Untitled design - 1

കൊച്ചിയിൽ ഇക്കഴിഞ്ഞയാഴ്ച ഭീമാകാരനായ UAP കണ്ടെന്ന് അവകാശപ്പെട്ട് മലയാളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരുപാട് കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും ഒരുപക്ഷേ കോൺട്രവേഴ്സികൾക്കും ഇടയാക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കുറിപ്പെഴുതുന്നതെന്ന് ജിയോ ക്രിസ്റ്റി ഈപ്പന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'മുൻവിധിയോടെ മാത്രം വായിക്കുക, കാണുക, ചിന്തിക്കുക. പറക്കും തളികകളും, അന്യഗ്രഹ ജീവികളും കെട്ടുകഥയും തോന്നലുകളും മാത്രമായിരുന്ന കാലം കഴിഞ്ഞു. അമേരിക്കൻ കോൺഗ്രസ് UAP (Unidentified Aerial Phenomena) ബന്ധപ്പെട്ട ഹിയറിംഗുകൾ (hearings) തുടങ്ങി. UFO-കളെ പറ്റി അന്വേഷിക്കാൻ പെന്റഗൺ ആരംഭിച്ച, പിന്നീട് അവസാനിപ്പിച്ച "ഓപ്പറേഷൻ ബ്ലൂ ബുക്ക്" (Operation Blue Book) എന്ന പരിപാടിക്ക് പകരമായി 2022-ൽ "ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ്" (All-domain Anomaly Resolution Office - AARO) എന്ന കമ്മിറ്റിക്ക് രൂപം കൊടുത്തു. അമേരിക്കൻ നേവി പൈലറ്റുമാർ കണ്ട ടിക്-ടാക് UFO-യുടെ (Tic-Tac UFO) ദൃശ്യങ്ങൾ (നിമിറ്റ്സ് സംഭവം) പെന്റഗൺ പുറത്തുവിട്ടു. ശാസ്ത്രജ്ഞരും പൊളിറ്റീഷ്യൻസും UAP ഇൻസിഡന്റുകളെ ഗൗരവതരമായി കാണാൻ തുടങ്ങി, പഠിക്കാനും വിവിധ സംഭവങ്ങൾ ക്രെഡിബിൾ (credible) ആയ ശാസ്ത്രീയ പരിശോധനകൾക്കും പഠനങ്ങൾക്കും വിധേയമാക്കിയും തുടങ്ങി. അങ്ങനെ UFO, UAP ഫിനോമിനകൾ ലോകം ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ.

അതൊക്കെ അങ്ങ് അമേരിക്കയിലല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ. ഇവിടെ കൊച്ചിയിൽ ഞങ്ങൾ കണ്ട UAP-യെ അത്ര നിസ്സാരമായി തള്ളിക്കളയാനാകില്ല. അത്രയേറെ നാടകീയമായ, വിശദീകരിക്കാൻ ഏറെ പ്രയാസമുള്ള ഒരു 40-60 സെക്കൻഡ്സ്. അത് എന്നെയും അന്നമ്മയെയും വളരെ സാരമായി ബാധിച്ചു. ഇത് നേവി, എയർഫോഴ്സ് അടക്കം പലരിലേക്കും എത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു, ഒടുവിൽ ഇത് പുറത്തുവിട്ടാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ. മറ്റാരെങ്കിലും അന്ന് ദിവസം അതേ സമയം ഇങ്ങനെയാന്ന് കണ്ടിരുന്നുവോ എന്ന് അറിയാനുള്ള ശാസ്ത്രീയ കൗതുകം കൂടി ഉണ്ട് ഈ എഴുത്തിന് പിന്നിൽ.

ഈ മാസം 15-ആം തീയതി (വെള്ളിയാഴ്ച) വൈകിട്ട് 7.45 കഴിഞ്ഞുകാണും. ഞാൻ ഓഫീസ് വിട്ട് നെട്ടൂരുള്ള വീട്ടിൽ എത്തിയ വൈകുന്നേരം. വണ്ടി പുറത്തുവെച്ച് വീട്ടിനുള്ളിൽ കയറി (മാർക്കറ്റിൽ പോകാനുള്ള തിരക്കിൽ). അന്നമ്മയും ജോപ്പനും മിലോയും ഞാനും വീട്ടിൽ ഞാൻ എത്തിയാലുള്ള പതിവ് മൊമെന്റ്സിൽ (moments) ആയിരുന്നു. ഏതാനും മിനിറ്റുകളിൽ വലിയൊരു കാറ്റും മിന്നലും തുടങ്ങി. പൊടുന്നനെ അടിച്ച കാറ്റിൽ മുറ്റത്തിനു വെളിയിൽ നിൽക്കുന്ന മരങ്ങളും തെങ്ങുകളും ആടി ഉലയുന്നത് കണ്ട്, വണ്ടി എടുത്ത് അകത്തുവെക്കാനായി ഞാൻ ഗേറ്റ് തുറക്കാൻ ഓടിയിറങ്ങി. ജോപ്പനും മിലോയും പിന്നാലെയും.

