anil-menon-21

ഒറ്റപ്പാലത്ത് വേരുകളുള്ള യുഎസ് പൗരന്‍ അനില്‍ മേനോന്‍റെ ബഹിരാകാശയാത്ര ഇന്ന്. എക്സ്പെഡിക്ഷന്‍ 74 ദൗത്യത്തിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് 8.17ന് റോസ്കോസ്മോസ് സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര. കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമിലെ കേന്ദ്രത്തില്‍നിന്നാണ് വിക്ഷേപണം.

 

റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനില്‍ മേനോനൊപ്പം രാജ്യാന്തര ബഹിരാകാശനിലയത്തിലേയ്ക്ക് പോകും. ഇന്ന് രാത്രി 11.26ന് അവര്‍ രാജ്യാന്തരനിലയത്തിലെത്തും. ബഹിരാകാശത്തേയ്ക്ക് പോകുന്ന ആദ്യ മലയാളിയാണ് അനില്‍ മേനോന്‍. അനിലിന്‍റെ ഭാര്യ അന്നയും 2024ല്‍ ബഹിരാകാശ യാത്ര നടത്തിയിരുന്നു. 

 

ഒറ്റപ്പാലം സ്വദേശിയായ ശങ്കരമേനോന്‍റെയും യുക്രെയ്ന്‍കാരി എലിസബത്തിന്‍റെയും മകനായി അമേരിക്കയില്‍ ജനനം.   ഹാർവർഡിൽ നിന്ന് ന്യൂറോബയോളജിയിലും സ്റ്റാൻഫാർഡിൽ നിന്ന് എന്‍ജിനീയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം എമർജൻസി മെഡിസിൻ ഡോക്ടറായും സേവനമനുഷ്ഠിച്ചു. ഹെയ്തി, നേപ്പാൾ ഭൂകമ്പങ്ങൾക്കു പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത അനിൽ മേനോൻ പിന്നീട് യുഎസ് എയർഫോഴ്സിലും സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചു. ബഹിരാകാശ യാത്രകളിലെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. തുടർന്നാണ് സ്പേസ് എക്‌സിലേക്കുള്ള വരവ്. ഇത് കരിയറിലെ പ്ലോട്ട് ട്വിസ്റ്റായി മാറി. കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനായ അദ്ദേഹം, മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളുടെ മെഡിക്കൽ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ചരിത്രപ്രസിദ്ധമായ ഡെമോ-2 ദൗത്യത്തിന്‍റെ മെഡിക്കൽ  സംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു.

 

2021-ൽ നാസയുടെ ആസ്ട്രോണോട്ട് ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനിൽ മേനോൻ, വർഷങ്ങളുടെ കഠിന പരിശീലനത്തിനൊടുവിൽ തന്‍റെ ആദ്യ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുകയാണ്. എട്ട് മാസം വരെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും അദ്ദേഹം പങ്കാളിയാകും. 

 

മൈക്രോ ഗ്രാവിറ്റിയിലുള്ള മനുഷ്യ ശരീരത്തിലെ വ്യത്യാസം, നിലയത്തിലെ ശുദ്ധജലത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ദ്രാവകം സിരകളിലേക്ക് കുത്തിവയ്ക്കുന്ന പരീക്ഷണം, നിര്‍മിത ബുദ്ധിയെ മെഡിക്കല്‍ രംഗവുമായി കോര്‍ത്തിണക്കിയുള്ള പരീക്ഷണങ്ങളിലെല്ലാം അദ്ദേഹം പങ്കാളിയാകും. റഷ്യന്‍ ബഹിരാകാശ യാത്രികരായ പ്യോത്ര് ഡുബ്രോവും അന്ന കിക്കിയുമാണ് സഹ യാത്രികര്‍.  ഡോക്ടറിൽ നിന്ന് ബഹിരാകാശ സഞ്ചാരിയിലേക്കുള്ള അനിൽ മേനോന്‍റെ യാത്ര, കഠിനാധ്വാനത്തിന്‍റെയും മികവിന്‍റെയും കൂടി കഥയാണ്. അദ്ദേഹത്തിന്‍റെ ബഹിരാകാശ യാത്ര ലോക മലയാളികളുടെ അഭിമാനം വനോളം ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. 

ENGLISH SUMMARY:

Anil Menon, a US citizen with roots in Ottapalam, Kerala, is set to travel to space today. As part of Expedition 74, he will lift off aboard the Roscosmos Soyuz MS-29 spacecraft at 8:17 PM (IST) from the Baikonur Cosmodrome in Kazakhstan.