കുവൈത്ത് ദേശീയ അസംബ്ലി പിരിച്ചുവിട്ടു: എം.പിമാർക്കെതിരെ ആഞ്ഞടിച്ച് കുവൈത്ത് അമീർ

mishal-al-ahmad-al-Jaber-al-Sabah
SHARE

കുവൈത്തിലെ തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയെ പിരിച്ചുവിടാനും ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തേക്ക് റദ്ദാക്കാനും ഉത്തരവിട്ട് കുവൈത്ത് അമീർ. കഴിഞ്ഞ ദിവസം രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കുവൈത്ത് ജനതയുടെ താൽപ്പര്യം സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും എം.പിമാരിൽ ചിലർ ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

കുവൈത്തിലെ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം നാലിന് നടന്നുവെങ്കിലും,  എം.പിമാരുടെ ദേശീയ അസംബ്ലിയിലെ സത്യപ്രതിജഞ നടന്നിരുന്നില്ല. അതിനിടെയാണ് കുവൈത്ത് അമീർ അപ്രതീക്ഷിതമായി അസംബ്ലി പിരിച്ചുവിടുന്നതായി പ്രഖ്യാപനം നടത്തിയത്. മൂന്നാമത്തെ തവണയാണ് കുവൈത്ത് ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ താൽക്കാലികമായി റദ്ദാക്കുന്നത്. 1976ലും 1986ലും സമാനമായ രീതിയിൽ ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. 

പതിനഞ്ച് വർഷത്തിനിടെ 10 തവണയെങ്കിലും കുവൈത്ത് ദേശീയ അസംബ്ലി പിരിച്ചുവിട്ടിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. അങ്ങനെ സംഭവിച്ചാൽ, 2 മാസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതുപ്രകാരമാണ് ഏപ്രിലില്‍ ഇലക്ഷൻ നടത്തിയത്. കഴിഞ്ഞവര്‍ഷം ജൂണിലും പാര്‍ലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പിലേക്ക് പോവുകയും ചെയ്തിരുന്നു. കുവൈത്തില്‍ നിരവധി വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.  

പാർലമെന്ററി ജനാധിപത്യവും ഭരണഘടനാ സംവിധാനവും നിലവിലുള്ള ആദ്യ ഗൾഫ് രാജ്യം കുവൈത്താണ്. നിയമനിർമാണത്തിൽ നിർണായക സ്വാധീനമാണ് എം.പിമാർക്കുള്ളത്. എന്നാൽ ദേശീയ അസംബ്ലിയും സർക്കാറും  തമ്മിലുള്ള തുടർച്ചയായ ഏകോപനമില്ലായ്മ കുവൈത്തിൽ തുടർക്കഥയാണ്. 

Kuwait’s Emir dissolves parliament 

MORE IN GULF
SHOW MORE