സമാധാനശ്രമങ്ങളെല്ലാം കാറ്റിൽപ്പറത്തി പശ്ചിമേഷ്യയിൽ പോര് കനക്കുന്നു. ഇറാന്‍ ലക്ഷ്യമാക്കി അടുത്തഘട്ടം ആക്രമണങ്ങൾ തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങള്‍ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി മൂന്നാമത്തെ രാത്രിയും ആക്രമണം തുടരുകയാണ്.
ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും ഹോർമുസിൽ ആക്രമിക്കാനുള്ള ശേഷി ദുർബലപ്പെടുത്തുമെന്നും സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു. ഹോർമുസില്‍ ഇറാന് ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് യുഎസ് ആക്രമണം ആരംഭിച്ചത്. ഉപരോധം ഇന്ന് നിലവിൽ വരും. ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ യുഎസിന് മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. കടലിടുക്കിന്റെ കാവൽക്കാർ എന്നും ഇറാൻ തന്നെയായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അതിനിടെ ഇറാനിലെ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇറാൻകാരോട് തയാറായിരിക്കാൻ പറയൂവെന്നും ട്രംപ് ഒരു ചാനലിനോട് പ്രതികരിച്ചു. അതിനിടെ അമേരിക്കന്‍ കപ്പലിനുനേരെ ക്രൂസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു.
ഇതിനിടെ യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന വിമാനത്താവളത്തിനുനേരെ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം സൗദി പിന്തുണയുള്ള യെമൻ സർക്കാർ ഏറ്റെടുത്തു. ഇറാനിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്യാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങള്‍ പ്രതികരിച്ചു.
മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതരുടെ വക്‌താവ് യഹ്യ സാരീ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മറുപടിയായി സൗദി അറേബ്യയിലെ അബ വിമാനത്താവളത്തിൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടു.