പാകിസ്ഥാനും പലസ്തീനും നയാപൈസയില്ല: ട്രംപ്

ഭരണം മാറിയാലും തീവ്രവാദത്തോടുള്ള നിലപാടില്‍ മാറ്റമില്ലാത്ത പാക്കിസ്ഥാന് തിരിച്ചടി. 33 കോടി ഡോളറിന്‍റെ സൈനിക സഹായം അമേരിക്ക റദ്ദ് ചെയ്തു. ഹഖാനിയും പാക് താലിബാനുമുള്‍പ്പെടെയുള്ള ഭീകരസംഘനകള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ് ഒരുക്കുന്നതിനുള്ള ശിക്ഷയാണിതെന്ന് പെന്‍റഗണ്‍ പറയുന്നു. എന്നാല്‍ തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കയെ സഹായിക്കാന്‍ തങ്ങള്‍ ചിലവാക്കിയ പണമാണിതെന്നും തിരിച്ചു കിട്ടിയേ മതിയാകൂ എന്നുമാണ് ഇസ്ലമാബാദിന്‍റെ നിലപാട്. ഏതായാലും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ , പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പുണ്ടായ തീരുമാനം പാക്കിസ്ഥാനെ സമ്മര്‍ദത്തിലാക്കുമെന്നുറപ്പ്.

പ്രസിഡന്‍റ് ട്രംപ് മുമ്പേ വ്യക്തമാക്കിയതാണ്. കാശു വാങ്ങിയിട്ട് കബളിപ്പിക്കാന്‍ പാക്കിസ്ഥാനെ അനുവദിക്കില്ല. മുന്നറിയിപ്പ് അവഗണിച്ചതിനാല്‍ അധികാരമേറ്റ് അധികം കഴിയും മുമ്പേ ഇമ്രാന്‍ ഖാന് ആദ്യ അടി കിട്ടി. പാക്കിസ്ഥാന് ധനസഹായം നല്‍കുന്നതിനെക്കാള്‍ മറ്റ് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് ആ പണം ഉപയോഗിക്കാമെന്നാണ് പെന്‍റഗണ്‍ തീരുമാനം . അതായത് ഭരണമാറ്റമുണ്ടായെങ്കിലും തീവ്രവാദത്തോടുള്ള ഇസ്ലമാബാദിന്‍റെ സമീപനത്തില്‍ മാറ്റമുണ്ടാകാന്‍ പോുന്നില്ലെന്ന് വാഷിങ്ടണ്‍ തിരിച്ചറിയുന്നു.  ഹഖാനി നെറ്റ്വര്‍ക്കും താലിബാനുമാണ് അഫ്ഗാന്‍ സംഘര്‍ഷത്തില്‍    യുഎസിന് തലവേദനയാകുന്നത്.  ഈ രണ്ടു കൂട്ടര്‍ക്കും സ്വതന്ത്രമായി വളരാനുള്ള സഹായം ചെയ്തുകിട്ടുന്നത് പാക് മണ്ണില്‍ നിന്നുമാണ്. ഭീകരസംഘടനകളുടെ ആക്രമണത്തില്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ക്കാണ് വര്‍ഷാവര്‍ഷം ജീവന്‍ നഷ്ടമാവുന്നത്.  സൈനികസഹായം നിര്‍ത്തലാക്കുന്നത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയാവുമെന്നുറപ്പ്. 

പാക് സൈന്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് അമേരിക്കന്‍ ധനസഹായം. വിദേശ സൈന്യത്തിനുള്ള സഹായം, സഖ്യകക്ഷിക്കുള്ള സൈനിക സഹായം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ കിട്ടിക്കൊണ്ടിരുന്ന കോടിക്കണക്കിന് ഡോളര്‍ ഒറ്റയടിക്ക് ഇല്ലാതാകുന്നത് പാക് സൈന്യത്തിന്‍റെ കാര്യശേഷി വികസനത്തെ    സാരമായി ബാധിക്കും. ചൈനയടക്കം ആര്‍ക്കും ഇക്കാര്യത്തില്‍ തതുല്യമായ സഹായം പാക്കിസ്ഥാന് നല്‍കാനാവില്ല. രാജ്യം സാമ്പത്തിക പ്രത‌ിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് യുഎസ് സമ്മര്‍ദം ശക്തമാവുന്നത്. അമേരിക്കന്‍ ഡ്രോണുകള്‍ക്കെതിരെ സമരം നയിച്ച് പൊതുരംഗത്തെത്തിയാളാണ് ഇമ്രാന്‍ ഖാന്‍.  അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സാന്നിധ്യത്തെ തുറന്നതിര്‍ത്ത ഖാന്‍ പക്ഷേ അമേരിക്കയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് സത്യപ്രതിജ്ഞവേളയില്‍ പറഞ്ഞു. 

