പാലക്കാട് പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമര കുറ്റക്കാരൻ. സുധാകരനെയും, അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത് ചെന്താമരയാണെന്ന് തെളിഞ്ഞതായി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ശിക്ഷ മറ്റന്നാൾ വിധിക്കും. തന്നെ തൂക്കിക്കൊന്നോളൂ എന്ന് കോടതി മുറിയിൽ ചെന്താമര വെല്ലുവിളിച്ചു.

കോടതിമുറിയിൽ പ്രതി ചെന്താമരയ്ക്ക് പതിവ് പോലെ കൂസൽ ഉണ്ടായിരുന്നില്ല. വധശിക്ഷ നൽകണമെന്ന് ആണല്ലോ പറയുന്നത് എന്ന് ചോദിച്ചപ്പോൾ തന്നെ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ജഡ്ജിയോട് ചെന്താമരയുടെ മറുപടി. ഒരു കവിളിൽ അടി കിട്ടിയാൽ മറ്റേ കവിളും കാണിച്ചു നൽകാൻ താൻ ഗാന്ധിജി അല്ലെന്നും കോടതിയോട് ചെന്താമര. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ചെന്താമരയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

2025 ജനുവരി 27നാണ് പോത്തുണ്ടി ബോയെൻ നഗറിൽ താമസിച്ചിരുന്ന സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. പരമാവധി ശിക്ഷ വേണമെന്ന് കണ്ണീരോടെ സുധാകരൻ്റെ പെൺമക്കൾ പറഞ്ഞു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

Death penalty or life imprisonment?; What will be the punishment for Chenthamara; Kerala awaits the verdict