ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോണുകള്‍ക്ക് വന്‍ ഇളവ്; നിരക്കുകൾ അറിയാം

ഐ ഫോണുകളുടെ വില കേട്ട് പിന്തിരിയേണ്ട. ആമസോണിലും ഫ്ലിപ്കാർട്ടിലും പ്രത്യേക ആദായവിൽപനയിൽ ഐഫോണുകൾക്ക് വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഐഫോണ്‍ എക്‌സ്ആറിന് ഇതിനു മുൻപ് നൽകാത്തത്ര ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എക്‌സ്ആര്‍ തുടക്ക വേരിയന്റിന് (64ജിബി) 32,999 രൂപയാണ് ആമസോണിലെ വില. അതേസമയം, ഫോണിന്റെ 128 ജിബി വേരിയന്റിന് 37,999 രൂപ നല്‍കണം. ഐഫോണ്‍ 11ന്റ തുടക്ക വേരിയന്റിന് ഇപ്പോഴത്തെ വില 38,999 രൂപയാണ്. മറ്റു ഐഫോണുകള്‍ക്കും ഡീലുകള്‍ ഉണ്ട്. ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 128 ജിബി വേര്‍ഷന് 1,09,999 രൂപയാണ് വില. 12 പ്രോ മാക്‌സിന്റെ 256 ജിബി വേര്‍ഷന് 1,23,405 രൂപയുമാണ് വില. 

ഐഫോണ്‍ 12 പ്രോ തുടക്ക വേരിയന്റിന് 99,900 രൂപയാണ് ഓഫര്‍ വില. ഐഫോണ്‍ 12 64ജിബി വേര്‍ഷന് 65,900 രൂപ നൽകണം. ഐഫോണ്‍ 12 മിനി 59,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഫോണ്‍ 11 പ്രോ 64ജിബി വേരിയന്റിന് 89,899 രൂപയാണ് ഇപ്പോഴത്തെ വില. മറ്റൊരു മികച്ച ഡീല്‍ എയര്‍പോഡ്‌സ് പ്രോ വയര്‍ലെസ് ഇയര്‍ഫോണിനാണ്. എംആര്‍പി 2,500 വരുന്ന ഇയര്‍ഫോണിന് 1,690 രൂപയാണ് വില.

ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ എസ്ഇക്ക് 26,999 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ കാര്യമായ വിലക്കുറവുള്ള ഏക ഐഫോണ്‍ മോഡല്‍ എസ്ഇ2020യാണ്. തുടക്ക വേരിയന്റ് 26,999 രൂപയ്ക്ക് വാങ്ങാം. ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് 1,500 രൂപ വരെ പുറമെ കിഴിവു നേടാം. എക്‌സ്‌ചേഞ്ച് വഴി 15,800 രൂപ വരെയും നേടാം.