Kieran Wilson, LINKs principal investigator, and Hunter Robertson,space systems engineer, standing next to spacecraft inside the SES (Space Environment Simulator) at NASAs Goddard Space Flight Center (Sophia Roberts/NASA via AP)
ബഹിരാകാശത്തെ ഏറ്റവും ശക്തമായ വിസ്ഫോടനങ്ങളെയും ഗാമാ കിരണങ്ങളെയും നിരീക്ഷിക്കുന്ന നാസയുടെ പ്രശസ്തമായ 'സ്വിഫ്റ്റ്' (Neil Gehrels Swift Observatory) ബഹിരാകാശ ദൂരദർശിനിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഐതിഹാസിക ദൗത്യത്തിനൊരുങ്ങി നാസ. ഭൂമിയുടെ അന്തരീക്ഷ മർദ്ദം കാരണം ഭ്രമണപഥത്തിൽ നിന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന സ്വിഫ്റ്റിനെ വീണ്ടെടുക്കാനുള്ള 'സ്വിഫ്റ്റ് ബൂസ്റ്റ്' ദൗത്യം ജൂൺ 30 ചൊവ്വാഴ്ച വിക്ഷേപിക്കും. അരിസോണ ആസ്ഥാനമായുള്ള 'കാറ്റലിസ്റ്റ് സ്പേസ്' എന്ന സ്വകാര്യ കമ്പനി നിർമ്മിച്ച 'ലിങ്ക്' (Link) എന്ന റോബോട്ടിക് പേടകമാണ് സ്വിഫ്റ്റിനെ രക്ഷിക്കാനായി കുതിച്ചുയരുന്നത്.
2004-ൽ വെറും രണ്ട് വർഷത്തെ കാലാവധി നിശ്ചയിച്ച് 250 മില്യൺ ഡോളർ ചിലവിൽ വിക്ഷേപിച്ചതാണ് സ്വിഫ്റ്റ് ടെലിസ്കോപ്പ്. എന്നാൽ 22 വർഷമായി പ്രപഞ്ചത്തിലെ അത്ഭുത പ്രതിഭാസങ്ങളെ നിരീക്ഷിക്കുന്നതിൽ ഈ ദൂരദർശിനി വലിയ പങ്കുവഹിക്കുന്നുണ്ട്. ഹബിൾ ടെലിസ്കോപ്പിനോ ജെയിംസ് വെബ്ബിനോ ചെയ്യാൻ കഴിയാത്ത ഒരു പ്രത്യേകത സ്വിഫ്റ്റിനുണ്ട്; പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒരു നക്ഷത്രം പൊട്ടിത്തെറിക്കുകയോ വലിയ വിസ്ഫോടനങ്ങൾ നടക്കുകയോ ചെയ്താൽ വെറും മിനിറ്റുകൾക്കകം ആ ദിശയിലേക്ക് തിരിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ സ്വിഫ്റ്റിന് സാധിക്കും. ഹബിളിന് ഇതിനായി രണ്ട് ദിവസമെടുക്കും. 2022-ൽ പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളിലൊന്നായ 'ബോട്ട്' (BOAT - Brightest of All Time) കണ്ടെത്തിയത് സ്വിഫ്റ്റ് ആയിരുന്നു. സ്വർണ്ണവും പ്ലാറ്റിനവുമെല്ലാം പ്രപഞ്ചത്തിലെ വൻ സ്ഫോടനങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്ന് സ്ഥിരീകരിച്ചതും സ്വിഫ്റ്റിന്റെ നിരീക്ഷണങ്ങളിലൂടെയാണ്.
