രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരോട് ഉടന്‍ മടക്കത്തിന് തയ്യാറാകാന്‍ നിര്‍ദേശം നല്‍കി നാസ. വര്‍ഷങ്ങളായി ബഹിരാകാശ നിലയത്തിന്‍റെ റഷ്യന്‍ ഭാഗത്തുണ്ടായ വാതകച്ചോര്‍ച്ച കൂടുതല്‍ മോശമായതോടെയാണ് നടപടി.
നാസയുടെ എട്ടുമാസം നീളേണ്ടിയിരുന്ന ക്ര്യൂ 12 മിഷന്‍ അംഗങ്ങളോട് മടക്കത്തിന് തയ്യാറാകാനും ഡോക്ക് ചെയ്തിരിക്കുന്ന ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റിലേക്ക് കയറി ബഹിരാകാശ പര്യവേഷക കവചം (സ്പേസ് സ്യൂട്ട്) ധരിച്ച് ഏത് നിമിഷത്തെ ലോഞ്ചിന് തയ്യാറായിരിക്കാനുമാണ് നാസ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് അമേരിക്കന്‍, ഒരു ഫ്രഞ്ച്, ഒരു റഷ്യന്‍ പര്യവേഷകരോടാണ് തയ്യാറായിരിക്കാന്‍ പറഞ്ഞത്.
നാസയുടെയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്‍റെയും സംയുക്തമായ ശ്രമത്തിലും കേടുപാടുകള്‍ കണ്ടെത്താനോ പരിഹരിക്കാനോ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച വരെ ലീക്ക് കാര്യമായ പ്രശ്നമായിരുന്നില്ലെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതോടെയാണ് നാസ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
1998ല്‍ അമേരിക്ക,റഷ്യ,യൂറോപ്പ്, ജപ്പാന്‍,കാനഡ എന്നിവടങ്ങളിലെ സ്പേസ് ഏജന്‍സികള്‍ സംയുക്തമായാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചത്. ബഹിരാകാശത്തെ മനുഷ്യനിർമിച്ചതില്‍വച്ച് ഏറ്റവും വലിയ ഘടനയും ഭൂമിയെ ചുറ്റുന്ന സ്ഥിരം പരീക്ഷണശാലയുമായ ഐഎസ്എസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി