പ്രവാസികളുടെ പ്രിയപ്പെട്ട ഇടം; ഷാർജ പുസ്തകമേള അതിജീവനകാലത്തെ പ്രതീക്ഷ

ഗൾഫിൻറെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിലെ രാജ്യാന്തര പുസ്തകമേളയിലെ കാഴ്ചകളാണ് ആദ്യം കാണുന്നത്. പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക ഇടമായി മാറിയിരിക്കുന്നു ഈ പുസ്തകമേള. കോവിഡ് കാലത്തെ അതിജീവനത്തിനും പ്രസാധക വ്യവസായത്തിനുമൊക്കെ പ്രതീക്ഷ നൽകുന്ന കാഴ്ചളാണ് പുസ്തകമേളയിൽ കാണുന്നത്.

ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഓരോ പുസ്തകങ്ങൾക്കും ഓരോ ജീവിതകഥകൾ പറയാനുണ്ടാകും. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ രാജ്യക്കാർ, വിവിധ സംസ്കാരങ്ങൾ പിന്തുടരുന്നവർ അങ്ങനെ ഒട്ടേറെ എഴുത്തുകാരാണ് പുസ്തകങ്ങളുമായി ഈ മേളയിലെത്തുന്നത്. അത്തരത്തിൽ ജീവിതത്തിനു പ്രചോദനം നൽകുന്ന ഒരു അറബ് പുസ്തകമാണ് കഴിഞ്ഞദിവസം ഷാർജ പുസ്തക മേളയിലെ സൈനിങ് കോർണറിൽ പ്രകാശനം ചെയ്തത്. കാൻസറിനെ അതിജീവിച്ച 15പേർചേർന്നെഴുതിയ സർവൈവേഴ്സ് എന്ന പുസ്തകം.

14 വയസുകാരനായ ഒമർ ഹസ്സം കാൻസർ രോഗത്തെ അതിജീവിച്ച കഥ പറയുകയാണ്. കുടുംബത്തിലെയടക്കം പ്രിയപ്പെട്ടവരുടെ പിന്തുണയോടെയായിരുന്നു ഒൻപതാം ക്ളാസ് വിദ്യാർഥിയായ ഒമർ കാൻസറിനോടു പോരാടി വിജയിച്ചത്. 

ഈജിപ്തിൽ ജനിച്ച ഒമർ ഏഴാം വയസിലാണ് കുടുംബത്തോടൊപ്പം യുഎഇയിലെത്തിയത്. യുഎഇയിലെ ആശുപത്രിയിലെ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കാൻസർ പോലെയുള്ള രോഗങ്ങളാൽ വലയുന്നവർക്ക് ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് അതിജീവന കഥ ഈ അറബ് പുസ്തകത്തിലൂടെ പുറത്തിറക്കിയത്.ഒമർ ഉൾപ്പെടെ അറബ് ലോകത്തു കാൻസറിനെ അതിജീവിച്ച 15 പേരാണ് സർവൈവേഴ്സ് എന്ന പുസ്തകം അറബ് ഭാഷയിൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുറത്തിറക്കിയത്. കാൻസർ രോഗികൾക്ക് സഹായം നൽകിയും കാൻസറിനെതിരെ ബോധവൽക്കരണം നടത്തിയും 22 വർഷമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യൻറ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കോവിഡ് കാലത്തെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒപ്പം എന്ന പുസ്തവും ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവർത്തകനായ പുന്നക്കൻ മുഹമ്മദലി എഡിറ്റ് ചെയ്ത പുസ്തകത്തിൽ വിവിധ മേഖലകളിലെ 128 പേരുടെ കോവിഡ് നേരനുഭവങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.  ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ,  വിദ്യാർഥികൾ അങ്ങനെ പ്രവാസലോകത്തുനിന്നും നാട്ടിൽ നിന്നുമുള്ളവരാണ് ജീവിതാനുഭവങ്ങളെഴുതിയത്. 

ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ചു പറയുമ്പോൾ റൈറ്റേഴ്സ് ഫോറത്തെക്കുറിച്ചു പറയാതിരിക്കാനാകില്ല. ഷാർജ എക്സ്പോ സെൻററിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ഇന്ത്യൻ പ്രസാധകർക്കായി അനുവദിച്ചിരിക്കുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറം. 11 ദിവസം നീളുന്ന പുസ്തകമേളയിൽ 230 മലയാളപുസ്തകങ്ങളാണ് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്നത്. ഈ റൈറ്റേഴ്സ് ഫോറത്തിൻറെ ചുമതല കഴിഞ്ഞകുറേ വർഷങ്ങളായി നിർവഹിക്കുന്നതു ഒരു മലയാളിയാണ്. കോഴിക്കോട് ഒളവണ്ണ സ്വദേശി കെ.ടി.ഹമീദാണ് എഴുത്തുകാരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ ഏറ്റവും കൃത്യതയോടെ ഒരുക്കാൻ നേതൃത്വം നൽകുന്നത്. 15 വർഷമായി പുസ്തമേളയുടെ ഭാഗമാണ് കെ.ടി ഹമീദ്. മൂന്നുവർഷമായി റൈറ്റേഴ്സ് ഫോറത്തിൻറെ ചുമതലയാണ് വഹിക്കുന്നത്.

