ബലൂണില്‍ ബഹിരാകാശത്തേക്ക് യാത്ര; ബാര്‍, വൈഫൈ സൗകര്യങ്ങളും

Space Perspective

ഒരു ബലൂണിലെ ആഡംബര ക്യാബിനിലിരുന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്യാം. സ്പേസ് പെഴ്സ്പെക്ടീവ് എന്ന കമ്പനിയുടെ സ്പേസ് ഷിപ്പ് നെപ്ട്യൂണ്‍ എന്ന കൂറ്റന്‍ ബലൂണിലാണ് ഈ സഞ്ചാരം സാധ്യമാകുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം 100,000 അടി വരെ ഉയരത്തില്‍ സഞ്ചരിക്കുന്ന ഈ സ്പേസ് കാപ്സ്യൂളില്‍ ഒരേ സമയം എട്ട് യാത്രക്കാര്‍ക്കാണ് യാത്ര ചെയ്യാനാകുന്നത്. 6 മണിക്കൂറാണ് യാത്ര. ബാറും, റിക്ലൈനിംഗ് ചെയറുകളും ഉള്‍പ്പടെ സൗകര്യങ്ങളും നിരവധിയാണ്. ഈ ആഡംബര സ്പേസ് ലോഞ്ചിന്‍റെ പുതിയ ചിത്രങ്ങളും പുറത്തുവന്നു. 

1.5 മീറ്റര്‍ നീളത്തില്‍ ജനാലകള്‍, ചാരിയിരിക്കാവുന്ന സീറ്റുകള്‍, മൂഡ് ലൈറ്റിങ്, ബാര്‍, വൈഫൈ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.  വൈഫൈ കണക്ഷനുള്ളതിനാല്‍ തന്നെ യാത്രക്കാർക്ക് അവരുടെ അനുഭവം വീട്ടിലിരിക്കുന്നവര്‍ക്കായി തത്സമയം സ്ട്രീം ചെയ്യാൻ കഴിയും. കൂടാതെ എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുന്ന ഓൺ-ബോർഡ് ക്യാമറകളും ഉണ്ടായിരിക്കും. സാറ്റലൈറ്റ് ഇമേജറിയും 360-ഡിഗ്രി ക്യാമറയും ദൃശ്യങ്ങളുടെ സൂം ഇൻ സൂം ഔട്ടും സാധ്യമാക്കും.‌‌

നിലവിലെ കെമേഴ്ഷ്യല്‍ വിമാനങ്ങള്‍ പറക്കുന്ന ഉയരത്തെക്കാള്‍ മുകളിലൂടെയാകും ഈ കാപ്സ്യൂള്‍ സഞ്ചരിക്കുന്നത്. രണ്ട് മണിക്കൂർ മുകളിലേക്കും രണ്ട് മണിക്കൂർ ഗ്ലൈഡിംഗിനും രണ്ട് മണിക്കൂർ താഴേയ്ക്കും കണക്കാക്കി 6 മണിക്കൂര്‍ ആയിരിക്കും സഞ്ചാരം. സ്പേസ് ഷിപ്പ് നെപ്ട്യൂണ്‍ കാർബൺ-ന്യൂട്രൽ, സീറോ-എമിഷൻ മാർഗമാണെന്നതും മറ്റൊരു പ്രത്യേകതയാണ്. റോക്കറ്റ് ഇന്ധനങ്ങൾക്ക് പകരം അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത തരത്തിലുള്ള ഹരിത ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണത്തെ വിട്ടുപോകാത്തതിനാൽ തന്നെ യാത്രക്കാര്‍ക്ക് വിദഗ്ധ പരിശീലനവും ആവശ്യമില്ല. മാത്രമല്ല, കാപ്സ്യൂളിനകത്ത് യാത്രക്കാര്‍ക്ക് ചുറ്റും നടക്കാനുള്ള സൗകര്യമുണ്ട്. ബോർഡിംഗ് പ്രക്രിയ സാധാരണ വിമാനയാത്രയുടെ പോലെ തന്നെ ലളിതമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

2024 അവസാനത്തോടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും 8 സഞ്ചാരികളുടെ ഗ്രൂപ്പുകള്‍ ബലൂണിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത് തുടങ്ങും. ഇതിനോടകം തന്നെ 900 ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഒരു ടിക്കറ്റിന് 125,000 ഡോള‍ര്‍, ഏകദേശം 99 ലക്ഷം രൂപ വില വരും. 2025ലെ യാത്രകള്‍ക്കും ബുക്കിംഗുകൾ തുടങ്ങിയതായി സ്പേസ് പെഴ്സ്പെക്ടീവ് പറയുന്നു.