വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി; കൊടുംവരള്‍ച്ചയുടെ വക്കില്‍ രാജ്യതലസ്ഥാനം

അഞ്ച് കോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന യമുന നദിയുടെ തീരത്തെ ഡല്‍ഹി നഗരം ഇന്ന് കൊടുംവരള്‍ച്ചയുടെ വക്കില്‍. കടുത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ നഗരവാസികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. എല്ലാ വീട്ടിലും വെള്ളമെത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ മാത്രം ഒതുങ്ങി.  

താപനില നാല്‍പത് ഡിഗ്രി കടന്നു. തൊണ്ട വറ്റി വരളുന്ന ചൂടാണ്. ദാഹം ശമിപ്പിക്കണമെങ്കില്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. വെള്ളത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് പുലര്‍ച്ചെ തുടങ്ങും. മുതിര്‍ന്നവരും കുട്ടികളുമടക്കം എല്ലാവരുടെയും ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. ചില ദിവസങ്ങളില്‍ വെള്ളം വരും. നിമിഷനേരം കൊണ്ടുതീരും. 

വെള്ളം ലഭിക്കാത്ത ദിവസങ്ങളില്‍ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് മുടങ്ങും. ഭക്ഷണമുണ്ടാക്കാന്‍ പണം കൊടുത്ത് വെള്ളം വാങ്ങും. ജലക്ഷാമം പരിഹരിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പായില്ലെന്നാണ് പരാതി.