ചുട്ടുപൊള്ളുന്ന വേനലില്‍ ഏലം കൃഷി കരിഞ്ഞുണങ്ങുന്നു; ആശങ്ക

ചുട്ടുപൊള്ളുന്ന വേനലില്‍ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വില റെക്കോര്‍ഡിലെത്തി നില്‍ക്കുമ്പോഴാണ്‌ വേനൽ  കര്‍ഷകര്‍ക്ക്‌ തിരിച്ചടിയാകുന്നത്‌.  വന്‍ നഷ്‌ടമാണ്‌ നേരിടേണ്ടി വരുന്നത്‌. 

നൂറുകണക്കിനു ഹെക്‌ടര്‍ സ്‌ഥലത്തെ വിളകള്‍ വേനലില്‍ കരിഞ്ഞുണങ്ങി. ഏലത്തിനു പുറമേ കുരുമുളക്‌, കാപ്പി, വാഴ കൃഷികളും വേനലില്‍ നശികുകയാണ്‌. വിളവെടുക്കുവാന്‍ പാകമായ ഏലക്കായും ഉണങ്ങി കൊഴിഞ്ഞു വീഴുന്നു.ചൂട്‌ മൂര്‍ഛിച്ചതോടെ  തോട്ടം നനക്കാൻ മാർഗമില്ല.  കൃഷിയിടങ്ങളിൽ വെള്ളം വറ്റിയ അവസ്‌ഥയാണ്‌. ചെറുകിട ഏലം കര്‍ഷകരാണ്‌ കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്‌.

ഏലയ്‌ക്ക വില ഉയര്‍ന്നത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായിരുന്നു. എന്നാൽ വിള നശിക്കുന്നതോടെ വീണ്ടും പ്രതിസന്ധി ആണ്.  സര്‍ക്കാരിന്റെയും മറ്റും സഹായമില്ലെങ്കില്‍ മുമ്പോട്ട്‌ പോകുവാന്‍ പറ്റാത്ത സാഹചര്യമാണെന്ന്‌ കര്‍ഷകര്‍ പറയുന്നു.