വേനൽ കനത്തു; വറ്റിവരണ്ട് ചുട്ടുപൊള്ളി വയനാട്

പ്രളയകാലത്ത് മാസങ്ങളോളം നിറഞ്ഞുകവിഞ്ഞ് വയനാടിന് ദുരിതം വിതച്ച് ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ജലസംഭരണ ഭാഗങ്ങളും ഏഴ്  മാസങ്ങള്‍ക്ക് ശേഷം വറ്റിവരളുന്നു. ഡാമിന്റെ സംഭരണ ശേഷിയുടെ മുപ്പത്തിയെട്ട് ശതമാനം െവള്ളമാണ് ഇപ്പോള്‍ ഉള്ളത്. വരള്‍ച്ച രൂക്ഷമാകുമെന്നതിന്റെ സൂചന കൂടിയാണിതെന്നാണ് വിലയിരുത്തല്‍. വേനല്‍ കടുക്കുന്നതിന് മുമ്പ് തന്നെ വയനാട് ജില്ലയുടെ പലഭാഗങ്ങളും ചുട്ടുപൊള്ളുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ശരാശരി 766 മീറ്ററായിരുന്നു സമുദ്രനിരപ്പില്‍ നിന്നുള്ള ഡാമിലെ വെള്ളത്തിന്റെ അളവ്. ഇത്തവണ നാല് മീറ്ററോളം കുറവാണ് രേഖപ്പെടുത്തുന്നത്. എണ്‍പത്തി ഒന്ന് മില്യണ്‍ മീരര്‍ ക്യൂബാണ് നിലവില്‍ വെള്ളത്തിന്റെ അളവ്.  അതായത് ആകെയുള്ള സംഭരണ ശേഷിയുടെ മുപ്പത്തിയെട്ട് ശതമാനം മാത്രം. 2017 നേക്കാള്‍ നാലിരട്ടി മഴ കഴിഞ്ഞ വര്‍ഷം വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ചിരുന്നു എന്നും ഒാര്‍ക്കണം. വേനല്‍ കടുക്കുന്നതോടെ വെള്ളത്തിന്റെ അളവ് ഇനിയും കുറയും. 

ഡാമിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. പടിഞ്ഞാറത്തറ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നിശ്ചിത അളവ് വെള്ളം തുറന്നുകൊടുക്കാന്‍ ജില്ലാ ഭരണകൂടം ഡാം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയുടെ മറ്റ് ഭാഗങ്ങഴിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 32 ഡിഗ്രിയാണ് ശരാശരി ചൂട്. പകല്‍ സമയം പലപ്പോഴും ജോലി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഫെബ്രുവരി മാസത്തില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. താപനില ഇങ്ങനെ തുടര്‍ന്നാല്‍ കാര്‍ഷകമേഖലയേയും സാരമായി ബാധിക്കും.