ദുബായ് പെട്ടി സമ്മാനം; മനംനിറഞ്ഞ് നന്ദി പറഞ്ഞ് ഷരീഫ് യാത്രയായി

ഷാർജ: അസുഖത്തെ തുടർന്ന് ജോലി ചെയ്യാനാകാത്തതിനാൽ ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേയ്ക്ക് മടങ്ങി. വെറുംകൈയോടെ മടങ്ങാനൊരുങ്ങിയ കണ്ണൂർ  കൂത്തുപറമ്പ് സ്വദേശി ഷരീഫ് (38) ഒടുവിൽ നിറമനസ്സോടെയാണ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ അറേബ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത്. കോവിഡ് –19 പശ്ചാത്തലത്തിൽ ഇത്തരത്തിൽ മടങ്ങുന്ന നിരാലംബർക്ക് അത്യാവശ്യ വീട്ടു സാധനങ്ങൾ ഉൾപ്പെടുത്തി ഖിസൈസ് അൽ തവാറിലെ എമിറേറ്റ്സ് കമ്പനീസ് ഹൗസ് ഉടമ കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണി സമ്മാനിക്കുന്ന ദുബായ് പെട്ടിയുമായാണ് ഇൗ യുവാവ് യാത്രയായത്. പെട്ടി കൂടാതെ, ഇഖ് ബാൽ മാർക്കോണി നൽകിയ അത്യാവശ്യ ചെലവിനുള്ള തുകയും

സാമൂഹിക പ്രവർത്തകൻ ആദിൽ സാദിഖ് സമ്മാനിച്ചു.

ഷരീഫിന്റെ കദന കഥ മനോരമ ഒാൺലൈനിൽ വായിച്ചറിഞ്ഞ് ഒട്ടേറെ പേർ ഇദ്ദേഹത്തെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകനും ഷാർജ െഎഎംസിസി വൈസ് പ്രസിഡൻ്റുമായ അനീസ് റഹ് മാൻ നീർവേലി, ഷരീഫിന് സമ്മാനങ്ങൾ നൽകി. സാമൂഹിക പ്രവർത്തകന്‍ ദീപു മഹാദേവ്, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ സൈമൺ, മനോജ് എന്നിവരും അടൂർ ഗ്ലോബൽ യുഎഇ കൂട്ടായ്മയും ഷരീഫിൻ്റെ പ്രശ്നങ്ങൾ തീർത്ത് യാത്രയാക്കാൻ വേണ്ടി ഏറെ പരിശ്രമിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു.

വാടകവീട്ടിൽ കഴിയുന്ന അഞ്ചുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷരീഫ് ഷാർജയിലെ ഒരു റസ്റ്ററൻ്റിൽ ജോലി ലഭിച്ച് അധികം കഴിയുന്നതിന് മുൻപേ രോഗം പിടികൂടുകയായിരുന്നു. സന്ദർശക വീസയിലെത്തി ഏറെ ശ്രമിച്ചതിനെ തുടർന്നാണ് ഷാർജയിലെ കൊല്ലം സ്വദേശി സുധീർ എന്നയാളുടെ റസ്റ്ററൻ്റിൽജോലി ലഭിച്ചത്. നവംബർ 24ന് വീസ പതിച്ചുകിട്ടി. ജനുവരിയിൽ മൂത്രത്തിൽ പഴുപ്പുണ്ടാവുകയും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു.  

തുടർന്ന് ഡോക്ടർമാർ പരിശോധിച്ച് വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചു. ഇതിന് വലിയ തുക ആവശ്യം വരുമെന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് സുരക്ഷ പോലുമില്ലാത്ത ഷരീഫ് ശരിക്കും കുടുക്കിലായി.  അൽ ഖാസിമി ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ, ശസ്ത്രക്രിയ വേണമെന്നും ഇതിന് 4,500 ദിർഹം ചെലവു വരുമെന്നും അറിയിച്ചു. ഇതേതുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വീസ ക്യാൻസൽ ചെയ്യുന്നതടക്കമുള്ള നടപടികൾ റസ്റ്ററൻ്റ് ഉടമ സുധീർ പൂർത്തിയാക്കി.