റൈറ്റേഴ്സ് ഫോറത്തിൽ ഏറ്റവുമധികം പുസ്തങ്ങൾ പ്രകാശനം ചെയ്യപ്പെടുന്ന വർഷമാണിത്. രാഷ്ട്രീയ നേതാക്കൾ, സിനിമാസാംസ്കാരിക നേതാക്കൾ, സാഹിത്യകാരൻമാർ അങ്ങനെ വ്യത്യസ്തമേഖലകളിലുള്ളവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. കെ.ടി.ഹമീദിൻറെ നേതൃത്വത്തിൽ ഗോപികാ പ്രകാശ്, ജെനി മറിയം ജോസ് എന്നിവരും സൌണ്ട് എൻജിനീയറായ ഷാജഹാൻ കൊച്ചിയും ചേർന്നാണ് റൈറ്റേഴ്സ് ഫോറത്തിലെ ഓരോ പുസ്തകപ്രകാശനങ്ങളും ക്രമീകരിക്കുന്നത്.

പുസ്തകങ്ങളുടെ വാങ്ങലും വിൽപ്പനയും പ്രകാശനവും മാത്രമല്ല ഷാർജ രാജ്യാന്തരപുസ്തകമേളയിലുള്ളത്. കുട്ടികൾക്കായി ഒട്ടേറെ ശിൽപശാലകളും മേളയോടനുബന്ധിച്ചു ഒരുക്കിയിരിട്ടുണ്ട്. ഫോട്ടോഗ്രഫി, ശാസ്ത്രം, അൽഗോരിതം, മാധ്യമങ്ങൾ, ഇലക്ട്രോണിക്സ് അങ്ങനെ വിവിധമേഖലകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന ഒട്ടേറെ പരിശീലനക്ളാസുകളും ശിൽപശാലകളുമാണ് അരങ്ങേറുന്നത്. നൃത്തം, ചിത്രരചന, കഥാകവിതാ രചന എന്നിവ പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ക്ളാസുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്.പുസ്തകമേളയിലെത്തുന്ന വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസൃതമായ ക്ളാസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഷാർജ ബുക് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഏഴാം നമ്പർ ഹാളിലാണ് വർക്ഷോപ്പുകൾ ഒരുക്കിയിരിക്കുന്നത്.

ഷാർജ രാജ്യാന്തര പുസ്തകമേളയെ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നതാണ് പുസ്തകമേളയുടെ നാൽപ്പതാം വാർഷികത്തിനു മാറ്റുകൂട്ടുന്നത്. 40 വർഷത്തെ ഷാർജ പുസ്തകമേളയുടെ ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് പങ്കെടുക്കുന്നത്. ആയിരത്തിലേറെ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

യുഎഇയിൽ ഏറ്റവുമധികമുള്ള പ്രവാസിസമൂഹമായ മലയാളികളുടെ സാംസ്കാരിക ആഘോഷംകൂടിയാണ് ഷാർജ പുസ്തകമേള. പുസ്തകമേളയിൽ ഏറ്റവും ആവേശത്തോടെയുള്ള പങ്കാളിത്തമാണ് മലയാളികളുടെ ഭാഗത്തുനിന്നുള്ളത്. കോവിഡ് കാരണം വെല്ലുവിളികൾ നേരിട്ട പുസ്തകപ്രസാധകമേഖലയ്ക്ക് ഊർജമായിരിക്കുകയാണ് ഷാർജ പുസ്തകോൽസവം. മഹാമാരിയുടെ പശ്താത്തലത്തിൽ കഴിഞ്ഞവർഷം ലോകത്തെ ഏല്ലാ കൂടിച്ചേരലുകളും നിർത്തിവച്ചപ്പോഴും ഷാർജ പുസ്തകമേള സംഘടിപ്പിച്ചിരുന്നു. അങ്ങനെ അതിജീവനത്തിൻറെ വലിയ പ്രതീക്ഷകൂടിയാണ് ഈ പുസ്തകമേള പങ്കുവയ്ക്കുന്നത്.