70,900 രൂപയുടെ ഐഫോൺ ഓർഡർ ചെയ്തു; കിട്ടിയത് അലക്കു സോപ്പും നാണയവും

ഓൺലൈൻ വഴി ഓർഡർ ചെയ്ത 70,900 രൂപയുടെ ഐ ഫോൺ 12നു പകരം ആലുവ സ്വദേശി നൂറുൽ അമീനു ലഭിച്ചത് അലക്കു സോപ്പും 5 രൂപ നാണയവും. ഇക്കഴിഞ്ഞ 12നാണ് നൂറുൽ അമീൻ ക്രെഡിറ്റ് കാർഡ് മുഖേന ഫോൺ ഓർഡർ ചെയ്തത്. പ്രമുഖ ഓൺലൈൻ സ്റ്റോറിന്റെ ഹൈദരാബാദിലെ വിൽപനക്കാരാണു ഫോൺ അയച്ചത്. ഇങ്ങോട്ടു വരുന്നതിനിടെ ഫോൺ ഒരു ദിവസം സേലത്ത് ഉണ്ടായിരുന്നതായി ഓൺലൈനിൽ രേഖപ്പെടുത്തിയിരുന്നു. അതിൽ സംശയം തോന്നിയതിനാൽ ഡെലിവറി ബോയിയുടെ മുൻപിൽ വച്ചാണു പെട്ടി തുറന്നത്.

അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. ഫോണിന്റെ തൂക്കം വരുന്ന സാധനങ്ങൾ പെട്ടിയിൽ കുലുങ്ങാത്ത വിധത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു. ഓൺലൈനിലൂടെ ഇടയ്ക്കിടെ സാധനങ്ങൾ വാങ്ങുന്നയാളാണു നൂറുൽ അമീൻ. സാധാരണ നിലയിൽ തെലങ്കാനയിൽ നിന്ന് അയയ്ക്കുന്ന സാധനങ്ങൾ 2 ദിവസത്തിനകം കൊച്ചിയിൽ എത്തും. ഇത്തവണ 3 ദിവസം കഴിഞ്ഞാണു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ കെയറിലും പൊലീസിന്റെ സൈബർ സെല്ലിലും പരാതി നൽകി.

ഫോൺ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ അ‌ൺബോക്സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ 12നാണ് നൂറുൽ അ‌മീൻ ഐഫോൺ 12 ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ. ആയി ഓർഡർ ചെയ്യുന്നത്. അ‌പ്പാരിയോയിൽ നിന്നാണ് ഫോൺ വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഡെസ്പാച്ച് ആയ ഫോൺ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതിൽ സംശയം തോന്നിയതിനാലാണ് ഫോൺ ഡെലിവറി ബോയുടെ മുന്നിൽ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുൽ അ‌മീൻ പറയുന്നു.