ഇത് സാധാരണപാലമല്ല! ആകാശത്തിലേക്ക് കയറിപ്പോകുന്ന പാലം; വിഡിയോ

പാലങ്ങള്‍ പലതും കണ്ടിട്ടുണ്ടാകാം... തൂക്കുപാലവും പുഴക്കും കായലിനും കുറുകെയുള്ള പാലങ്ങളും എന്തിന് കണ്ണാടിപ്പാലം വരെ. എന്നാൽ ഈ പാലം കാണണമെങ്കിൽ ജപ്പാനിൽ പോകണം. ആദ്യകാഴ്ചയിൽ ആരെയും ഭയപ്പെടുത്തും ഈ പാലം. 

ജപ്പാനിലെ എഷിമ ഒഹാഷി പാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മാറ്റ്‌സ്യൂ, സകൈമിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലം നേരെ ആകാശത്തേക്ക് പോയി പെട്ടെന്ന് താഴേക്ക് പതിക്കുന്നതായാണ് തോന്നുക. ഇതിന്റെ മുകളില്‍ വച്ചെങ്ങാനും ഒരു ട്രാഫിക് ജാമില്‍ പെട്ടാല്‍ ആകെ ഭയന്നുപോകും. കപ്പലുകള്‍ക്കും മറ്റും കടന്നുപോകാനുള്ള സൗകര്യാര്‍ത്ഥം  ഉയരത്തില്‍ നിര്‍മിച്ച ഈ പാലം ആദ്യമായി കാണുന്നവര്‍ ആദ്യമൊന്ന് ഞെട്ടുമെങ്കിലും പിന്നിൽ മറ്റൊരു വസ്തുതയുണ്ട്. 

ഒരു വശത്തുനിന്നുള്ള കാഴ്ച്ച മാത്രമാണിത്. ഫോട്ടോകളില്‍ മാത്രമേ ഇത്തരം ഭീകരതയൊക്കെ തോന്നൂ. ശരിക്കും അത്ര കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ പാലത്തിനില്ല. ചില ആംഗിളുകളില്‍ പാലം ഇങ്ങനെ കാണുമെന്നുമാത്രം. റോളര്‍ കോസ്റ്റര്‍ ബ്രിഡ്ജെന്ന ഇരട്ടപ്പേരിലും ഈ പാലം അറിയപ്പെടുന്നുണ്ട്.  ജപ്പാനിലെ ഏറ്റവും വലിയ ഫ്രെയിം പാലവും ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ് എഷിമ ഒഹാഷി. 

പാലത്തിന് ഒരു വശത്ത് 6.1 ശതമാനവും മറുവശത്ത് 5.1 ശതമാനവും ഗ്രേഡിയന്റ് ഉണ്ട്. വാഹനങ്ങള്‍ റോഡില്‍ നിന്നും പാലത്തിലേയ്ക്ക് പ്രവേശിക്കുമ്പോളുള്ള കയറ്റമാണ് ഒരു വശത്തുനിന്നും നോക്കുമ്പോള്‍ കുത്തനെയായി തോന്നുന്നത്. നിരവധി കപ്പലുകളും മീന്‍പിടുത്ത ബോട്ടുകളും നകൗമി തടാകത്തിന്റെ അടിയിലൂടെ കടന്നുപോകുന്നുണ്ട്. ഇവയുടെ ഗതാഗതസൗകര്യാര്‍ത്ഥമാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പാലത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി വിനോദസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.