വണ്ടി എടുക്കാൻ ആഞ്ഞ എന്റെ കണ്ണിൽ വീടിനു മുകളിൽ ഒരു രണ്ട് തെങ്ങിന്റെ ഉയരത്തിൽ സീരിയലായി (serial) വളരെ വേഗം വട്ടത്തിൽ പായുന്ന ലൈറ്റ്സ് (lights) കണ്ണിൽപ്പെട്ടു. ഒന്നിനുപിറകെ ഒന്നായി തെങ്ങിനോളം മുട്ടിനിൽക്കുന്ന മേഘമോ മഞ്ഞോ എന്ന് തിട്ടമില്ലാത്ത ഒന്നിനുള്ളിലൂടെ ചതുരത്തിലുള്ള വെളിച്ചങ്ങൾ ഒരു ലേസർ ഗണ്ണിൽ (laser gun) എന്നപോലെ വെളിച്ച വേഗതയേക്കാൾ വേഗതയിൽ വട്ടത്തിൽ പായുന്ന അവിശ്വസനീയമായ കാഴ്ച!

അന്നമ്മയെ അലറിവിളിച്ചു, ഫോൺ എടുത്തുകൊണ്ടുവരാൻ. അവൾ ഫോണുമായി ഓടിയിറങ്ങി വന്നു. അവൾകളും കാണുകയാണ് ഈ കാഴ്ച ഒരു സിനിമയിൽ എന്നപോലെ. ഈ വീടിനും ഒരു 100 മീറ്റർ അകലെയുള്ള പള്ളിയുടെ മുകളിൽ നിന്ന് തുടങ്ങി ഈ വീടിന്റെ അപ്പുറത്ത് ഒരു 50 മീറ്റർ കൂടി വിസ്താരം വരുന്ന അത്ര വലിപ്പത്തിൽ ഒരു ചക്രം പോലെ കറങ്ങുന്ന വെളിച്ചങ്ങൾ. അന്നമ്മയുടെ സാംസങ് ഗാലക്സി (Samsung Galaxy) ഫോൺ ക്യാമറയിൽ ആ ദൃശ്യം പകർത്താൻ ഞാൻ ശ്രമിച്ചു, പതിഞ്ഞു എന്നുതന്നെ കരുതി.

ഒരു 10-15 സെക്കൻഡ്സ് എന്റെയും അന്നമ്മയുടെയും കൺമുന്നിൽ മുകളിൽ ഈ ദൃശ്യം അങ്ങനെ നിന്നു. വിമാനങ്ങളുടെ ഇരമ്പലോ, ഡ്രോണിന്റെ (drone) ശബ്ദമോ, ഇടിനാദമോ, വെടിക്കെട്ടിന്റെ ശബ്ദമോ ഒന്നുമില്ലാതെ വെളിച്ചങ്ങൾ. 40 കിലോമീറ്ററിലേറെ വേഗതയിൽ വീശുന്ന കാറ്റിൽ തൊട്ടടുത്ത വീട്ടുമുറ്റത്ത് നിൽക്കുന്ന ഞാവലിന്റെ മുകളിലേക്കുള്ള തായ്ത്തടി ഒടിയുന്ന ശബ്ദവും വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദവുമല്ലാതെ ഒന്നുമില്ല. ഒരു നിമിഷാർദ്ധത്തിൽ ആ വെളിച്ചങ്ങൾ അപ്രത്യക്ഷമായി. അതേ നിമിഷം തന്നെ കാറ്റും.

ആദ്യത്തെ ഞെട്ടലും അവിശ്വസനീയതയും അടങ്ങിയപ്പോൾ ഫോണിൽ പകർത്തിയ വീഡിയോ നോക്കിയ ഞങ്ങൾക്ക് നിരാശയായിരുന്നു ഫലം. ഞങ്ങളുടെ റിയാക്ഷനും (reaction) കാറ്റിന്റെ ദൃശ്യവുമല്ലാതെ ആ വെളിച്ചങ്ങൾ ക്യാമറയിൽ പതിഞ്ഞില്ല. അത്രയേറെ വേഗതയിൽ കറങ്ങുന്ന വെളിച്ചങ്ങൾ ഡിഫോൾട്ട് നൈറ്റ് വിഷൻ (default night vision) ഓൺ ആയ മൊബൈൽ ഫോൺ ക്യാമറയുടെ സെൻസർ ക്യാപ്ചർ ചെയ്ത് കാണാൻ ഇടയില്ല. ഒരുപക്ഷേ ഈ രംഗത്തെ വിദഗ്ദ്ധർക്ക് അത് ഡീകോഡ് (decode) ചെയ്ത് എടുക്കാൻ സാധിക്കുമായിരിക്കാം. ആ വീഡിയോയും അതിനുശേഷമുള്ള ഒരു ക്ലിപ്പും നിങ്ങൾക്ക് കാണാൻ, പഠിക്കാൻ ഈ പോസ്റ്റിൽ ചേർക്കാം.

