iss-decommissioning-china-benefit

ഭൂമിയിലേതുപോലെ ആധിപത്യം സ്ഥാപിക്കാന്‍ ബഹിരാകാശത്തും രാജ്യങ്ങള്‍ തമ്മില്‍ കടുത്ത മല്‍സരമാണ്. അമേരിക്കയും ചൈനയുമാണ് പ്രധാന എതിരാളികള്‍. മനുഷ്യനെ വീണ്ടും ആര് ആദ്യം ചന്ദ്രനിലെത്തിക്കുമെന്നാണ് ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ നാസ 2031ല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്.എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ അത് നേട്ടമാക്കി മാറ്റാന്‍ തയാറെടുക്കുകയാണ് ചൈന.

1998ല്‍ അമേരിക്ക,റഷ്യ,യൂറോപ്പ്, ജപ്പാന്‍,കാനഡ എന്നിവടങ്ങളിലെ സ്പേസ് ഏജന്‍സികള്‍ സംയുക്തമായാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചത്. എന്നാല്‍ ചൈനയുടെ ബഹിരാകാശ പദ്ധതികൾക്ക് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നേതൃത്വം നൽകുന്നുവെന്ന ആശങ്കകളെത്തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ചൈനയെ വിലക്കിയിരുന്നു. ഇതോടെ 2021ല്‍  ഭൂമിയുടെ ഭ്രമണപഥത്തോട് ചേര്‍ന്ന് ചൈന ഒറ്റയ്ക്ക് ടിയാൻഗോങ് എന്ന പേരില്‍ ഒരു ബഹിരാകാശനിലയം സ്ഥാപിച്ചു. അങ്ങനെ സ്വന്തമായി ബഹിരാകാശനിലയമുള്ള ഏക രാജ്യമായി ചൈന മാറി.

ബഹിരാകാശത്തെ മനുഷ്യനിർമിച്ചതില്‍വച്ച് ഏറ്റവും വലിയ ഘടനയും ഭൂമിയെ ചുറ്റുന്ന സ്ഥിരം പരീക്ഷണശാലയുമായ ഐഎസ്എസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി.  ഇതോടെ, ഭൂമിയെ ഭ്രമണം ചെയ്യുന്ന ഏക ബഹിരാകാശ നിലയമായി ചൈനയുടെ ടിയാന്‍ഗോങ് മാറും.  തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ വലുപ്പം നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വര്‍ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഒരു ഫുട്ബോൾ കോർട്ടിൻ്റെ വലുപ്പമുള്ള ഐഎസ്എസ്സുമായി താരതമ്യം ചെയ്യുമ്പോൾ ടിയാൻഗോങ് ചെറുതാണ്. എന്നാല്‍ ചൈനയുടെ പുതിയ നീക്കത്തോടെ ടിയാൻഗോങ്ങിന്റെ വലുപ്പം കൂട്ടാനാകും.

iss-decommissioning-china-benefit-02

ശാസ്ത്ര പരീക്ഷണങ്ങള്‍ നിറവേറ്റാനും രാജ്യാന്തര സഹകരണം വര്‍ധിപ്പിക്കാനുമാണ് ബഹിരാകാശ നിലയത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നത്. ടി ആകൃതിയിലാണ് നിലവില്‍ ടിയാന്‍ഗോങ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ നാലാമതൊരു മൊഡ്യൂള്‍ കൂടി സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതോടെ നിലയം ക്രോസ് രൂപത്തിലാകും.  പുതിയ മൊഡ്യൂളിൽ, ഭാവിയിൽ ഘടിപ്പിക്കാനുള്ള രണ്ട് പരീക്ഷണശാലാ യൂണിറ്റുകൾ ഉൾപ്പെടെ ഘടിപ്പിക്കാൻ ഒന്നിലധികം ഡോക്കിങ് പോർട്ടുകളുണ്ടാകും. ഇതോടെ ഭാവിയില്‍ ആറ് മൊഡ്യൂളുകളുള്ളതും ഏകദേശം 180 ടൺ ഭാരമുള്ളതുമായ ഒരു ഘടനയായി നിലയം മാറും.

ഇരുപത്തിനാലിലധികം ചൈനീസ് ബഹിരാകാശയാത്രികർ ഇതുവരെ നിലയത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 260-ൽ അധികം ശാസ്ത്രീയ പരീക്ഷണങ്ങൾക്കും 26 ബഹിരാകാശ നടത്തങ്ങൾക്കും യാത്രികർ ഈ നിലയം ഉപയോഗിച്ചു.  നിലയം വിപുലീകരിക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ചൈനയുടെ ബഹിരാകാശനിലയം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ പ്രവര്‍ത്തനം കൂടി നിര്‍ത്തുന്നതോടെ ചൈനയുടെ പ്രതീക്ഷകള്‍ ഫലം കാണുമെന്നും ശാസ്ത്ര ലോകം വിലയിരുത്തുന്നു. ഇതോടെ ബഹിരാകാശ രംഗത്ത് ചൈനയുടെ ആധിപത്യം പതിമടങ്ങാകും. 

ENGLISH SUMMARY:

China is set to benefit from the decommissioning of the International Space Station (ISS) in 2031, as they prepare to expand their own Tiangong space station. This strategic move by China aims to increase its influence and collaboration in space.