ഇന്‍റര്‍നെറ്റ് കോളുകള്‍ക്കും വ്യവസ്ഥ; വിളിക്കുന്നയാളുടെ വിശദാംശങ്ങള്‍ അറിയാം

ഇന്‍റര്‍നെറ്റ് കോളുകള്‍ക്കും കര്‍ശനവ്യവസ്ഥകള്‍ വരുന്നു. വിളിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. വാര്‍ത്താവിനിമയമന്ത്രാലയം പുറത്തിറക്കിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്‍റെ കരടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ സുപ്രധാന വ്യവസ്ഥകളാണുള്ളത്. സാമ്പത്തികത്തട്ടിപ്പും ഭീഷണിയും ലക്ഷ്യമിട്ടുള്ള ഫോണ്‍ കോളുകള്‍ തടയാനും കരട് ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്. 

ആരാണ് വിളിക്കുന്നത് എന്നറിയാന്‍ ഫോണ്‍ കോള്‍ സ്വീകരിക്കുന്നവര്‍ക്ക് അധികാരമുണ്ടെന്ന് കരട് ബില്‍ പറയുന്നു. ബാങ്കുകളുടെ പേരില്‍ വരുന്ന സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ടുള്ള കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍ എന്നിവ തടയാന്‍ വ്യവസ്ഥകളുണ്ട്. കണക്ഷന്‍ ലഭിക്കാന്‍ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ കൃത്യമായി നല്‍കണം. അനാവശ്യ മെസേജുകള്‍ തടയാം. വിളിക്കുന്നത് ആരാണെന്ന് കൃത്യമായി അറിയാന്‍ കഴിയില്ലെന്നത് മറയാക്കി ഇന്‍റര്‍നെറ്റ് കോളുകള്‍ വഴി തട്ടിപ്പും കുറ്റകൃത്യങ്ങളും വ്യാപകമായി നടക്കുന്നു. ഇത് തടയാന്‍ കോള്‍ ചെയ്യുന്നത് ആരാണെന്ന വിശദാംശങ്ങളും അറിയാന്‍ കഴിയും. ക്രമസമാധാനപാലത്തിന്‍റെ ഭാഗമായി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ കൃത്യമായ വ്യവസ്ഥയുണ്ടാകും. ഇന്‍റര്‍നെറ്റ് കോളിങ് സൗകര്യം നല്‍കുന്ന വാട്സാപ്, സൂം, ഗൂഗിള്‍ മീറ്റ്, സിഗ്നല്‍, ടെലിഗ്രാം അടക്കമുള്ള ആപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ് വേണ്ടിവരും. ടെലികോം സേവനങ്ങളുടെ നിര്‍വചനത്തില്‍ ഒടിടി സേവനങ്ങളെയും ഉള്‍പ്പെടുത്തി. സേവനദാതാക്കളുടെ ലൈസന്‍സിങ് നടപടികള്‍ ലഘൂകരിക്കും. സ്പെക്ട്രം വില്‍പന ലേലത്തിലൂടെ മാത്രമെന്നത് നിയമപരമായി കര്‍ശമാകും. തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സംവിധാനം. തുടങ്ങിയവ കരടില്‍ ബില്ലിലുണ്ട്. നിലവിലെ നിയമങ്ങളെ കാലോചിതമായി പരിഷ്ക്കരിക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട്  ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന് പിന്നാലെ ഡേറ്റ സുരക്ഷബില്ലും ഡിജിറ്റല്‍ ഇന്ത്യ ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും.