janakiyamma

തെന്നിന്ത്യയുടെ വാനമ്പാടി എസ്.ജാനകിക്ക് അന്ത്യാഞ്ജലിയുമായി സംഗീതലോകം. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം. രാവിലെ എട്ടുമുതല്‍ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൈസൂരു ഹുണ്ടിയിലെ ഫാംഹൗസിലാണ് സംസ്കാരം. മൈസൂരുവില്‍ അടക്കണമെന്നത് ജാനകിയമ്മയുടെ ആഗ്രഹമായിരുന്നു. 

ഇരുപതോളം ഭാഷകളിലായി അന്‍പതിനായിരത്തിനടുത്ത് ഗാനങ്ങള്‍ ജാനകിയമ്മ പാടിയിട്ടുണ്ട്. 1957ല്‍ ‘വിധിയില്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തില്‍ ആദ്യമായി പാടി. 57ല്‍ തന്നെ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' ആണ് ആദ്യ മലയാള ചിത്രം. 'ശിങ്കാര വേലനെ ദേവ' എന്ന ഗാനത്തിലൂടെ തെന്നിന്ത്യന്‍ താരമായി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലുവട്ടം നേടി. പതിനാലുവട്ടം കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. അഞ്ച് വിദേശഭാഷകളിലും എസ്.ജാനകി പാടിയിട്ടുണ്ട്. 2013 ല്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും നിരസിച്ചു. ആന്ധ്രയിലെ ഗുണ്ടൂരിലായിരുന്നു ജനനം. 

ജാനകിയമ്മ തലമുറകളുടെ ഹൃദയം കവര്‍ന്ന ശബ്ദമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അനുസ്മരിച്ചു. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ്.ജാനകിക്കുള്ള സ്ഥാനം. ഭക്തി, പ്രണയം, വിരഹം, ആഹ്ലാദം തുടങ്ങി എല്ലാ വികാരങ്ങളും മറ്റാര്‍ക്കും കഴിയാത്ത വിധം ഗാനങ്ങളില്‍ അനശ്വരമാക്കി. മറ്റ് ഭാഷകള്‍ക്കൊപ്പം  എല്ലാവികാരങ്ങളിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാസ്വരമായിരുന്നു ജാനകിയമ്മയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു

ഇന്ത്യന്‍ സംഗീതത്തിന് തീരാനഷ്ടമാണ് എസ്.ജാനകിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. എസ്. ജാനകിയുടെ അചഞ്ചലമായ സമര്‍പ്പണവും മധുരശബ്ദവും ആരാധകരുടെ ഹൃദയങ്ങളില്‍  എന്നും നിലനില്‍ക്കുമെന്നും ജോസഫ് വിജയ് പറഞ്ഞു. എസ്.ജാനകിയുെട വിയോഗം ഇന്ത്യന്‍  സംഗീതലോകത്തിന് നികത്താനാകത്ത നഷ്ടമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അനുസ്മരിച്ചു. എണ്ണമറ്റ ഗായകര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ് എസ്. ജാനകി. സമാനതകളില്ലാത്ത സ്വരമാധുരി എന്നും നിലനില്‍ക്കുമെന്നും ഡി.കെ.ശിവകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

ഓർമ്മകളിൽ നിലയ്ക്കാതെ ഗാനമാണ് ജാനകിയമ്മയെന്ന് കമല്‍ഹാസന്‍. സ്നേഹനിധിയായ അമ്മയെ ഇനി എവിടെ കണ്ടെത്തും. ജീവിതത്തിൽ നികത്താനാകാത്ത വലിയ സങ്കടങ്ങളുണ്ടെന്ന യാഥാർഥ്യം ജാനകിയമ്മയുടെ വിയോഗം ഓര്‍മിപ്പിക്കുന്നെന്നും കമല്‍ഹാസന്‍ അനുസ്മരിച്ചു.

ENGLISH SUMMARY:

South Indian Nightingale S. Janaki has passed away, leaving a void in the music world. Her unparalleled voice and immense contribution to music across numerous languages will be remembered forever.