TOPICS COVERED

ബഹിരാകാശ യാത്രയുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍ തൂവല്‍ക്കൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു. അപ്പോളോ ദൗത്യങ്ങൾക്ക് അരനൂറ്റാണ്ടിനുശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്. ഭൂമിയിൽ നിന്ന് ഇതുവരെ ആരും പോയിട്ടില്ലാത്തത്ര ദൂരത്തേക്കാണ് ആർട്ടിമിസ് II' യാത്ര.

ഈ യാത്രയുടെ മുന്‍ നിരയില്‍ ഒരു വനിതയും ഉണ്ടെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. നാസയുടെ മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്. 2026 ഏപ്രിൽ 3-ന്, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വനിത എന്ന പേര് ക്രിസ്റ്റീന കോക്കിന് സ്വന്തമായി.

ആർട്ടെമിസ് 2 ദൗത്യത്തിന്‍റെ ഭാഗമായി അവർ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കുതിച്ചപ്പോൾ പിറന്നത് മറ്റൊരു ചരിത്രമാണ്. വെള്ളിയാഴ്ച ഉച്ചയോടെ അവർ ഭൂമിയിൽ നിന്ന് ഏകദേശം 1,60,000 കിലോമീറ്റർ അകലെയായിരുന്നു. ഏപ്രിൽ 6-ന് ചന്ദ്രനെ ചുറ്റുന്ന സമയത്ത് അവർ ഭൂമിയിൽ നിന്ന് ഏകദേശം 4,05,586 കിലോമീറ്റർ അകലെയായിരിക്കും.

മുമ്പ് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ അതായത് ലോ എര്‍ത്ത് ഓര്‍ബിറ്റിലായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍ ക്രിസ്റ്റീനയും സംഘവും അതും മറികടന്ന് ബഹിരാകാശത്തിലെ ഡീപ് സ്പേസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2013-ലാണ് ക്രിസ്റ്റീന നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

പിന്നീട് 2019 മാർച്ച് 14-ന് റഷ്യൻ പേടകമായ സോയൂസിലായിരുന്നു അവരുടെ ആദ്യ ബഹിരാകാശ യാത്ര. ഈ യാത്രയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർച്ചയായി 328 ദിവസം ഒറ്റയ്ക്ക് ചെലവഴിച്ച വനിതാ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡും ക്രിസ്റ്റീന കോക്കിന് സ്വന്തമായിരുന്നു.

2019 ഒക്ടോബർ 18-ന് സഹയാത്രികയായ ജെസിക്ക മെയറിനൊപ്പം വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും പൂർത്തിയാക്കി. 1963-ൽ ബഹിരാകാശത്തെത്തിയ ആദ്യ വനിത വാലന്‍റീന തെരഷ്കോവ മുതൽ ഇങ്ങോട്ടുള്ള ശാസ്ത്രലോകത്തിന്റെ നേട്ടങ്ങളുടെ തുടർച്ചയാണ് ഇതും.

ചന്ദ്രന്‍റെ സമീപത്തെത്തുന്ന ആദ്യ വനിത എന്ന റെക്കോഡ് മാത്രമല്ല, നിലവിൽ അപ്പോളോ 13 താണ്ടിയ ദൂരത്തിന്‍റെ റെക്കോർഡും ആർട്ടെമിസ് II മറികടന്നു. 50 വർഷങ്ങൾക്കിപ്പുറം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്ന നാസയുടെ ദൗത്യമാണ് ആര്‍ട്ടിമസ്. നമ്മൾ ചന്ദ്രനിലേക്ക് തിരികെ പോകുന്നുവെന്നാണ് നാസ ആര്‍ട്ടെമിസിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.

യാത്രയില്‍ ക്രിസ്റ്റീനയ്‌ക്കൊപ്പം റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ എന്നിവരും ഈ സംഘത്തിലുള്ളത്. ഭാവിയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ പോകുന്ന യാത്രികർക്ക് സുരക്ഷിതമായി അവിടെ കഴിയാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ബഹിരാകാശത്തെ ജീവൻരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുന്ന തിരക്കിലാണിപ്പോൾ ക്രിസ്റ്റീനയും സംഘവും.

ENGLISH SUMMARY:

Artemis II is making history by sending humans back to the Moon for the first time in half a century, venturing further than ever before. This groundbreaking mission features NASA Mission Specialist Christina Koch, who has set a new record for the furthest distance traveled by a woman from Earth.