സ്വന്തമായി എന്‍ജിനുകളോ പ്രൊപ്പൽഷൻ സിസ്റ്റമോ ഇല്ലാത്ത സ്വിഫ്റ്റ്, ശക്തമായ സൗര കൊടുങ്കാറ്റുകളെ തുടർന്ന് ഭൂമിയുടെ അന്തരീക്ഷ പാളികൾ വികസിച്ചതോടെയാണ് വേഗത കുറഞ്ഞ് താഴേക്ക് പതിക്കാൻ തുടങ്ങിയത്. ഒക്ടോബറോടെ ഇത് 300 കിലോമീറ്റർ പരിധിക്ക് താഴെയെത്തും. പിന്നീട് രക്ഷപ്പെടുത്താൻ കഴിയില്ല. അറ്റകുറ്റപ്പണികൾ നടത്താൻ പാകത്തിലല്ല സ്വിഫ്റ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതും. ഇതോടെയാണ് 30 മില്യൺ ഡോളർ ചിലവിൽ സ്വിഫ്റ്റിനെ ഉയരമുള്ള മറ്റൊരു ഭ്രമണപഥത്തിലേക്ക് തള്ളിമാറ്റാൻ (Reboost) നാസ തീരുമാനിച്ചത്. ബഹിരാകാശ ചരിത്രത്തിൽ ഇതുവരെ പരീക്ഷിക്കാത്ത സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഒരു വലിയ മിനി ഫ്രിഡ്ജിന്റെ വലിപ്പമുള്ള 'ലിങ്ക്' പേടകത്തിൽ മൂന്ന് റോബോട്ടിക് കൈകളും അയോൺ എന്‍ജിനുകളുമുണ്ട്. ജൂൺ 30ന് നോർത്ത്റോപ്പ് ഗ്രമ്മൻ കമ്പനിയുടെ ലൂഥാൻസ എൽ-1011 സ്റ്റാർഗേസർ വിമാനത്തിൽ ഘടിപ്പിച്ച പെഗാസസ് എക്സ്എൽ (Pegasus XL) റോക്കറ്റ് ഉപയോഗിച്ചാണ് ലിങ്ക് വിക്ഷേപിക്കുന്നത്. മാർഷൽ ദ്വീപുകളില്‍ നിന്നാണ് വിമാനം ഉയരുക.
ഭ്രമണപഥത്തിൽ എത്തിയ ശേഷം ലിങ്ക് പേടകം സ്വയം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ ആഴ്ചകളോളം പരിശോധനകൾ നടത്തും. സ്വിഫ്റ്റിനെ കണ്ടെത്തലും പരിശോധനയുമാണ് അടുത്ത ഘട്ടം. സ്വിഫ്റ്റ് ടെലിസ്കോപ്പിന് സമീപമെത്തി അതിന്റെ ഘടനയും ബാഹ്യഭാഗങ്ങളും ലിങ്ക് ക്യാമറകൾ വഴി നിരീക്ഷിക്കും. ശേഷം തങ്ങളുടെ മൂന്ന് റോബോട്ടിക് കൈകൾ ഉപയോഗിച്ച് സ്വിഫ്റ്റ് ദൂരദർശിനിയെ ലിങ്ക് പേടകം ശക്തമായി പിടിച്ചുനിര്‍ത്തും. അതിനുശേഷമായിരിക്കും ഭ്രമണപഥം ഉയർത്തൽ. ഇതിന് 3 മാസം വരെ സമയമെടുക്കും. ലിങ്കിലെ അയോൺ എന്‍ജിനുകള്‍ ജ്വലിപ്പിച്ച് വളരെ സാവധാനത്തിൽ സ്വിഫ്റ്റിനെ സുരക്ഷിതമായ ഉയർന്ന ഭ്രമണപഥത്തിലേക്ക് തള്ളിമാറ്റും.
ദൗത്യം വിജയകരമായാൽ സ്വിഫ്റ്റിന് അഞ്ച് വർഷത്തെ ആയുസ്സ് കൂടി ലഭിക്കും. കൂടാതെ, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് തന്നെ അറ്റകുറ്റപ്പണി നടത്തി പുനരുപയോഗിക്കാമെന്ന വലിയൊരു വാണിജ്യ സാധ്യതയിലേക്കാണ് ഇത് വഴിതുറക്കുക. പരാജയപ്പെട്ടാൽ സ്വിഫ്റ്റ് ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിയമരും.