Untitled design - 1

ഇറാനുമേല്‍ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഇനിമുതല്‍ ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുക യു.എസ് ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം. സുരക്ഷയ്ക്ക് ചരക്കുകപ്പലുകളില്‍ നിന്ന് ഫീസും ഇടാക്കും. അതേസമയം, ഹോര്‍മുസിലെ ഏത് യു.എസ് നീക്കത്തെയും അതിശക്തമായി നേരിടുമെന്ന് ഇറാനും വ്യക്തമാക്കി.  

 

സമാധാനം അകലെ, വിലക്കയറ്റമടക്കം വന്‍ പ്രത്യാഘാതങ്ങള്‍ അരികെ. ഹോര്‍മൂസ് കടലിടുക്കില്‍ പിടിമുറുക്കി ഇറാനുമായുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് അമേരിക്ക. ഇറാന്‍ തീരത്ത് നിന്ന് പുറപ്പെടുന്ന, ഇറാന്‍ തീരത്തേക്ക് പോകുന്ന എല്ലാ കപ്പലുകള്‍ക്കും വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നു എന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഹോര്‍മൂസ് അടച്ചിടാന്‍ ഇറാനാകില്ല. കടലിടുക്കിന്‍റെ നിയന്ത്രണവും സുരക്ഷയും യുഎസ് ഏറ്റടുക്കും. അതിസംഘര്‍ഷ മേഖലയിലെ സുരക്ഷാ ചെലവുകള്‍ക്കായി ചരക്കുകപ്പലുകള്‍ക്ക് 20 % ഫീസ് ഇടാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. 

 

Also Read: ഖമനയിക്ക് അത്രമേല്‍ വേണ്ടപ്പെട്ട വ്യക്തി; സംസ്കാരച്ചടങ്ങില്‍ മുഖംമൂടി ധരിച്ചെത്തിയതാര്?

 

അത്തരം നീക്കങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. ഹോര്‍മുസിന്‍റെ നിയന്ത്രണത്തില്‍ കൈകടത്താന്‍ ഏതൊരു സാഹര്യത്തിലും അമേരിക്കയെ അനുവദിക്കില്ല. ശക്തമായി തിരിച്ചടിക്കും. അനുവാദമില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും IRGC വ്യക്തമാക്കി. ഹോര്‍മുസില്‍ ഈ വിധം സ്ഥിതി വഷളായതോടെ കപ്പലുകള്‍ മിക്കതും വഴിമാറ്റിത്തുടങ്ങി. 

 

രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ ചരക്കുനീക്കമാണ് ഈ ദിവസങ്ങള്‍ രേഖപ്പെടുത്തിയത്. കരയിലെ ആക്രമണ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദന്‍ എന്നിവിടങ്ങളിലെ യു.എസ്. സൈനിക കേന്ദ്രങ്ങള്‍ അക്രമിച്ചതായി ഇറാന്‍ അറിയിച്ചു. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനില്‍ രണ്ട് പേര്‍ മരിച്ചു. ഇറാനിൽനിന്നുള്ള വിമാനം ഇറങ്ങുന്നത് തടയാൻ സന രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ തകര്‍ത്തതായി യെമൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യെമന്റെ തലസ്ഥാനമായ സന, ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം മുറുകിയതോടെ എണ്ണവില കുതിച്ചുയർന്ന് ബാരലിന് 78 ഡോളർ കടന്നു. 

ENGLISH SUMMARY:

Hormuz Strait security is now under US control, with President Trump announcing that the US will take over the Strait's security and charge a fee from cargo ships. Iran has stated that it will strongly confront any US moves in the Hormuz region.