representative image

representative image

ഭൂമിക്ക് പുറത്ത് മറ്റൊരു ലോകമുണ്ടോ? പറക്കുംതളികകളും അന്യഗ്രഹജീവികളും വെറും സിനിമാക്കഥകൾ മാത്രമാണോ എന്ന് പതിറ്റാണ്ടുകളായി ലോകം ചോദിക്കുന്ന ചോദ്യങ്ങൾക്ക് വീണ്ടും തീപിടിപ്പിച്ചുകൊണ്ടാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ തങ്ങളുടെ കൈവശമുണ്ടായിരുന്ന യുഎഫ്ഒ രഹസ്യരേഖകളുടെ രണ്ടാം ബാച്ച് ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ഉത്തരവിനെ തുടർന്ന് ‘PURSUE’ അഥവാ Presidential Unsealing and Reporting System for UAP Encounters പ്രോജക്റ്റിന്റെ ഭാഗമായാണ് കഴിഞ്ഞ മെയ് 8-ന് പുറത്തുവിട്ട ഒന്നാം ഭാഗത്തിന് പിന്നാലെ ഇപ്പോൾ 64 ലധികം പുതിയ രഹസ്യ ഫയലുകളും അമ്പരപ്പിക്കുന്ന 51-ൽ അധികം വിഡിയോകളും വോയ്‌സ് റെക്കോർഡുകളും പുറത്തുവന്നിരിക്കുന്നത്.

aliens-radar

ഈ ഔദ്യോഗിക റിപ്പോർട്ടുകളിൽ ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത് ഒരു യുഎസ് ഇന്റലിജൻസ് ഓഫീസർ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമ്പോൾ തന്റെ വിമാനത്തിന് തൊട്ടടുത്തായി രണ്ട് ഭീമാകാരമായ ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ കണ്ടതായി സാക്ഷ്യപ്പെടുത്തിയ സംഭവമാണ്. വിമാനത്തെ പിന്തുടർന്ന ഈ ഗോളങ്ങൾ നിമിഷങ്ങൾക്കകം ഒരു ത്രികോണ ആകൃതിയിലേക്ക് മാറി ആകാശത്ത് അപ്രത്യക്ഷമായപ്പോൾ അക്ഷരാർഥത്തിൽ തങ്ങൾ നിശബ്ദരായിപ്പോയി എന്നാണ് അദ്ദേഹം ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ഇതിനുപുറമേ 2020, 2024 വർഷങ്ങളിൽ ചിത്രീകരിക്കപ്പെട്ട ചില വിഡിയോകളിൽ വൃത്താകൃതിയിലുള്ള ചില വിചിത്ര പ്രതിഭാസങ്ങൾ യുദ്ധവിമാനങ്ങൾക്ക് തൊട്ടുമുകളിലൂടെ മിന്നിത്തിളങ്ങി മനുഷ്യനിർമിതമായ സാങ്കേതികവിദ്യകൾക്ക് ചിന്തിക്കാൻ പോലുമാകാത്ത വേഗതയിൽ പാഞ്ഞുപോകുന്ന ദൃശ്യങ്ങളും, 1948-1950 കാലഘട്ടത്തിൽ സാൻഡിയയിലെ ടോപ്പ്-സീക്രട്ട് മിലിട്ടറി ഫെസിലിറ്റിക്ക് മുകളിലായി ഇരുന്നൂറിലധികം തവണ പ്രത്യക്ഷപ്പെട്ട് അമേരിക്കയെ മുൾമുനയിൽ നിർത്തിയ 'ഗ്രീൻ ഫയർബോൾസ്' അഥവാ പച്ച നിറത്തിലുള്ള പ്രകാശഗോളങ്ങളെക്കുറിച്ചുള്ള 116 പേജുള്ള ചരിത്രരേഖകളും ഈ ഫയലുകളിലുണ്ട്.  

aliens-watching-earth

അതിനൊപ്പം തന്നെ 2023 ഫെബ്രുവരിയിലേക്ക് ഹ്യൂറോണിന് മുകളിലായി കണ്ടെത്തിയ ഒരു നിഗൂഢ വസ്തുവിനെ യുഎസ് എയർഫോഴ്സ് വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യങ്ങളും, 1969-ൽ ചന്ദ്രനിലേക്ക് പോയ അപ്പോളോ 12-ലെ ബഹിരാകാശ സഞ്ചാരികൾ വിചിത്രമായ  ഒരു പ്രതിഭാസത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്ന, ഇതുവരെ ആരും കേൾക്കാത്ത അതീവ രഹസ്യമായ ഓഡിയോ ക്ലിപ്പും ഇതോടൊപ്പം പുറത്തുവിട്ട രേഖകളിൽ ഉൾപ്പെടുന്നു.

എന്നാൽ, നടുക്കുന്ന ഈ ദൃശ്യങ്ങളും ഓഡിയോകളും എല്ലാം ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടെങ്കിലും, ഇതൊന്നും ഭൂമിക്ക് പുറത്തുള്ള അന്യഗ്രഹജീവികളുടെ സാന്നിധ്യമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് പെന്റഗൺ ഇപ്പോഴും വ്യക്തമാക്കുന്നത്. മാത്രമല്ല, പല വീഡിയോകളുടെയും വിശ്വാസ്യത പൂർണ്ണമായി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. അതേസമയം, ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ "ഇവിടെ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി ഇനി അമേരിക്കക്കാർ സ്വന്തമായി തീരുമാനമെടുക്കട്ടെയെന്നാണ്, ട്രൂത്ത് സോഷ്യലിൽ ഡൊണാൾഡ് ട്രംപ് കുറിച്ചത്. ഏതായാലും അന്യ​ഗ്രഹജീവികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇവിടെ‌യെങ്ങും തീരുന്നില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകളിലെ സൂചന.

ENGLISH SUMMARY:

UFO declassified documents reveal startling new information about unidentified aerial phenomena. The latest batch of documents released by the US Department of War includes over 64 new secret files and more than 51 videos and voice recordings, fueling ongoing speculation about extraterrestrial life.