REUTERS/Joe Skipper
അപ്പോളോ ദൗത്യങ്ങൾക്ക് അരനൂറ്റാണ്ടിനുശേഷം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. നാസയുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യം 'ആർട്ടിമിസ് II' വിക്ഷേപിച്ചു. ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യർ ചന്ദ്രനരികിലേക്ക് കുതിക്കുന്നത്. ഭൂമിയിൽ നിന്ന് ഇതുവരെ ആരും പോയിട്ടില്ലാത്തത്ര ദൂരത്തേക്കാണ് യാത്ര.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡില്‍ നിന്നും EDT 6:35ന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:05) നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ഓറിയോൺ ബഹിരാകാശ പേടകവുമായി എസ്എൽഎസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് വിക്ഷേപിച്ചു. മിനിറ്റുകള്‍ക്കകം സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍ വേർപിരിഞ്ഞു. കോർ സ്റ്റേജിന്‍റെ പ്രധാന എന്‍ജിന്‍ കട്ട് ഓഫും പൂർത്തിയായി. കോർ സ്റ്റേജ് ക്രയോജനിക് പ്രൊപ്പൽഷൻ ഘട്ടത്തിൽ നിന്നും ഓറിയോൺ ബഹിരാകാശ പേടകം വിജയകരമായി വേർപെട്ടു. ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ ബഹിരാകാശ പേടകത്തിന്‍റെ SAW-കളുടെ (സോളാർ ചിറകുകൾ) വിന്യാസവും പൂര്‍ത്തിയായിട്ടുണ്ട്. ഈ നാല് സോളാര്‍ ചിറകുകളും ഇനി ഓറിയോണ്‍ ബഹിരാകാശ പേടകത്തിന് അതിന്‍റെ യാത്രയിലുടനീളം തുടർച്ചയായ വൈദ്യുതോർജ്ജം നൽകും.
ചന്ദ്രനിലേക്ക് മടങ്ങുന്നു!
AP Photo/Terry Renna
നാസയുടെ അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. എന്നാല്‍ അതിനും മുന്‍പേ 1968 ഡിസംബറിൽ വിക്ഷേപിച്ച അപ്പോളോ 8 ആണ് മനുഷ്യന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ അരികിലെത്തി തിരികെ എത്തിയ ആദ്യ ബഹിരാകാശ ദൗത്യം. 1972 ലെ അപ്പോളോ 17 ന് ശേഷം ആദ്യമായി മനുഷ്യരെ ചന്ദ്രന്‍റെ അരികിലെത്തിക്കുന്ന ദൗത്യമാണ് ആര്‍ട്ടെമിസ് ടു. ചന്ദ്രന്‍റെ അപ്പുറത്തെ വശത്തേക്കാണ് യാത്ര.
ഭൂമിയിൽ നിന്ന് ഇതുവരെ മനുഷ്യൻ സഞ്ചരിച്ച ഏറ്റവുംകൂടിയ ദൂരത്തിന്‍റെ നിലവിലെ റെക്കോർഡ് 4,00,171 കിലോമീറ്ററാണ്. 1970-ൽ അപ്പോളോ 13 ആണ് ഈ റെക്കോര്‍ഡിട്ടത്. 2022 ല്‍ വിക്ഷേപിച്ച ആർട്ടെമിസ് I ഇതിനകം ഈ ദൂരം മറികടന്നിട്ടുണ്ടെങ്കിലും അത് ആളില്ലാ പറക്കലായിരുന്നു. ഇപ്പോള്‍ മനുഷ്യരുമായി ആർട്ടെമിസ് II ഈ റെക്കോര്‍ഡ് മറിക്കും. ‘നമ്മൾ ചന്ദ്രനിലേക്ക് തിരികെ പോകുന്നു’വെന്നാണ് നാസ ആര്‍ട്ടെമിസിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.
REUTERS/Joe Skipper
പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണിത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് യാത്രികര്‍. ഈ യാത്രയിൽ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങില്ല. മറിച്ച് യാത്രികര്‍ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്കും ആര്‍ട്ടിമിസ് 3 ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതും ലക്ഷ്യമിട്ടുള്ള നിർണായക പരീക്ഷണ ദൗത്യം കൂടിയാണിത്.
ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം വഴി ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു അപ്പുറത്തുള്ള എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം ഉറപ്പാക്കാനായി ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ എന്ന സ്റ്റേഷൻ സ്ഥാപിക്കും. മാത്രമല്ല, ഒട്ടേറെ പുതിയ സാങ്കേതിക വിദ്യകളും ആര്‍ട്ടെമിസ് ടുവില്‍ പരീക്ഷിക്കും. ഉദാഹരണത്തിന്, മനുഷ്യർക്ക് സുഖകരമായ അന്തരീക്ഷം നല്‍കാന്‍ പേടകത്തിനുള്ളിലെ താപനില കൃത്യമായി നിലനിർത്തുക, അവർക്കായുള്ള ഭക്ഷണവും വെള്ളവും ശൗചാലയങ്ങളും. കൂടാതെ, ചില വ്യായാമ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്, അവയും പരീക്ഷിച്ചു നോക്കും. നാവിഗേഷൻ, പ്രൊപ്പൽഷൻ, മറ്റ് ഓൺബോർഡ് സിസ്റ്റങ്ങൾ എന്നിവ പരീക്ഷിക്കുന്നത് പോലുള്ള ലക്ഷ്യങ്ങളും ദൗത്യത്തിനുണ്ട്. ക്രൂവിന്‍റെ സുരക്ഷയ്ക്കും അവരുടെ ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന.