കഴിഞ്ഞ മൂന്നാം തീയതി രാവിലെ ഓഫീസില്‍ ഇരിക്കവേയാണ് ഒരു ഫോണ്‍കോള്‍ വന്നത്. കോറോഹെല്‍ത്ത് എന്ന പേരിലുള്ള കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്. ഞങ്ങളെ പിരിച്ചുവിട്ടു. എന്താണ് കാരണം എന്നു ചോദിച്ചപ്പോള്‍ അതൊന്നും കൃത്യമായി പറഞ്ഞില്ലെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. എത്ര പേര്‍ക്ക് ജോലി പോയി എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് ഞെട്ടി. 500 പേരെ പിരിച്ചുവിട്ടത്രെ. പിന്നാലെ തുടര്‍ച്ചയായി ഫോണ്‍കോളുകള്‍. ഒടുവില്‍ പാലാരിവട്ടത്തുള്ള കോറോഹെല്‍ത്ത് ഓഫീസില്‍ പോയി നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചു. സംഭ്രമജനകമായിരുന്നു അവിടെ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍..
കൊച്ചിയില്‍ അഞ്ഞൂറ്, കോഴിക്കോട് ഓഫീസില്‍ മുന്നൂറ്. ആകെ എണ്ണൂറുപേര്‍ക്കാണ് ഇരുട്ടിവെളുത്തപ്പോള്‍ ജോലി പോയത്. മൈക്ക് അനൗണ്‍സ്മെന്‍റിലൂടെ പിരിച്ചുവിടല്‍, കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് അമേരിക്കന്‍ മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോഹെല്‍ത്തില്‍ നടന്നത്. സര്‍ക്കാരും യൂണിയനുകളുമൊക്കെ ഇടപെട്ടപ്പോള്‍ തീരുമാനം മരവിപ്പിക്കാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും അത് വഞ്ചനയായിരുന്നെന്ന് വൈകാതെ വ്യക്തമായി. കമ്പനിയുടെ വാക്ക് വിശ്വസിച്ച് അടുത്ത ദിവസങ്ങളില്‍ ഓഫീസില്‍ എത്തിയവര്‍ക്ക് മുന്നില്‍ വാതില്‍ അടഞ്ഞുകിടന്നു.
ചര്‍ച്ചയ്ക്ക് പുറത്തുനിന്ന് എത്തിയ യൂണിയന്‍ നേതാക്കളോട് കമ്പനി പ്രതിനിധികള്‍ പറഞ്ഞത് പുതിയ ലേബര്‍ കോഡ് പ്രകാരം ജീവനക്കാരെ പിരിച്ചുവിട്ട് ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അവകാശമുണ്ടെന്നാണ്. വ്യവസായ തര്‍ക്ക നിയമ പ്രകാരമുള്ള പിരിച്ചുവിടല്‍ നോട്ടീസാണ് കോറോ ഹെല്‍ത്ത് നല്‍കിയിരിക്കുന്നതെന്നു വേണം മനസിലാക്കാന്‍. നിശ്ചിത കാലാവധി പ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നോട്ടീസ് പേ എന്ന പിരിച്ചുവിടല്‍ രീതിയാണ് കമ്പനി പ്രയോഗിച്ചത്. പെട്ടന്ന് പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ നിശ്ചിത ദിവസത്തെ നോട്ടീസ് നല്‍കാതെ ആ ദിവസങ്ങളിലെ ശമ്പളത്തിന് തുല്യമായ തുക നല്‍കി പറഞ്ഞുവിടുന്ന രീതിയാണ് ഇത്. പഴയ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിലെ ഈ ഉപാധി പുതിയ ലേബര്‍ കോഡിലും നിലനിര്‍ത്തിയിരിക്കുന്നു.
കോറോഹെല്‍ത്തിലെ പിരിച്ചുവിടല്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും, ഇതോടെ പുതിയ ലേബര്‍ കോഡുകള്‍ വീണ്ടും ചര്‍ച്ചാവിഷയമായി മാറുകയാണ്. എങ്ങനെയാണ് പുതിയ ലേബര്‍ കോഡിലെ ചില വ്യവസ്ഥകള്‍ തൊഴില്‍ സുരക്ഷയെ ഇല്ലാതാക്കുന്നത്? ജോലി നേടിയാല്‍ ജീവിതം സുരക്ഷിതമായി എന്ന സങ്കല്‍പ്പത്തിന് അന്ത്യം കുറിച്ചോ പുതിയ ലേബര്‍ കോഡുകള്‍?
