ്യാനിച്ചത്. ഭക്ഷണവും മരുന്നും ലഭ്യമല്ലാതായതോടെ  മൂന്നു വർഷത്തിനകം രാജ്യത്തുനിന്നു 30 ലക്ഷം പേർ പലായനം ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടര്‍ക്കഥയായ രാജ്യത്ത്  ഇരുവശത്തുനിന്നുമായി നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 

മുഖ്യപ്രതിപക്ഷ നേതാക്കള്‍ ജയിലിലായി. പാര്‍ലമെന്‍റിന്‍റെ അധികാരങ്ങള്‍ എടുത്തുകളഞ്ഞ മഡൂറോ ഇഷ്ടക്കാരെ ചേര്‍ത്ത് വേറെ സഭയുണ്ടാക്കി. ഒടുവില്‍ രാഷ്ട്രീയ അട്ടിമറിയിലേക്ക്ും കാര്യങ്ങളെത്തി. പ്രധാനവരുമാനമാര്‍ഗമായ എണ്ണ ഇറക്കുമതിക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ദിവസങ്ങളേയെടുക്കൂ. ഇനിയുള്ള പ്രധാന ചോദ്യം വലിയൊരു രക്തച്ചോരിച്ചിലിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും കാര്യങ്ങള്‍ നീങ്ങുമോയെന്നതാണ്. വെനസ്വേലയുടെ സ്വാതന്ത്യത്തിനായി ജീവന്‍കളഞ്ഞും പൊരുതണമെന്നാണ് വാന്‍ ഗ്വീഡോയുടെ ആഹ്വാനം. സൈന്യം മഡൂറോയ്ക്കൊപ്പം നില്‍ക്കുന്നതാണ് വലിയ ഭീഷണി. വാന്‍ ഗ്വീഡോയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ സൈനിക ഇടപെടലിലേക്ക് പോയാല്‍ വലിയ രക്തച്ചോരിച്ചില്‍ ഉറപ്പ്.  അമേരിക്ക സൈനികമായി നീങ്ങിയാല്‍ മഡൂറോയെ സംരക്ഷിക്കാന്‍ റഷ്യയും രംഗത്തിറങ്ങുമെന്ന് ഉറപ്പ്. 

വെനസ്വേലയുടെ പ്രധാന ആയുധദാതാക്കളും റഷ്യയാണ്. അമേരിക്കന്‍ ഉപരോധങ്ങളോട് തന്നെ ശക്തമായ ഭാഷയിലാണ് റഷ്യയും ചൈനയും പ്രതികരിച്ചത്. ഒന്നുകില്‍ പട്ടിണികിടന്ന് മരിക്കുക, അല്ലെങ്കില്‍ തെരുവില്‍ വെടിയേറ്റ് വീഴുക. രണ്ടിലൊന്നാണ് വെനസ്വേലന്‍ ജനതയ്ക്ക് മുന്നിലുള്ള വഴിയെന്നും രണ്ടും താന്‍ ആഗ്രഹിക്കുന്നില്ലന്നും വാന്‍ ഗ്വീഡോ. അതേസമയം ഗ്വീഡോയെ ഔദ്യോഗിക പ്രസിഡന്‍റായി അംഗീകരിച്ച സ്ഥിതിക്ക് ഉപരോധങ്ങള്‍ ഒഴിവാക്കി വെനസ്വേലയെ സാമ്പത്തികമായി സഹായിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് കരുത്തുന്നവരുമുണ്ട്. 

MORE IN LOKA KARYAM
SHOW MORE