ഐ ഫോൺ ഉപയോഗിച്ചു; സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി പിഴ

ചാനൽ ചർച്ചക്കിടെ ഐഫോൺ ഉപയോഗിച്ച സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി രൂപ പിഴ. സാംസങ്ങിന്റെ റഷ്യൻ ബ്രാൻഡ് അംബാസിഡറായ ക്സീന സോബ്ചാകിക്കാണ് സാംസങ്ങ് പിഴ ചുമത്തിയത്. പൊതുചടങ്ങുകളിലും ടെലിവിഷൻ പരിപാടികളിലും സാംസങ്ങ് ഗ്യാലക്സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു സാംസങ്ങുമായി സോബ്ചാകിന്റെ കരാർ. 

എന്നാൽ ഈയിടെ നടന്ന ചാനൽ ചർച്ചയിൽ ഇവർ ഐഫോൺ ഉപയോഗിച്ചു എന്ന് സാമൂഹ്യ മാധ്യമങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാംസങ്ങ് ഇവർക്ക് പിഴ ചുമത്തിയത്. ടിവി ചർച്ചക്കിടെ ഐഫോൺ എക്സ് ഉപയോഗിച്ച സോബ്ചാക്കി സംഭവം പുറത്തറിയാതിരിക്കാൻ പേപ്പർ ഉപയോഗിച്ച് ഫോൺ മറച്ച് പിടിച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകയും, ടിവി അവതാരകയുമാണ് ക്സീന.