janak-girl

TOPICS COVERED

പ്രണയവും വിരഹവും വിഷാദവും മാത്രമല്ല അതിലേറെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ ശബ്ദം ഭാവങ്ങളുടെ രാജ്ഞിയായ എസ് ജാനകിക്ക് സ്വന്തം. ഒരു കുട്ടിയുടെ കൗതുകവുംസന്തോഷങ്ങളും നിറഞ്ഞ ഭാവങ്ങള്‍ അനായസമായി ശബ്ദത്തിലൂടെ പകര്‍ന്നുനല്‍കാന്‍ ജാനകിക്ക് ഒരു പ്രത്യേക കഴിവായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയിൽ കുട്ടികളുടെ ശബ്ദത്തിൽ പാടാൻ എസ് ജാനകി കാണിച്ചിരുന്ന അസാമാന്യമായ ധൈര്യം ഒരു പക്ഷേ മറ്റൊരു ഗായികയും കാണിച്ചിട്ടുമുണ്ടാകില്ല. 

ഗായിക എന്നതിലുപരി ഒരു മികച്ച അഭിനേത്രി കൂടിയാണ് താനെന്ന്  ശബ്ദത്തിലൂടെ തോന്നിപ്പിക്കാന്‍ സാധിച്ച ഗായികയാണ് എസ്.ജാനകി. ശബ്ദത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാറ്റം വരുത്താനുള്ള അരുടെ അസാമാന്യമായ കഴിവു തന്നെയാണ് സിനിമയില്‍ കൊച്ചുകുട്ടികള്‍ക്കുവേണ്ടി തന്‍റെ മാന്ത്രിക ശബ്ദം പകര്‍ന്നുനല്‍കിയതിലെ മികവിനും കാരണം. ഒരേ സമയം വൈകാരികതയും അനായാസമായ ശ്വസനനിയന്ത്രണവും ഉള്ള ഗായികയായിരുന്നു എസ്.ജാനകി. കുട്ടികള്‍ക്കായി പാടുമ്പോള്‍ പെട്ടെന്ന് ആ ശബ്ദശരീരവും കുട്ടിത്തത്തിന്‍റെ കുസൃതികളിലേക്ക് അതിവേഗം പരുവപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായി കുട്ടികളുടെ ശബ്ദത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ജാനകിയമ്മയുടേതായി പിറവിയെടുത്തിട്ടുണ്ട്. അവയില്‍ ഒട്ടുമിക്ക ഗാനങ്ങളും ഭാഷാഭേദമില്ലാതെ സംഗീതാസ്വാദകര്‍ ഏറ്റുപാടിയവയുമാണ്.

1985ല്‍ പുറത്തിറങ്ങിയ മമ്മി മമ്മി(ഈ തണലില്‍ ഇത്തിരി നേരം), കൊക്കമന്ദി (ചിരിയോചിരി), കൂട്ടിനിലിളംകിളി, താളം താലോലം(അക്കച്ചീടെ കുഞ്ഞാവ), 1996ഇല്‍ ഇറങ്ങിയ ഏപ്രില്‍ 19 സിനിമയിലെ മഴ പെയ്താല്‍ കുളിരാണെന്ന് എന്നമ്മ പറഞ്ഞു എന്നീ പാട്ടുകളിലൊക്കെ കുട്ടിത്തത്തിന്‍റെ നിഷ്കളങ്കതയും സങ്കടങ്ങളുമൊക്കെ ഒറ്റപ്പെടലുമൊക്ക ജാനകിയമ്മയുടെ ശബ്ദത്തിലൂടെ നാം കേട്ടു. കണ്ണാ നീ എങ്കേ, രുസി കണ്ട പൂനൈ, ഗോവുള്ളു തെല്ലാന എന്നിവയും എസ് ജാനകിയുടെ ശബ്ദത്തിലെ കുട്ടിത്തങ്ങളാണ്. ഉതിരിപ്പൂക്കള്‍ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാടിയ എങ്കേ എങ്കേ എന്ന ഗാനത്തിന് മികച്ച ശബ്ദ നിയന്ത്രണത്തിന് ജാനകിയമ്മയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഒരു കുട്ടി സംസാരിക്കുന്ന  ശൈലിയിലാണ് ഈ പാട്ട് പാടിയിരിക്കുന്നത്. 1981ല്‍ പുറത്തിറങ്ങിയ സപ്തപദി എന്ന ചിത്രത്തില്‍ ‘കോവുള്ളൂ തെല്ലാന’ എന്ന പാട്ടില്‍ ഒരു കുട്ടിയുടെ ശബ്ദഭാവങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചതിന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ സംസ്ഥാന അവാർഡും ജാനകിയമ്മയെ തേടിയെത്തി. തയ്യിയ തന്തെയ ആണ് കന്നഡയിൽ കുട്ടികളുടെ ശബ്ദത്തിൽ എസ് ജാനകി പാടി ഹിറ്റാക്കിയ പ്രശസ്തമായ ഗാനം.

പാട്ടിന്‍റെ സന്ദർഭത്തെയും കഥാപാത്രത്തിന്‍റെ പ്രായത്തെയും അത്രമേൽ ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു കലയായിരുന്നു ജാനകിയമ്മയുടെ സംഗീതം. അതുകൊണ്ടുതന്നെ ഏത് പ്രായത്തിലുള്ള കഥാപാത്രത്തിനും ആ ശബ്ദം കൊണ്ട് ജീവസ്സും ഓജസ്സും നല്‍കാന്‍ ആ വാനമ്പാടിക്ക് സാധിച്ചു.

The Magical Child Voice of S. Janaki:

S. Janaki was a legendary playback singer, renowned for her unique ability to capture the innocence and emotions of children in her songs across various Indian languages. Her exceptional voice modulation and mastery of expressing childlike wonder made her a standout artist in the film industry, earning her numerous accolades and beloved songs