അതേസമയം പാക്കിസ്ഥാനെ പൂര്‍ണമായി പിണക്കുന്നത് മേഖലയിലെ യുഎസ് താല്‍പര്യങ്ങളെയും ബാധിക്കും. പ്രത്യേകിച്ച് അഫ്ഗാന്‍ യുദ്ധത്തിന് പാക്കിസ്ഥാന്‍റെ പിന്തുണ ഒഴിവാക്കാനാവില്ല പെന്‍റഗണ്. അഫ്ഗാന്‍ യുദ്ധത്തിലേകര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് സഹായമെത്തിച്ചുകൊടിക്കാനുള്ള ഏക മാര്‍ഗം പാക്കിസ്ഥാനാണ്. 2011 ല്‍ ബന്ധം വഷളായതിനെത്തുടര്‍ന്ന് ഈ പാത അടച്ചാണ് പാക്കിസ്ഥാന്‍ പ്രതികാരം വീട്ടിയത്. എന്നാല്‍ ഇക്കുറി അത്തരം നീക്കങ്ങള്‍ക്ക് ഇസ്ലാമാബാദ് ധൈര്യപ്പെട്ടേക്കില്ല. സൈനികേതരസഹായമടക്കം എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍ രാജ്യം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇന്ത്യയും അമേരിക്കയുമായി കൂടുതല്‍ അടുക്കാനിടയുള്ള ആ സാഹചര്യം സൃഷ്ടിക്കാന്‍ ഖാന്‍ സര്‍ക്കാര്‍ ഒട്ടും താല്‍പര്യപ്പെടുന്നില്ല.  എന്നാല്‍  ഇപ്പോള്‍ നല്‍കില്ലെന്ന് പറയുന്ന പണം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് സമര്‍ഥിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ആരുടെയും ഔദാര്യമല്ല മറിച്ച് അമേരിക്കയെ സഹായിക്കാന്‍ തങ്ങള്‍ ചിലവിട്ട പണമാണിതെന്ന് പാക് വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. 

അതേസമയം, മൈക് പൊംപേയോ ഇസ്ലാമാബാദിലെത്തുന്നതിന് തൊട്ടുമുമ്പ് അമേരിക്ക  ഇത്ര സുപ്രധാനമായ പ്രഖ്യാപനം നടത്തിയത് എന്തിന് ? ഈ സമയം തിരഞ്ഞെടുത്തതിന് കാരണമുണ്ട്. തന്‍റെ ആദ്യ വിദേശ അതിഥിയായി  ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷറീഫിനെ തീരുമാനിച്ച ഇമ്രാന്‍ ഖാന്‍റെ നടപടിയാണ് വാഷിങ്ടണെ ചൊടിപ്പിച്ചത്. ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇറാനുമായി അടുക്കാനുള്ള ഖാന്‍റെ നീക്കത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് അമേരിക്കയുടെ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

മറ്റൊരു സുപ്രധാന ധനഹായം കൂടി അമേരിക്ക നിര്‍ത്തലാക്കി ഈ വാരം. പലസ്തീൻ അഭയാർഥികൾക്കു സഹായം എത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വെൽഫെയർ ഏജൻസിക്കുള്ള സഹായമാണ് നിര്‍ത്തലാക്കിയത്. ഇസ്രയേലിന്‍റെ സമ്മര്‍ദത്തിന് വഴങ്ങുകയാണ് അമേരിക്കയെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പലസ്തീനെ സഹായിക്കാന്‍ മറ്റു രാജ്യങ്ങെള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചു. 

UNRWA 1949ല്‍ രൂപീകരിച്ച യുഎന്‍ റിലീഫ് ആന്‍ഡ് വെല്‍ഫെയര്‍ ഏജന്‍സി 70 ലക്ഷത്തോളം വരുന്ന പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വിവിധതരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നു. തൊഴില്‍ദാതാവെന്ന നിലയില്‍ തുടങ്ങിയ സഹായം, ഭവനനിര്‍മാണം,   വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ  മേഖലകളിലേക്കും ക്രമേണ വ്യാപിപ്പിച്ചു. ജോര്‍ദാന്‍, ലെബനോന്‍, ഗാസ, വെസ്റ്റ് ബാങ്ക് , സിറിയ എന്നിവിടങ്ങളിലുള്ള പലസ്തീന്‍ അഭയാര്‍ഥികളാണ് UNRWAുടെ സഹായം പറ്റുന്നത്. പ്രത്യേകിച്ചും ഉപരോധങ്ങളില്‍ വലയുന്ന ഗാസയുടെ ഏറ്റവും വലിയ കൈത്താങ്ങാണ് സംഘടന. 

