ബഹിരാകാശ രംഗത്ത് അമേരിക്കയും ചൈനയും കടുത്ത മല്‍സരം തുടരുന്നതിനിെട പുതിയ പ്രഖ്യാപനത്തോടെ ഒരുപടി കൂടി മുന്നില്‍ എത്തിരിക്കുകയാണ് അമേരിക്ക. ചന്ദ്രനെ വിജയകരമായി വലംവച്ചതിനു പിന്നാലെ ചന്ദ്രനില്‍ സ്ഥിരം താവളം നിര്‍മിക്കാനുള്ള കര്‍മ്മപദ്ധതി തയാറാക്കിയിരിക്കുകയാണ് നാസ. ചന്ദ്രിനില്‍ സ്ഥിരം താവളം നിര്‍മിക്കുമെന്ന് നാസ മുന്‍പും പറഞ്ഞിരുന്നെങ്കിലും എപ്പോള്‍, എങ്ങനെ എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ മൂണ്‍ ബേസ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങള്‍ പ്രഖ്യാപിച്ചതോടെ ശാസ്ത്രലോകത്ത് മറ്റൊരു ചരിത്രപിറവിക്ക് കൂടി നാസ വാതില്‍ തുറന്നുകൊടുത്തു.
എന്താണ് മൂണ്‍ ബേസ് പദ്ധതി
ചന്ദ്രനില്‍ മനുഷ്യര്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ശാസ്ത്രീയ ഗവേഷണം നടത്താനും കഴിയുന്ന ഒരു സ്ഥിര താവളം നിര്‍മിക്കുന്ന നാസയുടെ പദ്ധതിയാണ് മൂണ്‍ ബേസ്. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് ദക്ഷിണധ്രുവത്തില്‍ മൂണ്‍ ബേസ് സ്ഥാപിക്കുക. ഇതിനായുള്ള കരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നാസ നല്‍കി കഴിഞ്ഞു. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന് ഉള്‍പ്പെടെ കരാര്‍ ലഭിച്ചിട്ടുണ്ട്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടെമീസ് ദൗത്യങ്ങളുടെ ഭാഗമായാണ് മൂണ്‍ ബേസ് പദ്ധതിയും നടപ്പാക്കുക. 2000 കോടി ഡോളറിന്റെ പദ്ധതിയാണ് നാസ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
പദ്ധതിയുെട പ്രധാന മൂന്ന് ഘട്ടങ്ങള്‍
ആദ്യഘട്ടം (2026-2029)
ഈ വര്‍ഷം തുടങ്ങി 2029 വരെ നീണ്ട് നില്‍ക്കുന്ന ആദ്യഘട്ടത്തിലാകും റോവറുകള്‍, കമ്യൂണിക്കേഷന്‍ റിലേ സാറ്റലൈറ്റുകള്‍, ഒബ്സര്‍വേഷന്‍ സാറ്റലൈറ്റുകള്‍, നാല് ഡ്രോണുകള്‍ എന്നിവ ചന്ദ്രനില്‍ എത്തിക്കുക. ഈഘട്ടത്തിലേക്കായി ബ്ലൂ ഓര്‍ജിനിന്റെ ബ്ലൂ മൂൺ മാർക്ക് 1 എൻഡ്യൂറൻസ് ലാൻഡറിന് കരാര്‍ നല്‍കിയെന്നും നാസ അറിയിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷം സെപ്റ്റംബറിനു ശേഷം വിക്ഷേപിക്കുന്ന ദൗത്യത്തിൽ, ലാൻഡറിലെ ത്രസ്റ്ററുകൾ ചാന്ദ്രപ്രതലവുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്ന് പഠിക്കാനുള്ള സ്റ്റീരിയോ ക്യാമറകൾ, ലേസർ രശ്മികൾ പ്രതിഫലിപ്പിച്ച് ഓർബിറ്റിങ് പേടകങ്ങൾക്ക് കൃത്യമായ സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ലേസർ റെട്രോറിഫ്ലക്റ്റീവ് അറേ തുടങ്ങിയ ഉപകരണങ്ങളും ചന്ദ്രനിലെത്തിക്കും. 2028ലെ ആർട്ടിമിസ്-3 ദൗത്യത്തിൽ ചന്ദ്രനില്‍ എത്തുന്ന മനുഷ്യര്‍ക്ക് ഉപയോഗിക്കാനുള്ള ലൂണാർ ടെറൈൻ വെഹിക്കിൾ എത്തിക്കാനും നാസ ലക്ഷ്യമിടുന്നുണ്ട്.
രണ്ടാംഘട്ടം(2029-2032)
രണ്ടാമത്തെ ഘട്ടം മൂണ്‍ ബേസിലെ ഊര്‍ജ സംവിധാനങ്ങളുടെ നിര്‍മിതിക്ക് പ്രാധാന്യം നല്‍കുന്നു. 2029 മുതല്‍ 2032 വരെയാണ് രണ്ടാം ഘട്ടം നടപ്പാക്കുക. സോളാര്‍–ന്യൂക്ലിയാര്‍ ഊര്‍ജം ഉപയോഗിച്ചാകും പവര്‍ ഗ്രിഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം സംവിധാനങ്ങള്‍ നിര്‍മിക്കുക.
മൂന്നാംഘട്ടം (2032–)
2032 മുതല്‍ മൂന്നാംഘട്ടം തുടങ്ങും. സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുന്നതോടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മൂണ്‍ ബേസില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടേയിരിക്കും.
എന്തുകൊണ്ട് ദക്ഷിണധ്രുവം
ജലസാന്നിധ്യവും ധാതുലവണ സ്രോതസുകളുമാണ് ഗവേഷണങ്ങള്‍ക്ക് ദക്ഷിണധ്രുവം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്നാല്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാത്തതും കടുത്ത തണുപ്പുമെല്ലാം നേരിടാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുമെന്നതും മറ്റൊരു പ്രതിസന്ധിയാണ്.