വർണവെളിച്ചത്തിൽ ഷാർജ

ഷാർജയിലിപ്പോൾ വർണത്തിന്റെ വെളിച്ചമാണോ അതോ വെളിച്ചത്തിന്റെ വർണമാണോ എന്നു ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയാൻ പറ്റില്ല. കാരണം വെളിച്ചം തീർക്കുന്ന വർണ വിസ്മയത്തിൽ മുങ്ങി നിൽക്കുകയാണ് നഗരത്തിലെ പ്രധാന മന്ദിരങ്ങളെല്ലാം. ഷാർജ ലൈറ്റ് ഫെസ്റ്റിവൽ കാഴ്ചകളിലേക്കൊരുയാത്ര.

നിറങ്ങളുടെ വര്‍ണ വെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാര്‍ജ. നഗരത്തിന്റെ രാക്കാഴ്ചകള്‍ക്ക് ഇപ്പോള്‍ ഇരട്ടി ഭംഗി. ഷാര്‍ജയിലെ പ്രധാനമന്ദിരങ്ങളെല്ലാം പ്രകാശത്തിന്‍റെ നിറവിന്യാസത്തില്‍ തിളങ്ങി നിൽക്കുകകയാണ്. നഗരത്തിന്‍റെ പ്രധാന വിനോദ കേന്ദ്രമായ ഖാലിദ് ലഗുണിനു ചുറ്റുമാണ് ഇത്തവണത്തെ പ്രകാശോല്‍സവത്തിന്‍റെ കാഴ്ചകളിലേറെയും. ഷാര്‍ജയിലെ വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദിന് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളാണ്. നൂര്‍ മസ്ജിദിനു സമീപത്തെ പാം ഗാര്‍ഡനില്‍ ഈന്തപ്പനകള്‍ക്ക് കീഴെ വിളക്കുകള്‍ കൊണ്ടൊരു പ്രകാശതുരങ്കം ഒരുക്കിയിരിക്കുന്നു. 

അല്‍ ഖാസിമി യൂണിവേഴ്സിറ്റി സിറ്റി ഹാളിലാണ് ഏറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ളത്. ഷാര്‍ജ നഗരത്തിന്‍റെ വിവിധ ഇടങ്ങളിലും ദിബ്ബ, ഖോര്‍ഫൊക്കാന്‍, കല്‍ബ, ദെയ്ദ് എന്നിവിടങ്ങളിലുമായി 14 കേന്ദ്രങ്ങളിലാണ് ഇത്തവണത്തെ പ്രകാശോല്‍സവം. ഷാര്‍ജയുടെ പാമ്പര്യവും പ്രൗഡിയും എടുത്തുപറയുന്നതാണ് പ്രകാശവിന്യാസം ഒരുക്കുന്ന ഓരോ കെട്ടിടങ്ങളും.

വീഡിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓരോ കെട്ടിടങ്ങളിലും പ്രകാശവിന്യാസം ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് അവസാന രൂപം നല്‍കിയത്. എട്ടു വര്‍ഷം കൊണ്ട് തന്നെ യുഎഇയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ലൈറ്റ് ഫെസ്റ്റിവല്‍ ഇടം പിടിച്ചു കഴിഞ്ഞു.വര്‍ണപ്രകാശങ്ങളാല്‍ മനസു നിറച്ചൊരു സായാഹ്നം ആസ്വദിച്ചാണ് ഓരോ സന്ദര്‍ശകനും ഈ കാഴ്ചകളില്‍ നിന്ന് മടങ്ങുന്നത്.