എന്തൊരു സ്പീഡാ....; ഇന്‍റര്‍നെറ്റ് വേഗതയിൽ റെക്കോര്‍ഡിട്ട് ജപ്പാന്‍

ഇന്‍റര്‍നെറ്റ് എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു . കോവിഡ് മഹാമാരി കാരണം പഠനവും ജോലിയുമെല്ലാം ഓണ്‍ലൈനായാണ് നടക്കുന്നത്. ഇതിനായി നമ്മള്‍ ആശ്രയിക്കുന്നത് ഇന്‍റര്‍നെറ്റിനേയും. സ്മാര്‍ട്ട് ഫോണിലോ അല്ലെങ്കില്‍ വീട്ടിലോ നെറ്റ് ഇല്ലാത്തവര്‍ നമുക്കിടയില്‍ വളരെ ചുരുക്കമാണ്. വിഡിയോ  കാണാനും മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍  ഓണ്‍ലൈനില്‍ കളിക്കാനുമുള്ള ഇന്‍റര്‍നെറ്റ് ലഭിച്ചാല്‍ തന്നെ നമ്മള്‍ സന്തുഷ്ടരാണ്.

എന്നാല്‍ ഇന്‍റര്‍നെറ്റ് സ്പീഡില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ജപ്പാന്‍. സെക്കന്‍ഡില്‍ 319 ടെറാബൈറ്റ് മൂവായിരം കിലോമീറ്റിലേക്ക് അയച്ചാണ് ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയിലെ ഗവേഷകര്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 178 ടിബിപിഎസ്  പെര്‍ സെക്കന്‍ഡായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്. സാധാരണ ചെമ്പ് കേബിളുകള്‍ക്ക് പകരം വെളിച്ചം ഉപയോഗിച്ച്  ഡേറ്റ വഹിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍  ഉപയോഗിച്ചായിരുന്നു പരീക്ഷണം ഒരു ടെറാബൈറ്റ് എന്നാല്‍ 1000 ഗിഗാബൈറ്റ് ആണ്. ഒരു ഗിഗാ ബൈറ്റ് എന്നാല്‍ 1024 മെഗാബൈറ്റും. നിലവില്‍   ലോകത്തിലെ ഇന്‍റര്‍നെറ്റുകളെല്ലാം എംബിപിഎസിലാണ് സ്പീഡ് കണക്കാക്കുന്നത്. 2021ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ  ഫിക്സ്ഡ് ബ്രോഡ്ബാന്‍ഡിന്റെ  ഡൗണ്‍ലോ‍ഡ് സ്പീഡ്  54.73 എംബിപിഎസും മൊബൈല്‍ ബ്രോഡ്ബാന്‍ഡിന്റേത് 12.41 എംബിപിഎസുമാണ് . അതായത്  ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് സ്പീഡിന്റെ എത്രയോ  ഇരട്ടിയാണ് പുതിയ റെക്കോ‌ര്‍ഡ്.

ലോകത്തെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് യുഎഇയിലെ 183.03 എംബിപിഎസ് ആണ്. ഫിക്സ്ഡ്  ലാന്‍ഡ് ലൈനിലേത് സിംഗപ്പൂരിലെ 247.54 എംബിപിഎസും. പഴയ റെക്കോര്‍ഡായ 178 ടെഗാബൈറ്റില്‍ നെറ്റ്ഫ്ലിക്സ് മുഴുവനായും ഒരു സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. നിരീക്ഷകരുടെ കണക്കുപ്രകാരം 319 ടിബിപിഎസ്  എന്നാല്‍ 57,000 മുഴുനീള സിനിമകള്‍ ഒരു സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. സ്പോട്ടിഫൈയുടെ മുഴുവന്‍ ലൈബ്രറി ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യമുളളത് മൂന്നു സെക്കന്‍ഡ് മാത്രം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സിസ്റ്റം  പ്രവര്‍ത്തിക്കുന്നത് 400 ജിഗാബൈറ്റിലാണ്.