കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന ഫാന്‍സി കറന്‍സി ഉപയോഗിച്ച് ഇന്ധനമടിച്ച യുവാക്കള്‍ അറസ്റ്റില്‍. മാഹി പള്ളൂരിലെ പമ്പില്‍ 500 രൂപയുടെ ഫാന്‍സി നോട്ട് നല്‍കി പറ്റിച്ച കോഴിക്കോട് വളയം സ്വദേശികളായ സായന്ത്, അഷയ്, രജിത്ത്, ഷിജിത്ത് എന്നിവരെയാണ് മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read... ഐജയ്ക്ക് പിന്നാലെ സഹോദരനും മരിച്ചനിലയിൽ; ഷാർജയിൽനിന്ന് മംഗലാപുരത്തെത്തിയത് ഇന്നലെ...
ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ അഞ്ഞൂറിന്റെ നോട്ടാണെന്നേ തോന്നൂ. കറന്‍സിയുടെ മുകളിലേക്ക് നോക്കിയാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു പകരം "ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ" എന്ന് രേഖപ്പെടുത്തിയത് കാണാം. കുട്ടികള്‍ കളിക്കുന്ന ഇത്തരം ഫാന്‍സി കറന്‍സികള്‍ ഓണ്‍ലൈനില്‍ നിന്നാണ് പ്രതികള്‍ വാങ്ങിയിരുന്നത്.
കഴിഞ്ഞ ആറാം തിയതി സായന്ത്, അഷയ്, രജിത്ത്, ഷിജിത്ത് എന്നിവര്‍ പള്ളൂര്‍ മാടത്തിയിലെ പമ്പിലെത്തി 600 രൂപയുടെ ഇന്ധനം അടിക്കാന്‍ പറഞ്ഞു. ശേഷം നൂറു രൂപ നോട്ടിനൊപ്പം അഞ്ഞൂറിന്റെ ഫാന്‍സി നോട്ടും വെച്ചുകൊടുത്തു. പമ്പ് ജീവനക്കാരന്‍ ആ സമയത്ത് തട്ടിപ്പ് അറിഞ്ഞതേയില്ല. രണ്ടു ദിവസം കഴിഞ്ഞാണ് തട്ടിപ്പ് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ പള്ളൂര്‍ പൊലീസില്‍ പരാതിപ്പെട്ടു.
പമ്പിലെ സിസിടിവി ദൃശ്യം പരിശോധിച്ച് കാറിന്റെ നമ്പര്‍ കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. അന്വേഷണത്തില്‍ പമ്പില്‍ മാത്രമല്ല, മാഹിയിലെ നാലു കടകളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്ന് കൂടുതല്‍ ഫാന്‍സി കറന്‍സികള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.