പഴയ ഫാക്ടറീസ് ആക്ട് പ്രകാരം 100 പേരില്‍ കൂടുതലുള്ള കമ്പനിയില്‍ നിന്ന് പിരിച്ചുവിടുകയോ, പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ് സര്‍ക്കാരിന്‍റെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ലേബര്‍ കോഡുകള്‍ നിലവില്‍ വന്നതോടെ 300 ജീവനക്കാരില്‍ കൂടുതലുണ്ടെങ്കില്‍ മതി സര്‍ക്കാര്‍ അനുമതി. 299 സ്ഥിരം ജീവനക്കാരും 2000 കരാര്‍ ജീവനക്കാരും ഉള്ള സ്ഥാപനം കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയോ അടച്ചുപൂട്ടുകയോ ചെയ്താല്‍ ചോദിക്കാനാരുമില്ലാത്ത സ്ഥിതി.
പുതിയ ലേബര്‍ കോഡുകളുടെ ലക്ഷ്യം തൊഴിലാളി ക്ഷേമമല്ല, തൊഴിലുടമയുടെ താല്‍പര്യം മാത്രമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അത് തൊഴില്‍ നിയമങ്ങളുടെ സത്ത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു, തൊഴിലാളി വിരുദ്ധവും, തൊഴിലുടമയ്ക്ക് അനുകൂലവുമാണ്. തൊഴില്‍ സുരക്ഷയും സ്ഥിരതയും ഇല്ലാതായിരിക്കുന്നു. ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.
ഹയര്‍ ആന്‍ഡ് ഫയര്‍ എന്നത് ചില കമ്പനികള്‍ ആപ്തവാക്യമാക്കിയിരിക്കുന്ന കാലമാണിത്. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടപ്പെടാം എന്നത് ജീവനക്കാരുടെ തലയ്ക്കു മേല്‍ ഡെമോക്ലിസിന്‍റെ വാള്‍ പോലെ തൂങ്ങിനിന്ന് അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. നിശ്ചിത കാലയളവിലേക്ക് മാത്രം നിയമനം നടത്തുന്നത് നിയമവിധേയമായിരിക്കുകയാണ്. ഒരുവര്‍ഷത്തേക്കോ രണ്ടുവര്‍ഷത്തേക്കോ ഏതു പോസ്റ്റിലേക്കു വേണമെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് ഭീഷണി സൃഷ്ടിക്കുന്ന ചില വ്യവസ്ഥകള്‍ ലേബര്‍ കോഡിലുണ്ട്. ഏതെങ്കിലും ഒരു യൂണിയന്‍റെ കുത്തകവല്‍ക്കരണം നടക്കുന്നതിനുള്ള സാധ്യത ലേബര്‍ കോഡ് നടപ്പിലാകുമ്പോള്‍ ഉണ്ടാകുന്നു. ഇതും ആത്യന്തികമായി തൊഴിലാളികളുടെ താല്‍പര്യത്തിന് വിരുദ്ധമായി മാറും.
ഒരു ഫാക്ടറിയില്‍ അല്ലെങ്കില്‍ സ്ഥാപനത്തില്‍ ഹിതപരിശോധന നടക്കുമ്പോള്‍ 15 ശതമാനം ജീവനക്കാരുടെ അല്ലെങ്കില്‍ തൊഴിലാളികളുടെ പിന്തുണ നേടുന്ന യൂണിയനുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ലേബര്‍ കോഡ് വന്നതോടെ ഇത് 20 ശതമാനം ജീവനക്കാരുടെ പിന്തുണ വേണം എന്നായി. ചെറിയ ട്രേഡ് യൂണിയനുകള്‍ക്ക് ഇതോടെ അംഗീകാരം നഷ്ടമാകും. നിലവില്‍ ഒരു സ്ഥാപനത്തില്‍ അംഗീകാരമുള്ള ഏഴോ എട്ടോ യൂണിയനുകളുണ്ടെങ്കില്‍ ഇനിയത് പരമാവധി നാലെണ്ണത്തിലേക്ക് ചുരുങ്ങും. ഹിതപരിശോധനയില്‍ ഏതെങ്കിലും ഒരു യൂണിയന് അമ്പത് ശതമാനം വരെ പിന്തുണയുണ്ടാകുന്ന സ്ഥിതിവന്നാല്‍ പിന്നെ മാനേജ്മെന്‍റിന് ആ യൂണിയനുമായി മാത്രം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലവരും. കുത്തക യൂണിയന്‍ പല മോശം പ്രവണതകളിലേക്കും നയിക്കാനിടയുണ്ട്.
മുമ്പ് ഉറപ്പില്ലാതിരുന്ന പല ആനുകൂല്യങ്ങളും അവകാശങ്ങളും ലേബര്‍ കോഡ് തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ഗുണവശങ്ങളുണ്ടെങ്കിലും ലേബര്‍ കോഡില്‍ മാറ്റങ്ങള്‍ വേണമെന്ന് ബി.എം.എസിന് പോലും അഭിപ്രായമുണ്ട്. കോഡ് ഓണ്‍ വേജസ്, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നിവ അങ്ങേയറ്റം തൊഴിലാളി അനുകൂലമാണെന്നാണ് നിലപാട് എങ്കിലും മറ്റ് രണ്ട് കോഡുകളുടെ കാര്യത്തില്‍ അവര്‍ക്ക് എതിരഭിപ്രായമുണ്ട്.
മിനിമം കൂലി, ഓവര്‍ ടൈം ജോലിയുടെ നിര്‍വചനം, ഓവര്‍ ടൈം ജോലി ചെയ്താല്‍ ഇരട്ടിശമ്പളം, അടിസ്ഥാന ശമ്പളം ആകെ ശമ്പളത്തിന്‍റെ അമ്പതുശതമാനം, അപ്പോയിന്‍മെന്‍റ് ലെറ്റര്‍ ഇല്ലാത്ത നിയമനം വിലക്കിയത്, 10 തൊഴിലാളികളില്‍ കൂടുതലുള്ളയിടത്ത് ഇ.എസ്.ഐ ബാധകമാക്കിയത് എല്ലാം തൊഴിലാളികള്‍ക്ക് ഗുണകരമാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, ഒക്കുപേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍ കോഡ് എന്നിവയില്‍ ഇടഞ്ഞുനില്‍ക്കുകയാണ് ബി.എം.എസും.
തൊഴിലാളികള്‍ക്ക് ഗുണകരമെന്ന് കരുതുന്ന വ്യവസ്തകളില്‍ പോലും അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മിനിമം വേതനം ഉറപ്പാക്കുന്നു എന്ന് പറയുമ്പോഴും സര്‍ക്കാരിന് എക്സിക്യൂട്ടീവ് ഓഡറിലൂടെ അതിന് ഇളവ് നല്‍കാന്‍ വ്യവസ്ഥയുണ്ട്, അപ്പോള്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും എങ്ങനെ ആനുകൂല്യം ലഭിക്കുമെന്നാണ് ചോദ്യം. മാത്രമല്ല, മിനിമം വേതനത്തിനും താഴെ തറക്കൂലി കൊണ്ടുവന്നതും അപകടമാണ്. അസംഘടിത മേഖലയിലുള്‍പ്പടെ തൊഴിലാളിക്ക് കിട്ടുന്ന മിനിമം വേതനം നിയമരമായി വെട്ടിച്ചുരുക്കുന്നതിന് തുല്യമാണ് തറക്കൂലിയെന്നാണ് വിമര്‍ശനം. ഇനി പണിമുടക്ക് നടത്താന്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണം, പണിമുടക്കിന് അനുമതി നിഷേധിക്കപ്പെട്ടാല്‍ അനുവാദമില്ലാതെ സമരം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്.
കൊച്ചിയില്‍ അടച്ചുപൂട്ടിയ കോറോഹെല്‍ത്ത് മെഡിക്കല്‍ കോഡിങ് ജോലികള്‍ ചെയ്യുന്ന കമ്പനിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മെഡിക്കല്‍ കോഡിങ്ങിലെ തൊഴിലവസരങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എ.ഐ പല മേഖലകളിലും ഇതുപോലെ കൂട്ടപ്പിരിച്ചുവിടലിന് ഇടയാക്കുന്ന കാലമാണ്. അതിനിടയില്‍ അവശേഷിക്കുന്ന തൊഴിലിടങ്ങളിലാണ് ലേബര്‍ കോഡ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടണം.