വരൾച്ചയിൽ ഡാം വറ്റി; അടിയിൽ തെളിഞ്ഞ് 3,400 വർഷം പഴക്കമുള്ള കൊട്ടാരം; അമ്പരപ്പ്

മഴ ലഭിക്കാതെയും വരൾച്ചയിലും ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം.  മൊസുളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു ഗവേഷകര്‍. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു. 

നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിന്‍റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീടി നിര്‍മ്മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. കെമുനെയില്‍ നിന്ന് ചുമര്‍ ചിത്രങ്ങള്‍ ലഭിക്കുന്നത് പുരാവസ്തു ഗവേഷണ രംഗത്തെ അൽഭുതമാണെന്നും ഗവേഷക പുല്‍ജിസ് പറഞ്ഞു. പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെയെന്നും അവര്‍ വ്യക്തമാക്കി. 

അണക്കെട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് കൊട്ടാരം അനാവരണം ചെയ്തത്. 2010ലാണ് ഇങ്ങനെയാരു കൊട്ടാരം ഉണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയത്. എന്നാൽ അന്ന് വീണ്ടും വെള്ളം നിറഞ്ഞതോടെ ഇത് അപ്രത്യക്ഷമായി. ഇപ്പോൾ വീണ്ടും പ്രത്യക്ഷമായതാണ്.