നിരാശയിൽ നിന്ന് തീവ്രമായ പഠനം ആരംഭിച്ചു ഞങ്ങൾ. കിട്ടിയ കാർഡ്ബോർഡ് പേപ്പറിൽ ഞാൻ ആ ദൃശ്യം കോറിയിട്ടു അറിയാവുന്നതുപോലെ. അത് ജെമിനിക്ക് (Gemini) നൽകി ഒരു ഗ്രാഫിക്സ് (graphics) ഉണ്ടാക്കി. അതാണ് ഈ ചിത്രം. അതിൽ നിങ്ങൾക്ക് ഞങ്ങൾ കണ്ട വെളിച്ചങ്ങളുടെ ഒരു രൂപം കാണാം. ഞങ്ങൾ കണ്ടത് പക്ഷേ ഈ ചിത്രത്തിലുള്ളതിനേക്കാൾ ഒരു 3 മടങ്ങ് വ്യാസത്തിലാണെന്ന് ഓർക്കണം. 

കൊച്ചി നേവൽ ബേസിനോട് (Cochi Naval Base) അടുത്ത പ്രദേശമായ നെട്ടൂർ നിവാസികളായ ഞങ്ങൾക്ക് ഈ സംഭവം ഉണ്ടാക്കിയ ഞെട്ടൽ എത്രത്തോളമാണെന്ന് ഓർക്കുക, പ്രത്യേകിച്ചും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ. പല തരത്തിലും വ്യാഖ്യാനിക്കാൻ നോക്കി—ഈ കഴിഞ്ഞ ഒരാഴ്ച യുദ്ധത്തോടനുബന്ധിച്ച എന്തെങ്കിലും സംഭവങ്ങളോ എക്സർസൈസുകളോ (exercises) നടന്ന വാർത്തകൾ ഉണ്ടോ എന്നറിയാൻ. പക്ഷേ ഒന്നും ഉണ്ടായില്ല. അധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചു പല തരത്തിൽ, പല ആളുകളിലൂടെ. അതും വിഫലമായി. തുടർന്നാണ് ഇത് തുറന്നെഴുതാൻ ഞങ്ങൾ തീരുമാനിച്ചത്. അങ്ങനെയാണ് ഈ കുറിപ്പ് രൂപം കൊള്ളുന്നതും നിങ്ങൾ വായിക്കുന്നതും.

ഇനി പഠിക്കേണ്ടവർക്ക് പഠിക്കാം, കളിയാക്കേണ്ടവർക്ക് കളിയാക്കാം, ചർച്ച ചെയ്യേണ്ടവർക്ക് ചർച്ച ചെയ്യാം.

ഇത് കണ്ടിട്ടെങ്കിലും ശാസ്ത്ര സമൂഹം സമീപിച്ചാൽ ഉള്ള ദൃശ്യങ്ങൾ കൈമാറാനും അനുഭവം പങ്കുവെക്കാനും പോളിഗ്രാഫ് ടെസ്റ്റ് (polygraph test) അടക്കം പരിശോധനകൾക്ക് വിധേയപ്പെടാനും ഞാനും അന്നമ്മയും സർവ്വത്മനാ തയ്യാറുമാണ്. 

എന്തുതന്നെയായാലും ഒരു non-human intelligence ഉണ്ടെന്ന കാര്യത്തിൽ USA, UK അടക്കമുള്ള രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്, നമുക്കും അത്തരം ഡോക്യുമെന്റേഷനുകളും (documentations) പഠനങ്ങളും തുടങ്ങിയവയ്ക്കുള്ള ഒരു വെടി ഒരുങ്ങാൻ ഞങ്ങളുടെ അനുഭവം ഇടയാക്കുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാകും.' –  ജിയോ ക്രിസ്റ്റി ഈപ്പന്‍ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Kochi UAP sighting reports a mysterious event witnessed by a Malayali in Kochi, sparking curiosity and debate. This account details the encounter and its implications for understanding unidentified aerial phenomena.