പ്രതിവര്‍ഷം 368 മില്യണ്‍ ഡോളര്‍ നല്‍കുന്ന അമേരിക്കയാണ് സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്. ഈ പണമുപയോഗിച്ചാണ് അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍, മരുന്ന്, പഠനോപകരണങ്ങള്‍ തുടങ്ങിയ വാങ്ങിയിരുന്നത്.

എന്നാല്‍ പലസ്ഥീന്‍ വിരുദ്ധ നിലപാട് പലതരത്തില്‍ വ്യക്തമാക്കിയിട്ടുള്ള ഡോണള്‍ഡ് ട്രംപിന് ഇത് തുടരുന്നതിനോട് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. നാം കോടിക്കണക്കിനു ഡോളറിന്റെ സഹായം പലസ്തീന് ഓരോ വർഷവും നൽകുന്നു. പകരം നന്ദിയോ ബഹുമാനമോ ലഭിക്കുന്നുമില്ല. സമാധാനചർച്ചയ്ക്ക് അവർ തയാറല്ലെങ്കിൽ നാമെന്തിനു പിന്നെയും അവർക്കു സഹായം ചെയ്തുകൊണ്ടിരിക്കണം?'– ട്രംപ് ട്വീറ്റ് ചെയ്തു. 

പലസ്തീൻ സമാധാന ചർച്ചയ്ക്കു തയാറാകുന്നില്ലെങ്കിൽ ധനസഹായം പൂർണമായി നിർത്തണമെന്ന് യുഎസിന്റെ യുഎൻ അംബാസഡർ നിക്കി ഹേലിയും പ്രസ്താവിച്ചിരുന്നു. അഭയാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുകയാണ് UNRWA എന്നും ഹേലി കുറ്റപ്പെടുത്തി. യഥാര്‍ഥത്തില്‍ ഇസ്രയേലിന്‍റെ താല്‍പര്യമാണ് അമേരിക്കന്‍ നേതാക്കളുടെ വാകക്ുകളില്‍ നിറഞ്ഞുനിന്നിരുന്നത്. പലസ്തീൻ അഭയാർഥികൾക്കായി നൽകുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കാണു ഫലത്തിൽ ലഭിക്കുന്നതെന്നും യുഎൻ ഏജൻസി അടച്ചുപൂട്ടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുമ്പ് ആവശ്യപ്പെട്ടിരുന്നു. തലമുറകളായി പലസ്തീന് ലഭിക്കുന്ന യുഎന്‍ സഹായം ജൂതരാഷ്ട്രമെന്ന സങ്കല്‍പത്തിന് വെല്ലുവിളിയാവുമെന്ന് ഇസ്രയേല്‍ കരുതുന്നു. 

പ്രത്യേകിച്ചും ഇസ്രയേലില്‍ നിന്ന് പലായനം ചെയ്ത പലസ്തീനികള്‍ മടങ്ങിവരവ് ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ നെതന്യാഹുവിന്‍റെ വാക്കുകള്‍ അമേരിക്ക ഏറ്റെടുത്തു.ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായിം അംഗീകരിച്ച പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ UNRWA യ്ക്കുള്ള ധനസഹായം അമേരിക്ക വെട്ടിുക്കുറച്ചു. ഇത് സംഘടനയെ വലിയതോതില്‍ ഞെരുക്കത്തിലാക്കിയിരുന്നു. ധനസഹായം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള യുഎസ് തീരുമാനം ഗാസയടക്കമുള്ള മേഖലകള്‍ക്ക് വന്‍ വെല്ലുവിളിയാകും. അഞ്ചുലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം, മൂന്നര ലക്ഷം രോഗികളുടെ ചികില്‍സ, രണ്ടു ലക്ഷത്തോളം പേരുടെ ഭക്ഷണം എന്നിവയെ നേരിട്ട് ബാധിക്കുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. പ‍ലസ്തീന്‍    അഭയാര്‍ഥികളോടുള്ള വെല്ലുവിളിയാണ് യുഎസ് നിലപാടെന്ന് പ്രസിഡന്‍റ് മഹമ്മുദ് അബ്ബാസ് വിമര്‍ശിച്ചു. എന്നാല്‍ പലസ്തീനെ കൈവിടില്ലെന്ന് ലോകരാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജര്‍മനിയും ഖത്തറുമുള്‍പ്പെടെയുള്ളവര്‍ UNWRA്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്