നാഗസാക്കി ദുരന്തത്തിന് 76 വര്‍ഷം; നഗരത്തെ ഒന്നാകെ വെണ്ണീറാക്കിയ ‘ഫാറ്റ് ബോയ്’

ജപ്പാനിലെ നാഗസാക്കിയിൽ അണ്വായുധം പ്രയോഗിച്ചിട്ട് ഇന്ന് 76 വര്‍ഷം തികയുകയാണ്.ഹിരോഷിമയ്ക്ക് പിന്നാലെ നാഗസാക്കിയിലും കൂടി ആണവാക്രമണം നടന്നതോടെ ഇരുപതാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.1945 ഓഗസ്റ്റ് 9.അന്ന് മറ്റൊരു സൂര്യന്‍ നാഗസാക്കി നഗരത്തിന് മുകളില്‍ നേരത്തേ ഉദിച്ചുയര്‍ന്നു. കൃത്യം 11.02 ന് ബോക്സ്കാര്‍ വിമാനത്തില്‍ നിന്ന് പതിച്ച ഫാറ്റ് ബോയ് എന്ന അണ്വായുധം ഒരു നഗരത്തെയാകെ വെണ്ണീറാക്കാന്‍ പോന്നതായിരുന്നു...വിളവെടുക്കാന്‍ പാകമായ നാഗസാക്കിയിലെ പാടങ്ങള്‍ ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായി.ഓടിക്കൊണ്ടിരുന്ന വാഹനങ്ങളൊക്കെയും നിശ്ചലം...2,40000 പേര്‍ തിങ്ങിപ്പാര്‍ത്ത നാഗസാക്കി നഗരം ശവപ്പറമ്പായിമാറി...45000 മുതല്‍ 75000 വരെ ആളുകള്‍ മരണമടഞ്ഞു..മരിച്ചവര്‍ എത്രയോ ഭാഗ്യമുള്ളവര്‍ എന്നോര്‍മ്മിപ്പിച്ച്  പരുക്കുകളുമായി അറുപതിനായിരത്തോളം പേര്‍..ജനിതകരോഗങ്ങളും വൈകല്യങ്ങളുമായി ഇന്നും തുടരുന്ന മുറിപ്പാടുകള്‍ വേണ്ടിവന്നു ലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കാന്‍....

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളികളല്ലാതിരുന്ന അമേരിക്കയും  ജപ്പാനും യുദ്ധത്തിലേക്കെത്തിയതിന് പിന്നിലും ഒട്ടേറെ സംഭവവികാസങ്ങളുണ്ട്. അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ തകര്‍ത്തുകൊണ്ടാണ് ജപ്പാന്‍ യുദ്ധത്തിലേക്കെത്തുന്നത്. പ്രകോപിതനായ അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് തിരിച്ചടിക്ക്  ആഹ്വാനം ചെയ്തു. കോറല്‍ സീ, മിഡ്വേ ഏറ്റുമുട്ടലുകളുമായി ജപ്പാന്‍–അമേരിക്കന്‍ സംഘര്‍ഷം തുടര്‍ന്നു..മറ്റ് രാജ്യങ്ങള്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറി തുടങ്ങിയെങ്കിലും പിന്മാറ്റത്തിന് ജപ്പാന്‍ ഒരുക്കമായിരുന്നില്ല.സര്‍വനാശമെന്ന താക്കീത് പലപ്പോഴായി നല്‍കിയ അമേരിക്ക ഒടുവില്‍ പിന്മാറ്റത്തിനായി  അതുതന്നെ ചെയ്തു.

ഹിരോഷിമ–നാഗസാക്കി ദുരന്തം മുന്നില്‍ കണ്ടിരുന്നെങ്കില്‍ 1905 ലേ ഞാന്‍ എന്റെ സമവാക്യങ്ങള്‍ കീറിയെറിയുമായിരുന്നെന്ന് പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍പറഞ്ഞു.മനുഷ്യമനസാക്ഷിക്കുമേല്‍ പതിച്ച അണ്വായുധത്തിന്റെ ഓര്‍മ്മകളിലൂടെ കടന്നുപോകുമ്പോഴും ഇനിയൊന്നുകൂടി ആവര്‍ത്തിക്കില്ല എന്ന ഉറപ്പാണ് വേണ്ടത്.