വിഖ്യാത ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തലമുറകളുടെ ജനപ്രിയഗായിക ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി. ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന എസ്.ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂരു അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്.ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രീയസംഗീതം ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്.
വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്.
1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിൽ ജാനകി പാടിയ ശിങ്കാര വേലനെ ദേവ എന്ന പാട്ട് തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിച്ചു. സിനിമാസംഗീതമേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിയെ തേടിയെത്തിയത്. 1976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും, ആന്ധ്ര സർക്കാരിന്‍റെ അവാർഡ് 10 തവണയും, തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും, മികച്ച ഗായികയ്ക്കുള്ള ഒഡീഷ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു. ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിൽ. 2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ.