
യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ് രേഖപ്പെടുത്തിയതോടെ ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. 2023ന്റെ ആദ്യപാദത്തില്‍ 5.9 കോടി ദിര്‍ഹം മാത്രമായിരുന്ന ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം ഈ വർഷം ആദ്യ പാദത്തോടെ 52.6 കോടി ദിര്‍ഹമായി ഉയർന്നു. കഴിഞ്ഞ വർഷവുമായി തട്ടിച്ച് നോക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തില്‍ 41 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് കൈവരിക്കാനായത്. 2024 ആദ്യപാദത്തിലെ മൊത്തം ലാഭം കണക്കാക്കിയാൽ, അത് 2023ലെ മൊത്തം ലാഭത്തിന് തുല്യമാണ്.
2023 ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 475.2 കോടി ദിര്‍ഹമായിരുന്നുവെങ്കിൽ 2024 ആദ്യപാദത്തില്‍ ഇത് 573.9 കോടി ദിര്‍ഹമായാണ് വർധിച്ചത്. കമ്പനിയുടെ മൊത്ത വരുമാനത്തിൽ 98.7 കോടി ദിര്‍ഹമിന്റെ വര്‍ധനവാണ് ഈ വർഷമുണ്ടായത്. 2023നെ അപേക്ഷിച്ച് 42 ലക്ഷം യാത്രക്കാരാണ് 2024 ആദ്യപാദത്തില്‍ ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങളില്‍ പറന്നത്.
ചരക്ക് നീക്കം ഉൾപ്പടെയുള്ള മറ്റ് വരുമാന മാർഗങ്ങളിലും ഇത്തിഹാദ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് അവസാനമായിരുന്നു റമദാന് ആരംഭിച്ചതെന്നും, എന്നാൽ ഈ വര്‍ഷം മാര്‍ച്ച് ആദ്യ മാസം റമദാന് വന്നതിനാലാണ് വരുമാനം കുതിച്ചുയർന്നതെന്നും ഇത്തിഹാദ് എയര്‍വേസ് സി.ഇ.ഒ അന്റനോല്ഡ് നെവസ് അഭിപ്രായപ്പെട്ടു.
2023 അവസാനത്തോടെ ഒസാക്ക, കോപന്ഹേഗന് എന്നിവിടങ്ങളിലേക്കും 2024ന്റെ തുടക്കത്തിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് പുതിയ റൂട്ടുകള്‍ ആരംഭിച്ചിരുന്നു. ഇത് ഇത്തിഹാദ് എയര്‍വേസിന്റെ ലാഭം വർധിക്കുന്നതിൽ നിർണായകമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Etihad Airways reports record profit